സി.പി.എം. സംസ്‌ഥാന സമ്മേളനത്തിനായി എറണാകുളം ചുവക്കുമ്പോള്‍ ആവേശമേകാന്‍ പാട്ടൊരുങ്ങുന്നത്‌ കുന്നംകുളത്ത്‌

0

കുന്നംകുളം: സി.പി.എം. സംസ്‌ഥാന സമ്മേളനത്തിനായി എറണാകുളം ചുവക്കുമ്പോള്‍ ആവേശമേകാന്‍ പാട്ടൊരുങ്ങുന്നത്‌ കുന്നംകുളത്ത്‌. ഗാനരചയിതാവും കവിയുമായ ഹരി നാരായണനാണു സംസ്‌ഥാന സമ്മേളനത്തിനുള്ള ഒൗദ്യോഗിക ഗാനം എഴുതിയത്‌.
തൃശൂര്‍ ജില്ലക്കാരനായ രാം സുന്ദര്‍ ഈണംപകര്‍ന്ന ഗാനം മധു ബാലകൃഷ്‌ണനാണ്‌ ആലപിക്കുന്നത്‌. ആറു മിനിറ്റുള്ള ഗാനം ഓഡിയോ, വീഡിയോ എന്നിങ്ങനെയാണു പുറത്തിറക്കുക.
സംസ്‌ഥാന സമ്മേളനത്തിനായി ഒരുഗാനം മാത്രമാണ്‌ സി.പി.എം. ഔദ്യോഗികമായി പുറത്തിറക്കുന്നത്‌. എറണാകുളത്തു റെക്കോഡിങ്‌ പൂര്‍ത്തിയാക്കിയശേഷം കഴിഞ്ഞ ദിവസം പാട്ട്‌ സി.പി.എം. സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനെ കേള്‍പ്പിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെയും സംസ്‌ഥാന സമ്മേളനത്തിന്റെ ചുമതലയുള്ള മന്ത്രി പി. രാജീവിനെയും കേള്‍പ്പിച്ചശേഷം പാട്ട്‌ ഔദ്യോഗികമായി പുറത്തിറക്കും. സി.പി.എമ്മിന്റെ വിവിധ പരിപാടികളില്‍നിന്നുള്ള ദൃശ്യങ്ങള്‍ പാട്ടിനൊപ്പമുള്ള വീഡിയോയില്‍ ഉള്‍പ്പെടുത്തും. കുന്നംകുളം പഴഞ്ഞി സ്വദേശിയായ ഷാജു സൈമനാണ്‌ നിര്‍മാണം.
പുതുതലമുറയില്‍ ആവേശമുണര്‍ത്തുന്ന രീതിയിലാണു പാട്ടൊരുക്കിയതെന്ന്‌ അണിയറക്കാര്‍ പറഞ്ഞു. സംസ്‌ഥാന സമ്മേളനം നടക്കുന്ന എറണാകുളത്ത്‌ ഈയാഴ്‌ചതന്നെ ഗാനം പുറത്തിറക്കും.

Leave a Reply