അടിമുടിമാറി വാട്സ്ആപ്പ്; ഉപയോക്താക്കള്‍ കാത്തിരുന്ന റിയാക്ഷൻ ബട്ടണടക്കമുള്ള ഫീച്ചറുകളെത്തി

0

നീണ്ടകാലത്തെ പരീക്ഷണങ്ങള്‍ക്കൊടുവില്‍ ഉപയോക്താക്കള്‍ കാത്തിരുന്ന ഫീച്ചറുകളുമായി ജനപ്രിയ ഇൻസ്റ്റന്റ് മെസേജിങ് പ്ലാറ്റ്‌ഫോമായ വാട്സ്ആപ്പ്. പ്രമുഖ മെസേജിങ് പ്ലാറ്റ്ഫോമുകളായ ടെലഗ്രാം, ഇന്‍സ്റ്റഗ്രാം, ഐമെസേജ് എന്നിവയിലെന്നപോലെ മെസ്സേജ് റിയാക്ഷൻ ഫീച്ചറാണ് ഇതില്‍ പ്രധാനം. ഇനി വാട്സ്ആപ്പ് മസേജുകള്‍ക്കും ഇമോജി ഉപയോഗിച്ച് പ്രതികരിക്കാം. സന്ദേശങ്ങളിൽ ലോങ് പ്രസ് ചെയ്യുമ്പോൾ, മുകളിലായി മെസ്സേജ് റിയാക്ഷനുകൾ പ്രത്യക്ഷപ്പെടുന്ന വിധത്തിലാണ് ഫീച്ചർ ഒരുക്കിയിരിക്കുന്നത്.

ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് ഇക്കാര്യം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ആറ് ഇമോജി റിയാക്ഷനുകളാണ് വാട്സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ലൈക്ക്, ലവ്, സര്‍പ്രൈസ്, ചിരി, സങ്കടം, നന്ദി എന്നിവയാണവ. ഇത് മാറ്റാന്‍ സാധിക്കില്ല. പതിയെ കൂടുതല്‍ ഇമോജികള്‍ ലഭ്യമാക്കും.

രണ്ട് ജിബി വരെയുള്ള ഫയലുകൾ അയക്കാം

വാട്സ്ആപ്പിന്റെ ഏറ്റവും വലിയ പോരായ്മയായിരുന്നു വലിയ ഫയലുകൾ ഷെയർ ചെയ്യാൻ കഴിയുന്നില്ല എന്നത്. പരമാവധി 100 എംബി വരെയുള്ള ഫയലുകൾ മാത്രമായിരുന്നു ഡോക്യുമെന്‍റ് രൂപത്തില്‍ പങ്കുവെക്കാന്‍ കഴിഞ്ഞിരുന്നത്. മറ്റ് ആപ്ലിക്കേഷനുകളും പ്ലാറ്റ്ഫോമുകളും ഉപയോഗിച്ചായിരുന്നു ഉപയോക്താക്കള്‍ ഈ പ്രശ്നത്തിന് പലപ്പോഴും പരിഹാരം കണ്ടത്. എന്നാല്‍, ഇനി മുതല്‍ വലിയ ഫയലുകള്‍ അയക്കാന്‍ ബുദ്ധിമുട്ടേണ്ട.

സൈസ് കൂടിയ ഫയലുകളും ഇനി വാട്സ്ആപ്പ് വഴി കൈമാറാൻ സാധിക്കും. രണ്ട് ജിബി വരെയുള്ള ഫയലുകളാണ് ഇത്തരത്തില്‍ വാട്സ്ആപ്പ് വഴി കൈമാറാൻ കഴിയുക. ഫയലുകൾക്ക് എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ സുരക്ഷയുമുണ്ടായിരിക്കും. ഒരു ഫയൽ പങ്കിടുന്നതിന് എത്ര സമയമെടുക്കുമെന്ന് ഉപയോക്താക്കളെ അറിയിക്കുന്ന ഒരു കൗണ്ടറും വാട്സ്ആപ്പിൽ കാണാൻ കഴിയും.

ഗ്രൂപ്പുകളില്‍ ഇനി ഇരട്ടി അംഗങ്ങളെ ചേര്‍ക്കാം

വാട്സാപ്പ് ഗ്രൂപ്പുകളിൽ ഇതുവരെ ചേർക്കാൻ കഴിഞ്ഞിരുന്ന പരമാവധി മെമ്പർമാരുടെ എണ്ണം 256 ആയിരുന്നു. എന്നാൽ, ഇനിമുതൽ അതിന്റെ ഇരട്ടിയായ 512 പേരെ ഗ്രൂപ്പുകളിൽ ചേർക്കാം. ഈ ഫീച്ചര്‍ പണിപ്പുരയിൽ തയ്യാറാകുകയാണെന്നും വാട്സ്ആപ്പ് അറിയിച്ചിട്ടുണ്ട്. വാട്സ്ആപ്പ് കമ്യൂണിറ്റി ഫീച്ചർ വരാനിരിക്കെ ഈ സൗകര്യം ഏറെ പ്രയോജനകരമാകും.

ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്ക് സന്ദേശങ്ങള്‍ നിയന്ത്രിക്കാം

അംഗങ്ങളുടെ സന്ദേശങ്ങൾ നിയന്ത്രിക്കാനായി ഗ്രൂപ്പ് അഡ്മിൻമാരെ സഹായിക്കുന്ന ഫീച്ചറും വാട്സ്ആപ്പ് അവതരിപ്പിക്കും. വ്യാജവാർത്തകൾ തടയുകയാണ് ഇതിന്‍റെ പ്രധാന ലക്ഷ്യം. ഗ്രൂപ്പിലെ അംഗങ്ങൾ അയക്കുന്ന സന്ദേശങ്ങൾ അഡ്മിൻമാർക്ക് മായ്ച്ച് കളയാൻ സാധിക്കുന്ന ബീറ്റ ഫീച്ചർ കഴിഞ്ഞ ഡിസംബറില്‍ വാട്‌സ്ആപ്പ് അവതരിപ്പിച്ചിരുന്നു. ഡിലീറ്റ് ഫോർ എവരിവൺ എന്ന ഓപ്ഷന് സമാനമാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here