ബ്രിഡ്ജ്ടൗണ്‍: ഇംഗ്ലണ്ടിനെതിരായ ട്വന്റി20 ക്രിക്കറ്റ് പരമ്പരയിലെ അഞ്ചാമത്തേതും അവസാനത്തേതുമായ മത്സരത്തില്‍ വെസ്റ്റിന്‍ഡീസിന് 17 റണ്‍ ജയം. പേസര്‍ ജാസണ്‍ ഹോള്‍ഡറിന്റെ ഹാട്രിക്കാണു മത്സരത്തിന്റെ സവിശേഷത.
രാജ്യാന്തര ട്വന്റി20 യില്‍ ഹാട്രിക്ക് വിക്കറ്റെടുക്കുന്ന ആദ്യ വിന്‍ഡീസ് പുരുഷ താരമാണു ഹോള്‍ഡര്‍. മത്സരത്തിന്റെ അവസാന ഓവറില്‍ ഹോള്‍ഡര്‍ തുടര്‍ച്ചയായി നാലു വിക്കറ്റെടുത്തു. ഓവറില്‍ 20 റണ്ണായിരുന്നു ഇംഗ്ലണ്ടിനു ജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ പന്ത് നോബോളായി. അടുത്ത പന്ത് അതിര്‍ത്തി കടത്താനുള്ള ക്രിസ് ജോര്‍ദാന്‍ (പത്ത് പന്തില്‍ ഏഴ്) ശ്രമം പകരക്കാരന് ഫീല്‍ഡര്‍ ഹെയ്ഡന് വാല്‍ഷ് ജൂനിയറിന്റെ കൈയില്‍ അവസാനിച്ചു. വിക്കറ്റ് കീപ്പര്‍ സാം ബില്ലിങ്സിനെയും (28 പന്തില്‍ രണ്ട് സിക്സറും ഒരു ഫോറുമടക്കം 41) ഹോള്‍ഡര്‍ സമാനമായി ഹെയ്ഡന് വാല്‍ഷിന്റെ കൈയിലെത്തിച്ചു. മൂന്നാമത്തെ ഇര ആദില്‍ റഷീദായിരുന്നു. നേരിട്ട ആദ്യ പന്ത് തന്നെ ഉയര്‍ത്തിയടിച്ച റഷീദിനെ സ്ക്വയര്‍ ലെഗില്‍ ഒഡീന്‍ സ്മിത്ത് പിടികൂടി. അതോടെ വിന്‍ഡീസ് താരത്തിന്റെ ഹാട്രിക്ക് പൂര്‍ത്തിയായി. യോര്‍ക്കര്‍ ലെങ്തില്‍ എത്തിയ അഞ്ചാമത്തെ പന്ത് സാഖ്വിബ് മഹമൂദിന്റെ സ്റ്റമ്പ് തെറുപ്പിച്ചു. അതോടെ വിന്‍ഡീസിന് ജയവും പരമ്പരയും സ്വന്തമായി. 3-2 നാണ് അവര്‍ പരമ്പര നേടിയത്. 2.5 ഓവറില്‍ 27 റണ്‍ വഴങ്ങിയ ഹോള്‍ഡര്‍ ആകെ അഞ്ച് വിക്കറ്റെടുത്തു. ട്വന്റി20 യില്‍ ഹോള്‍ഡറിന്റെ മികച്ച ബൗളിങ് കൂടിയാണിത്.
പരമ്പരയിലെയും മത്സരത്തിലെയും താരവും വിന്‍ഡീസ് മുന്‍ നായകനാണ്. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസ് നാല് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്ണെടുത്തു. ഓപ്പണര്‍മാരായ ബ്രണ്ടന്‍ കിങ് (31 പന്തില്‍ രണ്ട് സിക്സറും രണ്ട് ഫോറുമടക്കം 34), കെയ്ല്‍ മായേഴ്സ് (19 പന്തില്‍ രണ്ട് സിക്സറും മൂന്ന് ഫോറുമടക്കം 31), നായകന് കെയ്റോണ്‍ പൊള്ളാഡ് (25 പന്തില്‍ രണ്ട് സിക്സറും ഒരു ഫോറുമടക്കം പുറത്താകാതെ 41), റോവ്മാന്‍ പവല്‍ (17 പന്തില്‍ നാല് സിക്സറും ഒരു ഫോറുമടക്കം പുറത്താകാതെ 35) എന്നിവര്‍ മികച്ച ബാറ്റിങ് പുറത്തെടുത്തു. ഇംഗ്ലണ്ടിനുവേണ്ടി സ്പിന്നര്‍മാരായ ആദില്‍ റഷീദും ലിയാം ലിവിങ്സേ്റ്റാണും രണ്ടു വിക്കറ്റ് വീതമെടുത്തു. മറുപടി ബാറ്റിങ്ങില്‍ ജെയിംസ് വിന്‍സ് (35 പന്തില്‍ ഒരു സിക്സറും ഏഴ് ഫോറുമടക്കം 55), സാം ബില്ലിങ്സ് (41) എന്നിവര്‍ മാത്രമാണ് ഇംഗ്ലണ്ടിനു വേണ്ടി തിളങ്ങിയത്. ഓപ്പണര്‍ ടോം ബാന്റണ് (16), നായകന് മോയീന്‍ അലി (14) എന്നിവരാണു രണ്ടക്കം കടന്ന മറ്റു ബാറ്റര്‍മാര്‍. വിന്‍ഡീസിനായി അകീല്‍ ഹുസൈന് നാല് വിക്കറ്റും ഒഡീന്‍ സ്മിത്ത് ഒരു വിക്കറ്റുമെടുത്തു.
അനീസാ മുഹമ്മദാണു വിന്‍ഡീസിനു വേണ്ടി ട്വന്റി20 യില്‍ ഹാട്രിക്കെടുക്കുന്ന ആദ്യ താരം. 2018 ല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരേ നടന്ന മത്സരത്തിലായിരുന്നു അനീസയുടെ ഹാട്രിക്ക് പ്രകടനം. ഓള്‍റൗണ്ടര്‍ സ്റ്റെഫാനി ടെയ്ലറും ഹാട്രിക്കെടുത്തു. പാകിസ്താനെതിരേയായിരുന്നു ടെയ്ലറിന്റെ പ്രകടനം.