മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ്‌ 142 അടിയില്‍ തുടരുന്നു

0

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ്‌ 142 അടിയില്‍ തുടരുന്നു. ഇന്നലെ പല തവണ ജലനിരപ്പ്‌ 142 അടിയിലും 141.95 അടിയായും നിലനിര്‍ത്തിയാണ്‌ സ്‌പില്‍വേ ഷട്ടറില്‍ കൂടി ജലം ഒഴുക്കിയത്‌. തമിഴ്‌നാട്‌ പെന്‍സ്‌റ്റോക്ക്‌ വഴി കൊണ്ടുപോകുന്ന വെള്ളത്തിന്റെ തോതും കുറച്ചു. ഒരു സ്‌പില്‍വേ ഷട്ടര്‍ 10 സെന്റി മീറ്റര്‍ ഉയര്‍ത്തി ജലം പുറത്തേക്ക്‌ ഒഴുക്കുന്നുണ്ട്‌. ഇതില്‍ കൂടി സെക്കന്‍ഡില്‍ 144 ഘനയടി ജലമാണ്‌ ഒഴുകുന്നത്‌. തമിഴ്‌നാട്‌ കൊണ്ടുപോകുന്നത്‌ 1,867 ഘനയടി വീതം ജലമാണ്‌.
അണക്കെട്ടിലേക്കുള്ള നീരൊഴുക്കിന്റെ തോത്‌ കുറഞ്ഞെങ്കിലും ജലനിരപ്പ്‌ 142 അടിയില്‍ തന്നെയാണ്‌ നില്‍ക്കുന്നത്‌. തമിഴ്‌നാട്ടിലെ സംഭരണികള്‍ ജലസമൃദ്ധമായിരുന്നപ്പോള്‍ 2300 ഘനയടി വീതം ജലം തമിഴ്‌നാട്‌ കൊണ്ടുപോകുന്നുണ്ടായിരുന്നു. രണ്ടു ദിവസം മുമ്പ്‌ വരെ ഇത്‌ തുടര്‍ന്നിരുന്നു. ജലനിരപ്പ്‌ 142 അടിയില്‍ നിയന്ത്രിച്ച്‌ നിര്‍ത്തുന്നതിനാണ്‌ തമിഴ്‌നാട്‌ കൊണ്ടുപോകുന്ന വെള്ളത്തിന്റെ തോത്‌ കുറച്ചത്‌.
അതേസമയം ഇടുക്കി അണക്കെട്ടില്‍ തുറന്നിരുന്ന ചെറുതോണി ഡാമിന്റെ മൂന്നാമത്തെ ഷട്ടര്‍ അടച്ചു. ഇന്നലെ രാവിലെ എട്ടോടെയാണ്‌ അടച്ചത്‌. 2401.18 അടിയാണ്‌ ഡാമിലെ ജലനിരപ്പ്‌.

Leave a Reply