ശമ്പളപരിഷ്‌കരണത്തിനു വേണ്ടിവരുന്ന അധികച്ചെലവ്‌ ഉപയോക്‌താക്കളില്‍ കെട്ടിവയ്‌ക്കാന്‍ പുതിയ തന്ത്രവുമായി ജല അതോറിറ്റി

0

തിരുവനന്തപുരം : വരാനിരിക്കുന്ന ശമ്പളപരിഷ്‌കരണത്തിനു വേണ്ടിവരുന്ന അധികച്ചെലവ്‌ ഉപയോക്‌താക്കളില്‍ കെട്ടിവയ്‌ക്കാന്‍ പുതിയ തന്ത്രവുമായി ജല അതോറിറ്റി.
വെള്ളക്കരം വര്‍ധിപ്പിക്കുന്നതു പ്രതിഷേധത്തിന്‌ ഇടയാക്കുമെന്നു മനസിലാക്കിയാണു പ്രത്യക്ഷത്തില്‍ ചാര്‍ജ്‌ വര്‍ധിപ്പിക്കാതെ ഉപയോക്‌താക്കളെ പിഴിയുന്നത്‌. എസ്‌.എം.എസ്‌. വഴി ബില്‍ അയയ്‌ക്കുന്ന പരിഷ്‌കാരത്തിലൂടെയാണ്‌ ഉപയോക്‌താക്കളെ ജല അതോറിറ്റി കൊള്ളയടിക്കുന്നത്‌.
ഏതാനും മാസം മുമ്പുവരെ രണ്ടു മാസത്തിലൊരിക്കല്‍ ജല അതോറിറ്റിയില്‍നിന്നു ജീവനക്കാരനെത്തി മീറ്റര്‍ റീഡ്‌ ചെയ്‌ത്‌ ബില്‍ ഉപയോക്‌താവിനു നല്‍കുമായിരുന്നു. എത്രമാത്രം വെള്ളം ഉപയോഗിച്ചെന്നും അതിന്‌ എത്ര രൂപയാണു നല്‍കേണ്ടതെന്നും വ്യക്‌തമാകുമായിരുന്നു. ആ രീതി നിര്‍ത്തലാക്കിയാണ്‌ മൊബൈലിലൂടെ ബില്‍ പദ്ധതി നടപ്പാക്കിയത്‌.
ജല അതോറിറ്റി ജീവനക്കാരന്‍ വന്ന്‌ റീഡിങ്‌ എടുക്കുമെങ്കിലും ഇപ്പോള്‍ ഉപയോക്‌താവിനു ബില്‍ നല്‍കാറില്ല. റീഡിങ്‌ എടുത്ത്‌ ഏതാനും ദിവസം കഴിയുമ്പോള്‍ വെള്ളക്കരം ഇത്രരൂപയാണെന്നറിയിച്ച്‌ എസ്‌.എം.എസ്‌. ലഭിക്കുകയാണ്‌. അതുകൊണ്ടുതന്നെ ഉപഭോഗം എത്രയെന്നോ എങ്ങനെയാണ്‌ ചാര്‍ജ്‌ തിട്ടപ്പെടുത്തിയിരിക്കുന്നതെന്നോ അറിയാന്‍ ഉപയോക്‌താവിനു കഴിയുന്നില്ല.
പുതിയ പരിഷ്‌കാരം വന്നതിന ശേഷം, നേരത്തേ അടച്ചിരുന്നതിന്റെ ഇരട്ടിയോളം വരുന്ന തുകയാണ്‌ ഓരോ മാസവും അടയ്‌ക്കേണ്ടിവരുന്നത്‌. വര്‍ധന എങ്ങനെയാണെന്ന്‌ അന്വേഷിക്കാന്‍ പോലും കഴിയാതെ വലയുകയാണ്‌ ഉപയോക്‌താക്കള്‍. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ജല അതോറിറ്റി അതു മറികടക്കുന്നതിനായി കണ്ടെത്തിയ കുത്സിത മാര്‍ഗമാണിതെന്ന ആരോപണം വ്യാപകമാണ്‌.
വെള്ളക്കരം വര്‍ധിപ്പിക്കില്ലെന്ന്‌ ഒന്നാം പിണറായി സര്‍ക്കാര്‍ ആദ്യ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. അതു പാലിക്കുകയും ചെയ്‌തു. ഇപ്പോള്‍ ജല അതോറിറ്റിയില്‍ ശമ്പളപരിഷ്‌കരണത്തിനായുള്ള മുറവിളി ശക്‌തമാണ്‌.
വലിയ നഷ്‌ടത്തില്‍ പ്രവര്‍ത്തിക്കുന്ന ജല അതോറിറ്റി ശമ്പളപരിഷ്‌കരണത്തിനുള്ള അവിടത്തുക എങ്ങനെ കണ്ടെത്തുമെന്ന ചോദ്യം ധനവകുപ്പ്‌ ഉള്‍പ്പെടെ ഉയര്‍ത്തിയിരുന്നു. വെള്ളക്കരം വര്‍ധിപ്പിക്കാതെ പണം കണ്ടെത്താനായി നടത്തുന്ന തന്ത്രമാണ്‌ എസ്‌.എം.എസ്‌. അറിയിപ്പെന്ന ആരോപണം ശക്‌തമാണ്‌. അടച്ചിട്ടിരിക്കുന്ന വീടുകള്‍ക്കു പോലും വന്‍തുകയുടെ ബില്ല്‌ വരുന്നെന്ന ആക്ഷേപവുമുണ്ട്‌.

Leave a Reply