പുതിയ എക്സ്.സി 40 റീചാർജ് ഇലക്ട്രിക് എസ്യുവിയെ 2021 ൽ ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്ന് വോൾവോ. കമ്പനിയുടെ ജനപ്രിയ കോംപാക്റ്റ് എസ്യുവി എക്സ്.സി 40 യുടെ വൈദ്യുത പതിപ്പാണിത്. കഴിഞ്ഞ മാസമാണ് കമ്പനി തങ്ങളുടെ ബെൽജിയം പ്ലാൻറിൽ എസ്യുവി ഉത്പാദനം ആരംഭിച്ചത്. മൂന്ന് വർഷത്തിനുള്ളിൽ ഇന്ത്യയിൽ നാല് പുതിയ വൈദ്യുതീകൃത കാറുകൾ അവതരിപ്പിക്കുമെന്ന് സ്വീഡിഷ് കാർ നിർമ്മാതാവ് നേരത്തേ പ്രഖ്യാപിച്ചിരുന്നു. വോൾവോ എക്സ് സി 40 റീചാർജ് അതിലൊന്നായിരിക്കുമെന്നാണ് സൂചന. വരാനിരിക്കുന്ന വോൾവോ എസ് 60 സെഡാെൻറ പ്ലഗ്-ഇൻ ഹൈബ്രിഡ് പതിപ്പും പിന്നീട് ഇന്ത്യയിലേക്ക് വരുമെന്നും പ്രതീക്ഷിക്കാം.
ഓരോ ആക്സിലിലും 150 കിലോവാട്ട് വൈദ്യുത മോട്ടോറുകളുള്ള ഡ്യുവൽ മോട്ടോർ പവർട്രെയിനുമായാണ് എക്സ്.സി 40 റീചാർജ് വരുന്നത്. 408 ബിഎച്ച്പി കരുത്താണ് വാഹനത്തിന്. 78 കിലോവാട്ട് ബാറ്ററി പായ്ക്കാണ് ഇലക്ട്രിക് മോട്ടോറുകൾക്ക് കരുത്ത് പകരുന്നത്, ഏകദേശം 400 കിലോമീറ്റർ വരെ ദൂരം ഒറ്റ ചാർജിൽ സഞ്ചരിക്കാനാകും. 4.7 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാനാവും. 180 കിലോമീറ്ററാണ് പരമാവധി വേഗത. എസ്യുവിക്ക് 11 കിലോവാട്ട് ചാർജറുമുണ്ട്. 150 കിലോവാട്ട് ഡിസി ഫാസ്റ്റ് ചാർജറും ഉൾപ്പെടുത്തിയിട്ടുണ്ട്.Volvo to launch new XC40 rechargeable electric SUV in India in 2021