ഉക്രൈന്‍റെ  അസ്ഥിത്വത്തിനെതിരെ യാതൊരു അടിസ്ഥാനവുമില്ലാത്ത ആരോപണങ്ങളുന്നയിച്ച് യുദ്ധത്തിന് തയ്യാറായ വ്ലാദിമിര്‍ പുടിന്‍റെ  നീക്കം ഏറ്റവും കൂടുതല്‍ പ്രശ്നത്തിലാക്കിയിരിക്കുന്നത് റഷ്യന്‍  ജനതയെയാണ്

0

ഉക്രൈന്‍റെ  അസ്ഥിത്വത്തിനെതിരെ യാതൊരു അടിസ്ഥാനവുമില്ലാത്ത ആരോപണങ്ങളുന്നയിച്ച് യുദ്ധത്തിന് തയ്യാറായ വ്ലാദിമിര്‍ പുടിന്‍റെ  നീക്കം ഏറ്റവും കൂടുതല്‍ പ്രശ്നത്തിലാക്കിയിരിക്കുന്നത് റഷ്യന്‍  ജനതയെയാണ്. റഷ്യ, ഉക്രൈനെതിരെ യുദ്ധ പ്രഖ്യാപനം നടത്തിയതിന് തൊട്ട് പുറകെ യുഎസും യൂറോപ്യന്‍ യുണിയനും ജപ്പാനും അടക്കമുള്ള രാജ്യങ്ങള്‍ റഷ്യയ്ക്ക് സര്‍വ്വ മേഖലകളിലും വിലക്കേര്‍പ്പെടുത്തി. ഇതോടെ റഷ്യന്‍ ഉത്പന്നങ്ങള്‍ വിപണിയില്‍ നിന്ന് പിന്‍മാറി. വ്യോമ, റെയില്‍, കടല്‍ മാര്‍ഗ്ഗമുള്ള റഷ്യയുടെ ചരക്ക് നീക്കം ഏതാണ്ട് പൂര്‍ണ്ണമായും നിലച്ചു. ലോക വിപണി അടഞ്ഞതോടെ ദൈനംദിന കാര്യങ്ങള്‍ക്ക് റഷ്യന്‍ ജനത ഏറെ പാടുപെടുകയാമെന്ന് റിപ്പോര്‍ട്ടുകള്‍.  ബാങ്കിങ്ങ് രംഗത്ത് നിരോധനം വന്നതോടെ ജനങ്ങള്‍ ബാങ്കുകള്‍ക്കും എടിഎമ്മുകള്‍ക്കും മുന്നില്‍ നീണ്ട ക്യൂ ആരംഭിച്ചു. ചരക്ക് ഗതാഗതം നിലച്ചതോടെ റഷ്യയിലെ പല ഉത്പന്നങ്ങള്‍ക്കും വില കുത്തനെ കൂടി. സമസ്ത മേഖലകളില്‍ നിന്നും റഷ്യയെയും റഷ്യന്‍ ഉത്പന്നങ്ങളെയും വിലക്കിയും നിരോധിച്ചും ലോക രാജ്യങ്ങള്‍ റഷ്യ കൂടുതല്‍ കൂടുതല്‍ ഒറ്റപ്പെടുത്തുകയാണ്. ഇതിന്‍റെ തിക്തഫലം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നതാകട്ടെ റഷ്യന്‍ ജനതയും. സര്‍ക്കാര്‍ നയത്തില്‍ പ്രതിഷേധിച്ച് തെരുവിലിറങ്ങിയാല്‍ അത് ‘രാജ്യദ്രോഹ’മെന്നാണ് റഷ്യന്‍ സര്‍ക്കാറിന്‍റെ നയം. 

 
ഇതിന്‍റെ പ്രത്യക്ഷമായ ഉദാഹരണമാണ്, അസംഘടിതമാണെങ്കിലും ഉക്രൈന്‍ അക്രമണത്തെ അപലപിച്ച് ആയിരക്കണക്കിന് പ്രതിഷേധങ്ങള്‍  ഇന്ന് റഷ്യന്‍ തെരുവുകളില്‍ നടക്കുന്നത്. അനാവശ്യമായ യുദ്ധത്തില്‍ നിന്ന് പ്രസിഡന്‍റ് വ്ലാദിമിര്‍ പുടിന്‍ പിന്മാറണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധങ്ങളെല്ലാം നടക്കുന്നത്. 

 
യുദ്ധം ആരംഭിച്ച ആദ്യ ദിനം റഷ്യയില്‍ നടന്ന പ്രതിഷേധത്തില്‍ 1,000 ത്തോളം പേരാണ് അറസ്റ്റിലായത്. ഏറ്റവും ഒടുവില്‍ യുദ്ധം ആരംഭിച്ച് ഏഴാം നാളാകുമ്പോഴേക്കും റഷ്യയില്‍ 6,000 ത്തിലധികം പേര്‍ തെരുവുകളില്‍ പ്രതിഷേധിച്ചതിന്‍റെ പേരില്‍ ജയിലുകളില്‍ അടയ്ക്കപ്പെട്ടെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നു. 

 
യുദ്ധം തുടങ്ങിയ ആദ്യ ദിനം മോസ്കോയില്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് പ്രതിഷേധത്തിനെത്തിത്. അന്ന് റഷ്യയിലെ വിവിധ നഗരങ്ങളില്‍ നിന്ന് പ്രതിഷേധിച്ചതിന്‍റെ പേരില്‍ ആയിരങ്ങളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് റഷ്യയിലെ ചെറുതും വലുതുമായ 50- ലധികം നഗരങ്ങളില്‍ സജീവമായ പ്രതിഷേധങ്ങള്‍ നടക്കുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

 
ഇതുവരെയായി 5,800-ലധികം ആളുകളെ കസ്റ്റഡിയിലെടുത്തെന്ന് റഷ്യന്‍ പൊലീസ് തന്നെ പറയുന്നു. എന്നാല്‍ അറസ്റ്റിലായവരുടെ എണ്ണം ഇതിന്‍റെ പലമടങ്ങ് വരുമെന്ന് റഷ്യയിലെ ഒരു  പ്രതിഷേധ നിരീക്ഷണ ഗ്രൂപ്പ് അവകാശപ്പെട്ടു. പ്രതിഷേധത്തിനായി തെരുവുകളിലെത്തുന്നത് സാധാരണക്കാര്‍ മാത്രമല്ലെന്നും ശാസ്ത്രജ്ഞരും അക്കാദമിക് വിദഗ്ദരും ഡോക്ടര്‍മാരുമടക്കും സമൂഹത്തിന്‍റെ വിവിധ തലങ്ങളിലുള്ളവരെല്ലാം പ്രതിഷേധമുഖത്താണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

 
റഷ്യന്‍ സര്‍ക്കാറിന്‍റെ കീഴിലുള്ള മോസ്കോ തീയറ്ററിന്‍റെ ഡയറക്ടര്‍, യെലേന കോവൽസ്കയ (Yelena Kovalskaya) തന്‍റെ രാജി അറിയിച്ചു കൊണ്ടുള്ള ഫേസ്ബുക്ക് കുറിപ്പില്‍ ഏഴുതിയത്, “ഒരു കൊലയാളിക്ക് വേണ്ടി ജോലി ചെയ്ത് അവനിൽ നിന്ന് ശമ്പളം വാങ്ങുന്നത് അസാധ്യമാണ്. അതിനാല്‍ ഞാന്‍ ജോലി ഉപേക്ഷിക്കുകയാണ്.” എന്നായിരുന്നു. 

 
ഉക്രൈന് മേല്‍ റഷ്യ നടത്തുന്ന അതിക്രമങ്ങള്‍ക്ക് സ്വന്തം രാജ്യത്ത് നിന്ന് തന്നെ പ്രതിഷേധം കനത്തപ്പോള്‍, പ്രതിഷേധിക്കുന്നവരെ രാജ്യദ്രോഹികളായി മുദ്രകുത്തുമെന്നായിരുന്നു റഷ്യന്‍ പൊലീസ് അറിയിച്ചത്. തൊട്ട് പുറകെ യുദ്ധ വാര്‍ത്തകളൊന്നും റഷ്യയില്‍ പ്രസിദ്ധീകരിക്കരുതെന്ന്  പുടിന്‍ ഉത്തരവിട്ടു. 

റഷ്യയുടെ കടന്നുകയറ്റത്തില്‍ സൈന്യം ഉൾപ്പെടെയുള്ള റഷ്യലെ ഉന്നതർക്കിടയിലും വിയോജിപ്പ് ഉയർന്നിട്ടുണ്ട്. ജനുവരി അവസാനത്തിൽ, റിട്ടയേർഡ് കേണൽ ജനറൽ ലിയോനിഡ് ഇവാഷോവ്  പുടിനും റഷ്യൻ പൗരന്മാർക്കുമുള്ള ഒരു തുറന്ന കത്തില്‍ പുടിന്‍റെ “യുദ്ധത്തെ പ്രകോപിപ്പിക്കുന്ന ക്രിമിനൽ നയത്തെ” അപലപിച്ചു. റഷ്യൻ യുഎൻ കാലാവസ്ഥാ പ്രതിനിധി ഒലെഗ് അനിസിമോവ് ഒരു വെർച്വൽ യുഎൻ സമ്മേളനത്തിനിടെ ഉക്രൈന്‍ ആക്രമണത്തിന് ക്ഷമാപണം വരെ നടത്തി.

പ്രസിഡന്‍റ് പുടിന്‍റെ നടപടിക്ക് റഷ്യയില്‍ തന്നെ ജനപിന്തുണയില്ലെന്നതിന് തെളിവാണ് റഷ്യന്‍ നഗരത്തില്‍ അനുദിനം കൂടിവരുന്ന പ്രതിഷേധങ്ങള്‍. എന്നാല്‍, യുദ്ധം തുടങ്ങുമ്പോള്‍ 30 ശതമാനമുണ്ടായിരുന്ന ജനപ്രീയത, 90 ശതമാനമാക്കി ഉയര്‍ത്താന്‍ ഉക്രൈന്‍ പ്രസിഡന്‍റ് വോലോഡിമിര്‍ സെലന്‍സ്കിക്ക്   കഴിഞ്ഞെന്നതും പുടിനേറ്റ കനത്ത തിരിച്ചടിയായി. 

 
രാജ്യത്ത് നിന്ന് പ്രതിഷേധം ശക്തമായതോടെ “യുദ്ധം” എന്ന വാക്ക് പരാമർശിക്കരുതെന്ന ഔദ്യോഗിക ഉത്തരവുകൾ പുറത്തിറങ്ങി. സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ചുകൊണ്ട് മാധ്യമപ്രവർത്തകരും സ്വതന്ത്ര ഔട്ട്ലെറ്റുകളും ഉക്രെയ്നിലെ സൈനിക നടപടിയെക്കുറിച്ച് റഷ്യയില്‍ റിപ്പോർട്ട് ചെയ്യുന്നത് തുടരുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

 
ഫെബ്രുവരി 25 ന് പ്രതിപക്ഷ പത്രമായ നോവയ ഗസറ്റയുടെ ഒന്നാം പേജിൽ വന്ന വാര്‍ത്ത “റഷ്യന്‍ ബോംബുകൾ ഉക്രൈനില്‍ ” എന്നായിരുന്നു. ഇത് റഷ്യൻ, ഉക്രൈനിയൻ ഭാഷകളിലും  പ്രസിദ്ധീകരിക്കപ്പെട്ടു. റഷ്യയുടെ മാസ് മീഡിയ റെഗുലേറ്ററായ റോസ്‌കോംനാഡ്‌സോർ  “കൃത്യമല്ലാത്ത വിവരങ്ങൾ” നീക്കം ചെയ്യണമെന്നും അല്ലെങ്കിൽ കഠിനമായ പിഴ ഈടാക്കുമെന്നും ഔട്ട്‌ലെറ്റുകൾക്ക് മുന്നറിയിപ്പ് നൽകി. 

യുദ്ധം ആരംഭിച്ചതിന് ശേഷം പ്രതിഷേധം റിപ്പോർട്ട് ചെയ്ത റഷ്യയിലെ നിരവധി സ്വതന്ത്ര മാധ്യമപ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അടുത്തകാലത്ത് കണ്ടതില്‍ വച്ച് ഏറ്റവും വലിയ അസംഘടിത പ്രതിഷേധങ്ങള്‍ക്കാണ് റഷ്യന്‍ നഗരങ്ങള്‍ സാക്ഷ്യം വഹിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 

2015-ൽ ക്രെംലിനിനടുത്തുള്ള ഒരു പാലത്തിൽ വച്ച് കൊല്ലപ്പെട്ട ഒരു പ്രമുഖ പ്രതിപക്ഷ രാഷ്ട്രീയക്കാരനായ ബോറിസ് നെംത്‌സോവിന്‍റെ  കൊലപാതകത്തിന്‍റെ ഏഴാം വാർഷികത്തോടനുബന്ധിച്ചാണ് റഷ്യയില്‍ ഒരു വലിയ പ്രതിഷേധം നടന്നത്. പുടിന്‍റെ ഏറ്റവും വലിയ ഏതിരാളിയായ അലക്സി നവൽനിയെ  തട്ടിപ്പ് കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത് വിചാരണ നടത്തവേയും റഷ്യയില്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. 

 
2012 ഫെബ്രുവരിയിൽ മോസ്‌കോയിൽ നടന്ന ഏറ്റവും വലിയ പ്രതിഷേധ മാർച്ചിൽ പങ്കെടുത്തത് 35,000 പേരാണെന്ന് റഷ്യന്‍ പൊലീസ് അവകാശപ്പെടുന്നു. എന്നാല്‍ 1,20,000 പേർ പങ്കെടുത്തതായി സംഘാടകരും അവകാശപ്പെട്ടു. ഇതാണ് റഷ്യയില്‍ അടുത്ത കാലത്ത് നടന്ന ഏറ്റവും വലിയ പ്രതിഷേധം.

രാജ്യത്ത് പ്രതിഷേധിക്കാനുള്ള അവകാശം പോലും നല്‍കാന്‍ ഏകാധിപതിയായ പുടിന്‍ അനുവദിക്കുന്നില്ലെന്ന് അലക്സി നവൽനി പരാതി ഉന്നയിക്കാന്‍ തുടങ്ങിയിട്ടും കാലമേറെയായി. റഷ്യയിലെ അജ്ഞതമായ കേന്ദ്രത്തില്‍ ഇന്നും തടവിലാണ് അലക്സി നവൽനി. റഷ്യയില്‍ പുടിന്‍റെ ഏറ്റവും വലിയ എതിരാളിയായ അദ്ദേഹത്തിന് നാഡീവ്യൂഹത്തെ ബാധിക്കുന്ന വിഷബാധയേറ്റതിന് പിന്നിലും പുടിനാണെന്ന ആരോപണവും നിലനില്‍ക്കുകയാണ്. 

2012 മെയ് മാസത്തിൽ, പുടിന്‍റെ സ്ഥാനാരോഹണത്തിരായി നടന്ന ബൊലോട്ട്നയ സ്ക്വയർ പ്രതിഷേധത്തെ  സര്‍ക്കാര്‍ നേരിട്ടത് ക്രിമിനല്‍ പ്രശ്നം എന്ന തരത്തിലായിരുന്നു.  അന്ന് പ്രതിഷേധക്കാരും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടലിൽ 600-ലധികം ആളുകളെ അറസ്റ്റുചെയ്യുകയും 80 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഏകദേശം 40 പേരെ തടവിലിടുകയും വിചാരണ ചെയ്ത് ശിക്ഷിക്കുകയും ചെയ്തു. 

ഇതിനെതിരെ ലോകമൊട്ടാകെ പ്രതിഷേധമുയര്‍ന്നിരുന്നു. സര്‍ക്കാറിന്‍റെ രാഷ്ട്രീയ പകപോക്കലിനെതിരെ മോസ്കോയിലെ മനുഷ്യാവകാശ ഗ്രൂപ്പുകൾ പ്രതിഷേധിച്ചു.  യൂറോപ്യൻ മനുഷ്യാവകാശ കോടതി ഈ കേസിൽ നിരവധി വിധികൾ പുറപ്പെടുവിച്ചു. ആംനസ്റ്റി ഇന്‍റർനാഷണൽ പ്രതികളെ മനസ്സാക്ഷിയുടെ തടവുകാരായി അംഗീകരിച്ചു.

2011-13 കാലത്ത് റഷ്യയില്‍ നടന്ന പ്രതിഷേധ പരമ്പരകളിലൂടെയാണ് നവാൽനി അഴിമതി വിരുദ്ധ ബ്ലോഗറിൽ നിന്ന് റഷ്യയിലെ പ്രധന രാഷ്ട്രീയ പ്രതിപക്ഷ നേതാവായി ഉയര്‍ന്ന് വന്നത്. നവാൽനിയുടെ ദേശീയ പ്രസ്ഥാനം റഷ്യയിലുടനീളം പ്രതിഷേധങ്ങളെ വിജയകരമായി ഏകോപിപ്പിച്ചു.

എന്നാല്‍, 2021-ന്‍റെ തുടക്കത്തിൽ ഈ പ്രതിഷേധങ്ങളെയെല്ലാം തീവ്രവാദ നിരീക്ഷണ പട്ടികയിൽ ചേർത്ത് കൊണ്ടായിരുന്നു പുടിന്‍ ഭരണകൂടം പ്രതികരിച്ചത്. 2021 ജനുവരിയിൽ നവാൽനിയെ വീണ്ടും അറസ്റ്റ് ചെയ്തതോടെ 2011 ന് ശേഷമുള്ള രാജ്യത്തെ ഏറ്റവും വലിയ ജനകീയ പ്രതിഷേധം വീണ്ടും ആരംഭിച്ചു. 

എന്നാല്‍, തന്‍റെ എതിരാളികളെ വേട്ടയാടാനായിരുന്നു പുടിന്‍ പൊലീസിന് നല്‍കിയ ഉത്തരവ്. ഇതോടെ സ്റ്റാഫിനെയും അനുഭാവികളെയും സംരക്ഷിക്കുന്നതിനായി പ്രാദേശിക ആസ്ഥാനം പിരിച്ചുവിടാൻ സംഘടനയ്ക്ക് തീരുമാനിക്കേണ്ടി വന്നു. നവൽനിയുടെ പല പ്രധാന സഹായികളും അറസ്റ്റിനെയും കൊടീയ പീഢനത്തെയും ഭയന്ന് നാടുവിടാന്‍ നിർബന്ധിതരായി.

രാജ്യത്ത് ഉയര്‍ന്നുവന്ന പ്രതിഷേധങ്ങള്‍ക്കൊടുവില്‍ റഷ്യൻ ഭരണകൂടം എല്ലാത്തരം സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധത്തെയും ക്രിമിനൽവൽക്കരിച്ചു. 2012 ജൂലൈയിൽ, എൻ‌ജി‌ഒകൾ, മാധ്യമങ്ങൾ, വിദേശ ഫണ്ടിംഗ് സ്രോതസ്സുള്ള വ്യക്തികൾ എന്നിവരെ “വിദേശ ഏജന്‍റുമാർ” ആയി രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെടുന്ന നിയമത്തിൽ പുടിൻ ഒപ്പുവച്ചു. 

2014 മുതൽ, നിയമങ്ങളിലൂടെയും നിയമ ഭേദഗതികളുടെയും ബലത്തില്‍ റഷ്യയില്‍ പ്രതിഷേധിക്കാനുള്ള അവകാശം പൂർണ്ണമായും ക്രിമിനൽവൽക്കരിക്കപ്പെട്ടു. ആർക്കൊക്കെ പ്രതിഷേധം സംഘടിപ്പിക്കാം, ആളുകൾക്ക് എവിടെ പ്രതിഷേധിക്കാം, എപ്പോൾ പ്രതിഷേധിക്കാം എന്നതിൽ പുടിൻ കൂടുതൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. 

റഷ്യയില്‍, ഉക്രൈന്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ക്ക് ഒരു ഐക്യരൂപമില്ലാത്തതിന് പ്രധാനകാരണവും ഇതുതന്നെ. എന്നിട്ടും റഷ്യയിലെ എല്ലാ പ്രധാനപ്പെട്ട നഗരങ്ങളിലും ചെറുതും വലുതുമായ പ്രതിഷേധങ്ങള്‍ അരങ്ങേറുകയാണ്. ഇതുവരെയായി ആറായിരം പേരെ അറസ്റ്റ് ചെയ്തെന്ന റഷ്യന്‍ പൊലീസിന്‍റെ വെളിപ്പെടുത്തല്‍ തന്നെ പ്രതിഷേധങ്ങള്‍ ശക്തിപ്രാപിക്കുന്നുവെന്നതിന് തെളിവാണ്. 

ഫെബ്രുവരി 28-ന് നവാൽനിയുടെ പ്രസ്ഥാനം യുദ്ധത്തിനെതിരായ നിയമലംഘന പ്രചാരണത്തിന് ആഹ്വാനം ചെയ്തു. റഷ്യയിലെ ഏകാധിപത്യ ഭരണകൂടം പ്രതിപക്ഷ പ്രസ്ഥാനങ്ങളെ തകർക്കുകയാണെന്നും എല്ലാത്തരം പ്രതിഷേധങ്ങളെയും അടിച്ചമര്‍ത്തുകയാണെന്നും നവാനി ആരോപിക്കുന്നു.  

അതിനിടെ കൃത്യമായ ഒരു ദിശാബോധമോ, നേതൃത്വമോ ഇല്ലാതെ തന്നെ റഷ്യന്‍ ജനത തെരുവുകളില്‍ പ്രതിഷേധിക്കാനെത്തുന്നത് റഷ്യന്‍ രാഷ്ട്രീയത്തില്‍ മാറ്റത്തിന്‍റെ ഏറ്റവും ചെറിയ സൂചനയെ കാണിക്കുന്നെന്ന് രാഷ്ട്രീയ വിദഗ്ദരും പറയുന്നു. ഉപരോധങ്ങളും അന്താരാഷ്ട്ര മേഖലയിൽ നിന്ന് റഷ്യയുടെ ഒറ്റപ്പെടലും പൂര്‍ണ്ണമാകുമ്പോള്‍ റഷ്യയുടെ രാഷ്ട്രീയ, സാമ്പത്തിക മേഖലകളില്‍ നിന്ന് രാഷ്ട്രീയ തിരുത്തുകള്‍ ഉയര്‍ന്നുവരാനുള്ള സാധ്യതയുണ്ടെന്നും വിദഗ്ദര്‍ പറയുന്നു. 

അത്തരമൊരു രാഷ്ട്രീയ ദിശാമാറ്റം സൃഷ്ടിക്കപ്പെടുകയാണെങ്കില്‍ സാധാരണക്കാരായ റഷ്യക്കാര്‍ മുന്നേറ്റത്തിനൊപ്പം നില്‍ക്കാനുള്ള സാധ്യതയും ഇവര്‍ തള്ളിക്കളയുന്നില്ല. റൂബിളിന്‍റെ തകര്‍ച്ചയും ബാങ്കുള്‍ നേരിട്ട വിലക്കുകളും മൂലം റഷ്യക്കാര്‍ ബാങ്കുകള്‍ക്കും എടിഎമ്മുകള്‍ക്കും മുന്നില്‍ നീണ്ട ക്യൂവില്‍ നില്‍ക്കുമ്പോള്‍ പ്രത്യേകിച്ചും ഇത്തരമൊരു മുന്നേറ്റത്തിന് സാധ്യത തള്ളിക്കളയാന്‍ കഴിയില്ലെന്നും വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നു. 
 

LEAVE A REPLY

Please enter your comment!
Please enter your name here