ഇന്റര്‍നാഷണല്‍ ജൂഡോ ഫെഡറേഷന്‍ പ്രസിഡന്റ്‌ വ്‌ളാഡിമര്‍ പുടിനെ ഓണററി പ്രസിഡന്റ്‌ സ്‌ഥാനത്തുനിന്ന്‌ സസ്‌പെന്‍ഡ്‌ ചെയ്‌തു

0

പാരീസ്‌: യുക്രൈന്‍ അധിനിവേശത്തിന്റെ പശ്‌ചാത്തലത്തില്‍ ഇന്റര്‍നാഷണല്‍ ജൂഡോ ഫെഡറേഷന്‍ (ഐ.ജെ.എഫ്‌.) റഷ്യന്‍ പ്രസിഡന്റ്‌ വ്‌ളാഡിമര്‍ പുടിനെ ഓണററി പ്രസിഡന്റ്‌ സ്‌ഥാനത്തുനിന്ന്‌ സസ്‌പെന്‍ഡ്‌ ചെയ്‌തു.
റഷ്യയുടെ യുക്രൈന്‍ അധിനിവേശം തുടങ്ങി നാലാം ദിവസമാണ്‌ ഐ.ജെ.എഫ്‌. നിലപാട്‌ വ്യക്‌തമാക്കിയത്‌. അംഗീകൃത ജൂഡോകയായ പുടിന്‌ 2014 ല്‍ ജൂഡോയിലെ ഏറ്റവും വലിയ തലമായ ‘എയ്‌റ്റ്ത്‌ ഡാന്‍’ നല്‍കിയിരുന്നു. 2008 മുതല്‍ ഓണററി പ്രസിഡന്റാണ്‌. ജൂഡോയ്‌ക്കു പറ്റിയ ബ്രാന്‍ഡ്‌ അംബാസിഡര്‍ എന്നായിരുന്നു പുടിന്റെ സ്‌ഥാനലബ്‌ധിയെ ഐ.ജെ.എഫ്‌. പ്രസിഡന്റ്‌ മാറിയസ്‌ വിസെര്‍ വിശേഷിപ്പിച്ചത്‌. ശാരീരിക ക്ഷമത നിലനിര്‍ത്താന്‍ പുടിന്‍ ജൂഡോയും ഐസ്‌ ഹോക്കിയും പരിശീലിക്കാറുണ്ട്‌. യുദ്ധ പശ്‌ചാത്തലത്തില്‍ യുവേഫ മേയ്‌ 28 നു റഷ്യയിലെ സെന്റ്‌ പീറ്റേഴ്‌സ്ബര്‍ഗില്‍ നടക്കേണ്ട ചാമ്പ്യന്‍സ്‌ ലീഗ്‌ ഫുട്‌ബോള്‍ ഫൈനല്‍ പാരീസിലേക്കു മാറ്റിയിരുന്നു. സെപ്‌റ്റംബര്‍ 25 നു നടക്കേണ്ട റഷ്യന്‍ ഗ്രാന്‍പ്രീ ഫോര്‍മുല വണ്‍ കാറോട്ട മത്സരം റദ്ദാക്കി. റഷ്യക്കെതിരേ 2022 ലോകകപ്പ്‌ ഫുട്‌ബോള്‍ പ്ലേ ഓഫ്‌ കളിക്കില്ലെന്ന്‌ പോളണ്ട്‌, സ്വീഡന്‍, ചെക്ക്‌ റിപ്പബ്ലിക്ക്‌ എന്നിവര്‍ വ്യക്‌തമാക്കി. റഷ്യയുമായി പ്ലേ ഓഫ്‌ മത്സരം കളിക്കാനില്ലെന്നു പോളിഷ്‌ ഫുട്‌ബോള്‍ ഫെഡറേഷനാണു വ്യക്‌തമാക്കിയത്‌. മാര്‍ച്ച്‌ 24 നു മോസ്‌കോയിലാണു മത്സരം നടക്കേണ്ടത്‌. സ്വീഡനും ചെക്ക്‌ റിപ്ലബിക്കും തമ്മില്‍ നടക്കുന്ന മത്സരത്തിലെ ജേതാക്കള്‍ റഷ്യ-പോളണ്ട്‌ മത്സരത്തിലെ ജേതാക്കളെ നേരിടണം.
യൂറോപ്യന്‍ യൂണിയന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ നടക്കുന്ന മത്സരങ്ങളില്‍ റഷ്യന്‍ താരങ്ങളെ പങ്കെടുപ്പിക്കരുതെന്നു സ്വീഡന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളും ആവശ്യപ്പെട്ടു. യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ്‌ റഷ്യക്കു പുറത്തുള്ള വേദിയിലേക്കു മാറ്റുമെന്നു രാജ്യാന്തര ഷൂട്ടിങ്‌ സ്‌പോര്‍ട്‌ ഫെഡറേഷനും വ്യക്‌തമാക്കി. മോസ്‌കോയിലെ ഇഗ്നാറ്റോവോയില്‍ ഓഗസ്‌റ്റിലാണു ചാമ്പ്യന്‍ഷിപ്പ്‌ നടത്താനിരുന്നത്‌. 25 മീറ്റര്‍, 50 മീറ്റര്‍, 300 മീറ്റര്‍, ഷോട്ട്‌ഗണ്‍ വിഭാഗങ്ങളിലാണു ചാമ്പ്യന്‍ഷിപ്പ്‌. സാഹചര്യം പ്രതികൂലമാണെങ്കില്‍ 2023 ഓഗസ്‌റ്റില്‍ അതേ വേദിയില്‍ നടക്കേണ്ട ലോക ചാമ്പ്യന്‍ഷിപ്പിന്റെ വേദിയും മാറ്റുമെന്ന്‌ ഐ.എസ്‌.എസ്‌.എഫ്‌. അധ്യക്ഷന്‍ വ്‌ളാഡിമിര്‍ ലിസിന്‍ പറഞ്ഞു.

Leave a Reply