Sunday, September 26, 2021

രണ്ടുദിവസം മുമ്പ് ആറ്റുകാൽ ഇരുമ്പുപാലത്തിനു സമീപം സതീഷ് എന്ന ചുമട്ടുതൊഴിലാളി കൊല്ലപ്പെട്ടതിന് നൂറുമീറ്റർ അപ്പുറത്താണ് ഏഴുവർഷം മുമ്പ് വിഷ്ണു എന്നയാളും കൊല്ലപ്പെട്ടത്

Must Read

തിരുവനന്തപുരം: രണ്ടുദിവസം മുമ്പ് ആറ്റുകാൽ ഇരുമ്പുപാലത്തിനു സമീപം സതീഷ് എന്ന ചുമട്ടുതൊഴിലാളി കൊല്ലപ്പെട്ടതിന് നൂറുമീറ്റർ അപ്പുറത്താണ് ഏഴുവർഷം മുമ്പ് വിഷ്ണു എന്നയാളും കൊല്ലപ്പെട്ടത്.

രണ്ടിലെയും പ്രധാന പ്രതി ഒരാൾ തന്നെയാണ്- ചാത്തൻ എന്നു വിളിക്കുന്ന സജീവ്. 2014 ജൂണിലായിരുന്നു വിഷ്ണുവിന്റെ കൊലപാതകം. ചാത്തന്റേയും സംഘത്തിന്റേയും കേന്ദ്രമായ ഇരുമ്പുപാലത്തിനു സമീപമാണ് രണ്ടു കൊലപാതകങ്ങളും നടന്നത്.

ഈ രണ്ട് കൊലപാതകങ്ങൾക്കു പിന്നിലും ലഹരി മാഫിയയാണ്. ആറ്റുകാൽ, കാലടി, കരമന, നെടുങ്കാട് പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ഈ സംഘങ്ങളുടെ പ്രവർത്തനം വളരെ ശക്തമാണ്. ഫോർട്ട്, കരമന പോലീസ് സ്‌റ്റേഷനുകളുടെ പരിധിയിലാണ് പ്രദേശങ്ങൾ. കിള്ളിപ്പാലം ബണ്ട് റോഡ്, പാടശ്ശേരി, ഇരുമ്പുപാലത്തിനു സമീപം, കീഴമ്പ് കടവ്, തേരകം ജങ്ഷനിലെ പണി തീരാത്ത കമ്യൂണിറ്റി ഹാൾ, കല്ലടിമുഖം, പള്ളത്ത് കടവ്, ഐരാണിമുട്ടം, കുന്നുംപുറം, ആറ്റുകാൽ തുടങ്ങിയ പ്രദേശങ്ങളിലെല്ലാം രാത്രി കഞ്ചാവ് സംഘങ്ങളുടെ കേന്ദ്രങ്ങളാണ്. വിൽപ്പനയും കൂട്ടമായിരുന്ന്‌ ഉപയോഗവുമുണ്ട്. ലോക്ഡൗൺ കാലത്ത് ചാരായം വാറ്റും നടന്നിരുന്നു.

അർധരാത്രി കിള്ളിപ്പാലം ബണ്ട് റോഡുവഴിയും മണക്കാട് ആറ്റുകാൽ വഴിയും എത്തുന്ന കാറുകൾ പാർക്കിങ് ഗ്രൗണ്ടു വഴി കടന്നുപോകുന്നതിനിടയിലാണ് ലഹരി സാധനങ്ങൾ കൈമാറുന്നത്.

രാത്രി എട്ടുമണി കഴിഞ്ഞാൽ ബണ്ട് റോഡു വഴി അമിതവേഗതയിൽ പായുന്ന യുവാക്കളുടെ വാഹനങ്ങൾ നാട്ടുകാർക്കും ഭീഷണിയാണ്.

സന്ധ്യ കഴിഞ്ഞാൽ പ്രദേശവാസികൾക്ക് പുറത്തിറങ്ങാനാവാത്ത സ്ഥിതിയാണ്. വഴിയാത്രക്കാരോടും ലഹരിമൂത്ത് ഇവർ മോശമായി പെരുമാറും. രാത്രി വീടുകൾക്ക് നേരേയുള്ള അക്രമങ്ങളും പതിവാണ്.

പോലീസെത്തുമ്പോൾ നദിയിലേക്കോ പുൽത്തകിടികൾക്കുള്ളിലേക്കോ ഒളിക്കാൻ സൗകര്യമുള്ളതാണ് ഇവരുടെ താവളങ്ങൾ. മാത്രമല്ല, ഐരാണിമുട്ടം, കിള്ളിപ്പാലം ഭാഗങ്ങളിലേക്ക് പോലീസ് വാഹനം എത്തിയാൽ വിവരം നൽകാൻ ആളുകളെയും ഏർപ്പെടുത്തിയിട്ടുണ്ട്. ചില രാഷ്ട്രീയ പ്രാദേശിക നേതാക്കളുടെ പിന്തുണയും ഇവർക്കു ലഭിക്കാറുണ്ട്. ചില പ്രാദേശിക നേതാക്കളുടെ ബന്ധുക്കളാണ് പല സംഘങ്ങൾക്കും നേതൃത്വം നൽകുന്നത്. നഗരത്തിലെ ഗുണ്ടകളുടെ ഒളിത്താവളമായി ഈ പ്രദേശങ്ങൾ മാറിയിരിക്കുകയാണ്.

Leave a Reply

Latest News

കരിപ്പൂര്‍ സ്വര്‍ണക്കടത്ത്‌ കേസില്‍ കൊടുവള്ളി സ്വദേശികള്‍ക്ക്‌ ബംഗളുരുവില്‍ ഒളിത്താവളമൊരുക്കിയയാള്‍ അറസ്‌റ്റില്‍

മലപ്പുറം: കരിപ്പൂര്‍ സ്വര്‍ണക്കടത്ത്‌ കേസില്‍ കൊടുവള്ളി സ്വദേശികള്‍ക്ക്‌ ബംഗളുരുവില്‍ ഒളിത്താവളമൊരുക്കിയയാള്‍ അറസ്‌റ്റില്‍. കൊടുവള്ളി സ്വദേശി മുഹമ്മദ്‌ ബഷീറി(ചിന്നന്‍ ബഷീര്‍ 47) നെയാണ്‌ ബംഗളുരുവില്‍നിന്നു പ്രത്യേക അന്വേഷണ...

More News