വിജയ് ഹസാരെ ട്രോഫി: അരുണാചലിനെതിരെ തമിഴ്‌നാടിന് കൂറ്റന്‍ ജയം; ലോക റെക്കോര്‍ഡ്

0

ബംഗളൂരു: ലിസ്റ്റ് എ ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും വലിയ വിജയമെന്ന റെക്കോര്‍ഡ് തമിഴ്‌നാട് സ്വന്തം പേരിലാക്കി. വിജയ് ഹസാരെ ട്രോഫില്‍ അരുണാചല്‍ പ്രദേശിനെ 435 റണ്‍സിന് തോല്‍പ്പിച്ചതോടെയാണ് റെക്കോര്‍ഡ് തമിഴ്‌നാടിന്റെ അക്കൗണ്ടിലായത്. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ തമിഴ്‌നാട് നാരായണ്‍ ജഗദീഷ് (141 പന്തില്‍ 277), സായ് സുദര്‍ശന്‍ (102 പന്തില്‍ 154) എന്നിവരുടെ കരുത്തില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 506 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ അരുണാചല്‍ 28.4 ഓവറില്‍ 71ന് എല്ലാവരും പുറത്താവുകയായിരുന്നു. അഞ്ച് വിക്കറ്റ് നേടിയ മണിമാരന്‍ സിദ്ധാര്‍ത്ഥാണ് അരുണാചലിനെ തകര്‍ത്തത്.

കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ അരുണാചല്‍ താരങ്ങള്‍ ഒരുതരത്തിലും തമിഴ്‌നാടിന് വെല്ലുവിളിയായില്ല. 17 റണ്‍സ് നേടിയ കംഷ യാംഗ്‌ഫോയാണ് അവരുടെ ടോപ് സ്‌കോറര്‍. ദോരിയ (14), മദന്‍ പോള്‍ (11) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. എക്‌സ്ട്രായിനത്തില്‍ 14 റണ്‍സും ലഭിച്ചു. നേരത്തെ, രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് തമിഴ്‌നാട് 506 റണ്‍സ് അടിച്ചെടുത്തത്. ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. ഈ വര്‍ഷം നെതര്‍ലന്‍ഡ്‌സിനെതിരെ ഇംഗ്ലണ്ട് നേടിയ 498 റണ്‍സാണ് പഴങ്കഥയായത്.

ഓപ്പണിംഗ് വിക്കറ്റില്‍ തന്നെ ഇരുവരും 416 റണ്‍സ് കൂട്ടിചേര്‍ത്തു. കേവലം 38.3 ഓവറിലായിരുന്നു ഇത്രയും റണ്‍സ്. 19 ഫോറും രണ്ട് സിക്‌സും നേടിയ സുദര്‍ശനാണ് ആദ്യം പുറത്തായത്. എന്നാല്‍ ജഗദീഷന്‍ ക്രീസില്‍ ഉറച്ചുനിന്നു. അതിനൊപ്പം ആക്രമിക്കാനും താരം മറന്നില്ല. 141 പന്തുകള്‍ മാത്രമാണ് താരം നേരിട്ടത്. 196.45 സ്‌ട്രൈക്ക് റേറ്റിലാണ് താരം 277 റണ്‍സ് നേടുന്നത്. 25 ഫോറും 15 സിക്‌സും ജഗദീഷന്റെ ഇന്നിംഗ്‌സില്‍ ഉണ്ടായിരുന്നു. 26കാരന്‍ നേടിയ 210 റണ്‍സും ബൗണ്ടറിയിലൂടെയായിരുന്നു.

ട്രിപ്പിള്‍ സെഞ്ചുറി പൂര്‍ത്തിയാക്കുമെന്ന് കരുതിയെങ്കിലും 42-ാം ഓവറില്‍ താരം വീണു. വിജയ് ഹസാരെ ഈ സീസണില്‍ വലങ്കയ്യന്‍ ഓപ്പണര്‍ നേടുന്ന തുടര്‍ച്ചയായ അഞ്ചാമത്തെ സെഞ്ചുറിയാണിത്. റണ്‍വേട്ടയിലും ജഗദീഷന്‍ തന്നെയാണ് മുന്നില്‍. ജഗദീഷന്‍ മടങ്ങിയെങ്കിലും ബാബ അപരാജിത് (32 പന്തില്‍ 31), ബാബ ഇന്ദ്രജിത് (26 പന്തില്‍ 31) എന്നിവര്‍ സ്‌കോര്‍ 500 കടത്തി. 10 ഓവറില്‍ 114 റണ്‍സ് വഴങ്ങിയ ചേതന്‍ ആനന്ദാണ് ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയ താരം.

LEAVE A REPLY

Please enter your comment!
Please enter your name here