പുതുമുഖ നടിയെ പീഡിപ്പിച്ചെന്ന കേസിനെത്തുടര്‍ന്ന്‌ വിദേശത്തേക്കു കടന്ന നടനും നിര്‍മാതാവുമായ വിജയ്‌ ബാബു 30നു കേരളത്തില്‍ മടങ്ങിയെത്തുമെന്ന്‌ അഭിഭാഷകര്‍ ഹൈക്കോടതിയെ അറിയിച്ചു

0

പുതുമുഖ നടിയെ പീഡിപ്പിച്ചെന്ന കേസിനെത്തുടര്‍ന്ന്‌ വിദേശത്തേക്കു കടന്ന നടനും നിര്‍മാതാവുമായ വിജയ്‌ ബാബു 30നു കേരളത്തില്‍ മടങ്ങിയെത്തുമെന്ന്‌ അഭിഭാഷകര്‍ ഹൈക്കോടതിയെ അറിയിച്ചു. നാട്ടിലേക്കുള്ള മടക്കയാത്രാ രേഖ ഹാജരാക്കിയാല്‍ ജാമ്യാപേക്ഷ പരിഗണിക്കാമെന്നു കോടതി അറിയിച്ച പിന്നാലെയാണിത്‌. മടക്കയാത്രയ്‌ക്കുള്ള ടിക്കറ്റ്‌ കോടതിയില്‍ ഹാജരാക്കി.
കൊച്ചിയിലേക്കുള്ള ഇന്നലത്തെ വിമാന യാത്രക്കാരുടെ പട്ടികയില്‍ വിജയ്‌ ബാബുവിന്റെ പേരുണ്ടായിരുന്നില്ല. ഇന്നലെ മടങ്ങിയെത്തിയില്ലെങ്കില്‍ വൈകിട്ട്‌ അഞ്ചിനുശേഷം റെഡ്‌കോര്‍ണര്‍ നോട്ടിസാനയുള്ള നടപടി സ്വീകരിക്കുമെന്നു കൊച്ചി സിറ്റി പോലീസ്‌ കമ്മിഷണര്‍ സി.എച്ച്‌. നാഗരാജു അറിയിച്ചിരുന്നു. ഇതിനു പിന്നാലയാണു ടിക്കറ്റ്‌ കോടതിയില്‍ ഹാജരാക്കിയത്‌.
ദുബായില്‍നിന്നു കൊച്ചിയിലേക്കു വിജയ്‌ ബാബു വിമാനടിക്കറ്റ്‌ ബുക്ക്‌ ചെയ്‌തതിന്റെ രേഖകളാണു പ്രതിഭാഗം അഭിഭാഷകന്‍ ഇന്നലെ ഹൈക്കോടതിയില്‍ ഹാജരാക്കിയത്‌. വിശദമായ യാത്രരേഖകള്‍ ഇന്നു ഹാജരാക്കാമെന്നും അഭിഭാഷകര്‍ വ്യക്‌തമാക്കിയിട്ടുണ്ട്‌. ജോര്‍ജിയയില്‍നിന്നു വിജയ്‌ ബാബു ദുബായില്‍ മടങ്ങിയെത്തിയിരുന്നു. പോലീസ്‌ കേസെടുക്കുന്നതിനു മുമ്പായി ദുബായിലേക്കു കടന്ന വിജയ്‌ ബാബു അവിടെ നിന്നാണ്‌ ജോര്‍ജിയയിലേക്കു പോയിരുന്നു. കുറ്റവാളികളെ കൈമാറാന്‍ ഇന്ത്യയുമായി ധാരണയില്‍ എത്താത്ത രാജ്യമാണു ജോര്‍ജിയ. ജാമ്യം ലഭിക്കുന്നവരെ വിദേശത്തു തുടരാനായിരുന്നു വിജയ്‌ ബാബുവിന്റെ നീക്കം. എന്നാല്‍ അതു പാളിയതോടെയാണ്‌ വിജയ്‌ ബാബു മടങ്ങാന്‍ നിര്‍ബന്ധിതനായത്‌. 31 നാണു തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്‌. സര്‍ക്കാരിന്റെ മുഖം രക്ഷിക്കാന്‍ അതിനു മുമ്പായി വിജയ്‌ ബാബുവിനെ പിടികൂടണമെന്നുള്ള നിര്‍ദേശവും വിജയ്‌ബാബുവിനു തിരിച്ചടിയായി.

LEAVE A REPLY

Please enter your comment!
Please enter your name here