പാലായിലെ യുവസംരംഭകനില്‍നിന്നു കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ്‌ സീനിയര്‍ എന്‍ജിനീയര്‍ ജോസ്‌മോനെ വിജിലന്‍സ്‌ ചോദ്യം ചെയ്‌തു

0

കോട്ടയം: പാലായിലെ യുവസംരംഭകനില്‍നിന്നു കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ്‌ സീനിയര്‍ എന്‍ജിനീയര്‍ ജോസ്‌മോനെ വിജിലന്‍സ്‌ ചോദ്യം ചെയ്‌തു. ചോദ്യം ചെയ്യലില്‍ ജോസ്‌മോന്‍ ആരോപണങ്ങള്‍ നിഷേധിച്ചു. ഈ കേസില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ്‌ കോട്ടയം ജില്ലാ എന്‍ജീനിയറെ നേരത്തെ അറസ്‌റ്റ്‌ ചെയ്‌തിരുന്നു. തുടര്‍ന്നു പരാതിക്കാരന്‍ നല്‍കിയ മൊഴിയില്‍ മുന്‍ എന്‍ജീനിയറായിരുന്ന ജോസ്‌മോനും ഒരു ലക്ഷം രൂപ വാങ്ങിയെന്നു പരാതിപ്പെടുകയും ഇയാളെ കേസില്‍ രണ്ടാം പ്രതിയാക്കുകയുമായിരുന്നു.
തുടര്‍ന്നു വിജിലന്‍സ്‌ കൊല്ലം എഴുകോണിലെ ജോസ്‌മോന്റെ വീട്ടില്‍ നടത്തിയ പരിശോധനയെത്തുടര്‍ന്നു അനധികൃത സ്വത്തു സമ്പാദനത്തിനു കേസെടുത്തിരുന്നു. ഇന്നലെ കോട്ടയം വിജിലന്‍സ്‌ ഡി.വൈ.എസ്‌.പി. വിദ്യാധരന്‍ മുമ്പാകെ ഇയാള്‍ ഹാജരായി. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ രാത്രി വിട്ടയച്ച ജോസ്‌മോനെ ചോദ്യം ചെയ്യാന്‍ വീണ്ടും നോട്ടീസ്‌ നല്‍കും. കേസെടുക്കുമ്പോള്‍ തിരുവനന്തപുരത്ത്‌ ഹെഡ്‌ ഓഫീസില്‍ സീനിയര്‍ എന്‍ജീനിയറായിരുന്നു ജോസ്‌മോന്‍.

Leave a Reply