Monday, September 27, 2021

കൈക്കൂലി വാങ്ങുന്നതിനിടെ കട്ടപ്പന നഗരസഭയിലെ റവന്യൂ ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ

Must Read

കട്ടപ്പന: കൈക്കൂലി വാങ്ങുന്നതിനിടെ കട്ടപ്പന നഗരസഭയിലെ റവന്യൂ ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ. റവന്യൂ ഇൻസ്പെക്ടർ ഷിജു എ.അസീസാണ് പിടിയിലായത്. വീടിന്റെ ഉടമസ്ഥാവകാശം മാറ്റിനൽകുന്നതിന് വെട്ടിക്കവല സ്വദേശിയ ജോഷി വള്ളിയാംതടത്തിലിന്റെ പക്കൽനിന്ന്‌ 13,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്റ്റ്.

മറ്റൊരാളിൽനിന്ന്‌ വാങ്ങിയ വീടിന്റെ ഉടമസ്ഥാവകാശം ജോഷിയുടെ അമ്മയുടെ പേരിലേക്ക് മാറ്റി നൽകുന്നതിന് മുനിസിപ്പൽ ഓഫീസിൽ അപേക്ഷ നൽകിയിരുന്നു.

ഫെബ്രുവരിയിലാണ് അപേക്ഷ നൽകിയത്. അന്ന് ജോലിയിലുണ്ടായിരുന്ന റവന്യൂ ഇൻസ്പെക്ടർ സ്ഥലം മാറിയതിനുശേഷമാണ് ഷിജു അസീസ് ചാർജ് എടുക്കുന്നത്. ഇതിനുപിന്നാലെ സ്ഥലം സന്ദർശിച്ച ഷിജു ഫയൽ നീക്കുന്നതിന് അറുപതിനായിരം രൂപയാകുമെന്നും തനിക്ക് ഇരുപതിനായിരം രൂപ നൽകിയാൽ നടപടികൾ വേഗത്തിലാക്കി നൽകാമെന്നും സ്ഥലമുടമയെ അറിയിച്ചു.

അത്രയും പണമില്ലെന്ന് പരാതിക്കാരൻ പറഞ്ഞെങ്കിലും നിരന്തരം കൈക്കൂലി ആവശ്യപ്പെട്ടുകൊണ്ടിരുന്നു. തുടർന്ന് 13,000 രൂപ നൽകണമെന്ന് പറഞ്ഞ് പരാതിക്കാരനെ റവന്യൂ ഇൻസ്പെക്ടർ ഓഫീസിലേക്ക് വിളിപ്പിച്ചു. കൈക്കൂലി വാങ്ങുന്നതിനിടെ പുറത്ത് കാത്തുനിന്ന് വിജിലൻസ് സംഘം ഇയാളെ കൈയോടെ പിടികൂടുകയായിരുന്നു. രണ്ടാഴ്ച മുമ്പാണ് ഷിജു അസീസ് കട്ടപ്പന റവന്യൂ ഇൻസ്‌പെക്ടറായി ചുമതലയേറ്റത്. ഇതിനോടകം പലരിൽനിന്നും ഇയാൾ കൈക്കൂലി ആവശ്യപ്പെടുകയും വാങ്ങുകയും ചെയ്തിട്ടുള്ളതായി ആരോപണമുണ്ട്.

കോട്ടയം വിജിലൻസ് എസ്.പി. വി.ജി.വിനോദ് കുമാറിന്റെ നിർദേശപ്രകാരം ഇടുക്കി വിജിലൻസ് ഡിവൈ.എസ്.പി. വി.ആർ.രവികുമാർ, സി.ഐ.മാരായ ടിപ്സൺ തോമസ് മേക്കാടൻ, ടി.ബിജു, വിനേഷ്‌കുമാർ, റെജി എം.കുന്നിപ്പറമ്പൻ, എസ്.ഐ.മാരായ കെ.എൻ.ഷാജി, സന്തോഷ്, ജോയി, എ.എസ്.ഐ.മാരായ സഞ്ജയ്, ഷാജികുമാർ, സ്റ്റാൻലി തോമസ്, തുളസീധരക്കുറുപ്പ്, ബിനോയി തോമസ്, എസ്.സി.പി.ഒ.മാരായ മഹേഷ്, സുരേന്ദ്രൻ, സന്ദീപ് ദത്തൻ മെദീൻ, അരുൺ സി.ചന്ദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടി

Leave a Reply

Latest News

മുവാറ്റുപുഴ ആർ ഡി ഒ ഓഫീസിലെ ജീവനക്കാരൻ എം.കെ. ജോഷി കോവിഡ് ബാധിച്ച് മരിച്ചു

മുവാറ്റുപുഴ ആർ ഡി ഒ ഓഫീസിലെ ജീവനക്കാരൻ എം.കെ. ജോഷി (42) കോവിഡ് ബാധിച്ച് മരിച്ചു.കാക്കനാട് കളക്‌ട്രേറ്റിലും ജോലി ചെയ്തിട്ടുണ്ട്. കോതമംഗലം ചെറുവട്ടൂർ മോളും പുറത്ത്...

More News