ഇന്ത്യന്‍ ഹോക്കിയിലെ വെറ്ററന്‍ ഗോള്‍ കീപ്പര്‍ മലയാളി താരം പി.ആര്‍. ശ്രീജേഷിന്‌ വേള്‍ഡ്‌ ഗെയിംസ്‌ അത്‌ലറ്റ്‌ പുരസ്‌കാരം

0

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഹോക്കിയിലെ വെറ്ററന്‍ ഗോള്‍ കീപ്പര്‍ മലയാളി താരം പി.ആര്‍. ശ്രീജേഷിന്‌ വേള്‍ഡ്‌ ഗെയിംസ്‌ അത്‌ലറ്റ്‌ പുരസ്‌കാരം.
കഴിഞ്ഞ വര്‍ഷത്തെ പ്രകടനങ്ങളുടെ അടിസ്‌ഥാനത്തിലാണു പുരസ്‌കാരം. വേള്‍ഡ്‌ ഗെയിംസ്‌ അത്‌ലറ്റ്‌ പുരസ്‌കാരം നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ്‌. 2020 ല്‍ വനിതാ ഹോക്കി ടീം നായിക റാണി റാംപാല്‍ ഈ പുരസ്‌കാരം നേടിയിരുന്നു. 2019 ലെ പ്രകടന മികവിന്റെ അടിസ്‌ഥാനത്തിലായിരുന്നു റാണി ജേതാവായത്‌. സ്‌പെയിന്റെ സ്‌പോര്‍ട്‌ ക്ലൈംബര്‍ ആല്‍ബര്‍ട്ടോ ഗിനെസ്‌ ലോപസ്‌, ഇറ്റലിയുടെ വുഷു താരം മിഷേല ജിയോര്‍ഡാനോ എന്നിവരെ പിന്തള്ളിയാണു പി.ആര്‍. ശ്രീജേഷ്‌ ജേതാവായത്‌. 127,647 വോട്ടുകളാണു മലയാളി ഗോള്‍ കീപ്പര്‍ക്കു ലഭിച്ചത്‌്. രണ്ടാംസ്‌ഥാനത്തെത്തിയ താരത്തെക്കാള്‍ ഇരട്ടി വോട്ടുകള്‍ നേടാന്‍ പി.ആര്‍. ശ്രീജേഷിനായി. ഗിനെസ്‌ ലോപസിന്‌ 67,428 വോട്ടുകള്‍ ലഭിച്ചു.
രാജ്യാന്തര ഹോക്കി ഫെഡറേഷനാണു ശ്രീജേഷിനെ പുരസ്‌കാരത്തിനായി ശിപാര്‍ശ ചെയ്‌തത്‌. മലയാളി താരത്തെ അഭിനന്ദിച്ച്‌ ആദ്യം ട്വീറ്റ്‌ ചെയ്‌തതും എഫ്‌.ഐ.എച്ചാണ്‌. ”ശിപാര്‍ശ ചെയ്‌ത രാജ്യാന്തര ഹോക്കി ഫെഡറേഷനും തനിക്കു വോട്ട്‌ ചെയ്‌ത എല്ലാ ഹോക്കി പ്രേമികള്‍ക്കും” നന്ദി പറയുന്നതായി ശ്രീജേഷ്‌ പറഞ്ഞു. ്‌എറണാകുളം കിഴക്കമ്പലം സ്വദേശിയായ പി.ആര്‍. ശ്രീജേഷ്‌ ടോക്കിയോ ഒളിമ്പിക്‌സില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ഹോക്കി ടീമിന്റെ ഗോള്‍ കീപ്പറായിരുന്നു. രാജ്യാന്തര ഹോക്കി ഫെഡറേഷന്റെ 2021 ലെ മികച്ച ഗോള്‍ കീപ്പറിനുള്ള പുരസ്‌കാരവും ശ്രീജേഷിനായിരുന്നു. 2006 ലെ കൊളംബോയില്‍ നടന്ന ദക്ഷിണേഷ്യന്‍ ഗെയിംസിലാണ്‌ ഇന്ത്യക്കു വേണ്ടി അരങ്ങേറുന്നത്‌. 2011 മുതല്‍ ടീമില്‍ സ്‌ഥിരമാണ്‌. പാകിസ്‌താനെതിരേ നടന്ന ഏഷ്യന്‍സ്‌ ചാമ്പ്യന്‍സ്‌ ട്രോഫി ഫൈനലില്‍ രണ്ട്‌ പെനാല്‍റ്റി സ്‌ട്രോക്കുകള്‍ തടഞ്ഞ്‌ താരമായി. 2012 ലെ ലണ്ടന്‍ ഒളിമ്പിക്‌സിലും 2014 ലെ ലോകകപ്പിലും കളിച്ചു. 2014 ലെ ഏഷ്യന്‍ ഗെയിംസിലും പാകിസ്‌താനെതിരേ രണ്ട്‌ പെനാല്‍റ്റി സ്‌ട്രോക്കുകള്‍ തടഞ്ഞു താരമായി. ലണ്ടനില്‍ നടന്ന 2016 ലെ ചാമ്പ്യന്‍സ്‌ ട്രോഫിയില്‍ ഇന്ത്യയെ നയിച്ചു. വെള്ളി മെഡലുമായാണു തിരിച്ചു വന്നത്‌.
റിയോ ഡി ജനീറോയില്‍ നടന്ന 2016 ഒളിമ്പിക്‌സില്‍ ടീമിനെ നയിക്കാനായി. 33 വയസുകാരനായ ശ്രീജേഷ്‌ ഇന്ത്യക്കു വേണ്ടി ഇതുവരെ 244 മത്സരങ്ങള്‍ കളിച്ചു. വേള്‍ഡ്‌ അത്‌ലറ്റിക്‌സാണ്‌ മികച്ച താരത്തിനുള്ള പുരസ്‌കാരം നല്‍കുന്നത്‌. ട്രാക്ക്‌ ആന്‍ഡ്‌ ഫീല്‍ഡ്‌, ക്രോസ്‌ കണ്‍ട്രി, റേസ്‌ വാക്ക്‌ തുടങ്ങിയ വിവിധ ഇനങ്ങളില്‍ മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കുന്ന താരങ്ങള്‍ക്കാണു പുരസ്‌കാരം നല്‍കുക. 1988 ലെ പ്രഥമ പുരസ്‌കാരം ഇതിഹാസ അത്‌ലറ്റ്‌ കാള്‍ ലൂയിസും ഫളോറന്‍സ്‌ ഗ്രിഫിത്‌ ജോയ്‌നറും സ്വന്തമാക്കി.

Leave a Reply