തിരുവനന്തപുരം : ഇന്ധന വില വർധനയിൽ പ്രതിഷേധിച്ച് മാർച്ച് രണ്ടിന് വാഹന പണിമുടക്ക്. സംസ്ഥാനത്തെ മോട്ടോർ വ്യവസായ മേഖലയിലെ ട്രേഡ് യൂണിയനുകളും തൊഴിലുടമകളുമാണ് സംയുക്ത പണിമുടക്കിന് ആഹ്വാനം നൽകിയിട്ടുള്ളത്. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് പണിമുടക്ക്.
ഇന്ധനവില വർധന മോട്ടോർ വ്യവസായ മേഖലയെ ഏറ്റവും പ്രതികൂലമായി ബാധിക്കുന്നതായി ട്രേഡ് യൂണിയനുകൾ ചൂണ്ടിക്കാട്ടി. കേന്ദ്ര സർക്കാർ എക്സൈസ് നികുതി, അഡീഷണൽ എക്സൈസ് നികുതി, സർചാർജ് തുടങ്ങിയവ കുത്തനെ ഉയർത്തിയതും സ്വകാര്യ പെട്രോളിയം കമ്പനികൾക്ക് കൊള്ള ലാഭമുണ്ടാക്കാൻ അവസരമൊരുക്കുന്നതുമാണ് ഇന്ധനവില വർധനയ്ക്ക് പിന്നിലെന്നും അവർ ആരോപിച്ചു.
പണിമുടക്ക് വിജയിപ്പിക്കണമെന്ന് വിവിധ ട്രേഡ് യൂണിയനുകളെ പ്രതിനിധീകരിച്ച് കെ കെ ദിവാകരൻ, പി നന്ദകുമാർ (സിഐടിയു), ജെ ഉദയഭാനു(എഐടിയുസി), പി ടി പോൾ, വി ആർ പ്രതാപൻ (ഐഎൻടിയുസി), വിഎകെ തങ്ങൾ (എസ്ടിയു), മനയത്ത് ചന്ദ്രൻ (എച്ച്എംഎസ്), ടി സി വിജയൻ (യുടിയുസി), ചാൾസ് ജോർജ് (ടിയുസിഐ) തുടങ്ങിയവർ അഭ്യർഥിച്ചു.
English summary
Vehicles on strike on March 2 to protest rising fuel prices