Friday, July 30, 2021

കുളത്തിൽ മുങ്ങിത്താഴ്‌ന്നയാളെ ജീവിതത്തിലേക്ക് തിരിച്ചെടുത്ത് വൈഷ്ണവും കിരണും

Must Read

ശ്രീകൃഷ്ണപുരം :കുളത്തിൽ മുങ്ങിത്താഴ്‌ന്നയാളെ ജീവിതത്തിലേക്ക് തിരിച്ചെടുത്ത് വൈഷ്ണവും കിരണും.
കുളത്തിന്റെ അക്കരെനിന്ന്‌ നീന്തിത്തുടങ്ങിയ ആൾ ഇക്കരെയെത്താഞ്ഞതെന്തെന്ന് വൈഷ്ണവ് ചോദിച്ചപ്പോൾ കിരണിനും എന്തോ പന്തികേട് തോന്നി. സൂക്ഷിച്ചുനോക്കിയപ്പോൾ വിശാലമായ പുഞ്ചപ്പാടം കോടർമണ്ണ മഹാവിഷ്ണുക്ഷേത്ര കുളത്തിന്റെ മധ്യത്തിൽ ഒരാൾ മുങ്ങിത്താഴുന്നു.

ഉടൻതന്നെ കിരിണും വൈഷ്ണവും കുളത്തിലേക്ക് എടുത്തുചാടി. വെള്ളത്തിൽ മുങ്ങിത്താഴ്ന്നുതുടങ്ങിയ ആളുടെ ഇരുകൈയിലും പിടിച്ച് കുളക്കരയിലേക്ക് നീന്തി. കുളക്കരയിൽനിന്നിരുന്ന നാട്ടുകാർ മുണ്ട് വെള്ളത്തിലേക്ക് ഇട്ടുകൊടുത്തു. പിന്നിട് മുണ്ടിൽ പിടിച്ചുകയറ്റി.

ഞായറാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം. ബെംഗളൂരുവിൽ ജോലിയുള്ള ചെർപ്പുളശ്ശേരി സ്വദേശിയായ 45കാരനാണ് അപകടത്തിൽപ്പെട്ടതെന്നുമാത്രം ഇവർക്കറിയാം ആളുടെ പേരറിയില്ല. ആറേഴുപേരടങ്ങിയ സംഘം ഞായറാഴ്ച വൈകീട്ട് നാലരമണിയോടെയാണ് രണ്ട്‌ കാറുകളിൽ കുളക്കരയിലെത്തിയത്.

ഒരാൾമാത്രമാണ് വെള്ളത്തിലിറങ്ങിയത്. മറ്റുള്ളവർ കുളക്കടവിൽനിന്നു. ഈ സമയത്ത് കിരണും വൈഷ്ണവും കുളക്കടവിൽനിന്ന് നീന്തി കുളത്തിന്റെ മറുകരയിലെത്തിയിരുന്നു. ‘കാട്ടുകുളത്തെ ബന്ധുവീട്ടിൽ വന്നതായിരുന്നുവെന്നാണ് സംഘാംഗങ്ങൾ പറഞ്ഞത്. അവരിൽ ജയൻ എന്നൊരാളുടെ പേരുമാത്രമാണ് അറിയുക. ഒരുമിച്ചുനിന്ന് ഫോട്ടോ എടുത്ത് നന്ദിപറഞ്ഞാണ് ജയനും കൂട്ടുകാരും പോയത്. വിലാസമൊന്നും നൽകിയല്ല’ – വൈഷ്ണവും കിരണും പറഞ്ഞു.

രണ്ടുപേരും പ്ലസ് ടു വിദ്യാർഥികളാണ്. പി. കിരൺ വെള്ളിനേഴി ഹയർസെക്കൻഡറി സ്‌കൂളിലും ടി. വൈഷ്ണവ് ചെർപ്പുളശ്ശേരി എം.ഇ.എസ്. കോളേജിലുമാണ് പഠിക്കുന്നത്.

പുഞ്ചപ്പാടം താനിക്കപ്പറമ്പ് ബാലകൃഷ്ണന്റെയും നിർമലയുടെയും മകനാണ് വൈഷ്ണവ്. പുഞ്ചപ്പാടം ഷാരത്ത്കുന്ന് ബാലസുബ്രഹ്മണ്യന്റെയും ശാന്തകുമാരിയുടെയും മകനാണ് കിരൺ.

Leave a Reply

Latest News

അമ്പലപ്പാറയില്‍ ചിക്കന്‍ മാലിന്യ നിര്‍മ്മാര്‍ജന ഫാക്ടറിയില്‍ വന്‍ തീപിടിത്തം

പാലക്കാട്: അമ്പലപ്പാറയില്‍ ചിക്കന്‍ മാലിന്യ നിര്‍മ്മാര്‍ജന ഫാക്ടറിയില്‍ വന്‍ തീപിടിത്തം. തീ അണയ്ക്കുന്നതിനിടയില്‍ ഫാക്ടറിയിലെ ഓയില്‍ ടാങ്ക് പൊട്ടിത്തെറിച്ച് മണ്ണാര്‍ക്കാട് ഫയര്‍ ഫോഴ്‌സ് അംഗങ്ങള്‍ക്കും നാട്ടുകാര്‍ക്കും...

More News