Tuesday, May 18, 2021

വൈഗയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒളിവിലായിരുന്ന പിതാവ് സനു മോഹൻ കൊല്ലൂർ മൂകാംബികയിൽ; കൊച്ചിയിലെ ക്വട്ടേഷൻ സംഘങ്ങളെ കേന്ദ്രീകരിച്ചും അന്വേഷണം; ചെന്നൈയിലും കോയമ്പത്തൂരിലും തിരച്ചിൽ നടത്തിയിട്ടും സനു മോഹനെ കണ്ടെത്താനാകാത്തതിനെ തുടർന്നു പൊലീസ് തിരികെ പോരാനൊരുങ്ങുന്നു

Must Read

കൊച്ചി:കളമശ്ശേരി മുട്ടാർ പുഴയിൽ വൈഗയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒളിവിലായിരുന്ന പിതാവ് സനു മോഹൻ കൊല്ലൂർ മൂകാംബികയിൽ തങ്ങിയതായി സൂചന. കഴിഞ്ഞ രണ്ട് ദിവസം ഇവിടത്തെ സ്വകാര്യ ഹോട്ടലിൽ താമസിച്ചിരുന്നതായാണ് സംശയം. ഹോട്ടലിൽ നൽകിയ തിരിച്ചറിയൽ രേഖയുടെ പകർപ്പിലൂടെയാണ് സനുവാണെന്ന സൂചന ലഭിച്ചത്. ആധാർ കാർഡാണ് തിരിച്ചറിയൽ രേഖയായി നൽകിയത്. ഹോട്ടലിലെ ബില്ലടയ്ക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് സനു മോഹനും ഹോട്ടൽ ജീവനക്കാർക്കും ഇടയിൽ തർക്കമുണ്ടായിരുന്നു. ഇത് ശ്രദ്ധയിൽ പെട്ട ചില മലയാളികളാണ് ഇത് കേരള പോലീസ് അന്വേഷിക്കുന്ന സനു മോഹനാണോയെന്ന സംശയം പ്രകടിപ്പിച്ചത്. ഇക്കാര്യം കൊച്ചി സിറ്റി പോലീസിൽ വിളിച്ചറിയിച്ചു. ഇതിനിടെ സനു മോഹൻ കടന്നുകളഞ്ഞെന്ന് ഹോട്ടൽ ജീവനക്കാർ പറയുന്നു.

കൊച്ചിയിലെ പോലീസ് കർണാടക പോലീസിൽ ബന്ധപ്പെട്ട് ഇയാളെ കുറിച്ച് അന്വേഷിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെയാണ് ഇയാൾ ഹോട്ടലിൽനിന്ന് കടന്നുകളഞ്ഞത്. ഹോട്ടലിൽ ഉണ്ടായിരുന്ന രണ്ട് ദിവസവും സനു മോഹൻ മാസ്ക് ധരിച്ചിരുന്നു. മൂകാംബികയിൽ നിന്നുള്ള വിവരത്തെ തുടർന്ന് അന്വേഷണ സംഘം വെള്ളിയാഴ്ച രാത്രി അങ്ങോട്ടേക്ക് തിരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം അയൽ സംസ്ഥാനങ്ങൾ കൂടാതെ രാജ്യവ്യാപകമായ അന്വേഷണം നടത്തുന്നതിന്റെ ഭാഗമായി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്റ മറ്റു സംസ്ഥാനങ്ങളിലെ പോലീസ് മേധാവിമാരുടെ സഹായം തേടിക്കൊണ്ട് ഇ മെയിൽ അയച്ചിരുന്നു. ഒപ്പം, മറ്റു സംസ്ഥാനങ്ങളിൽ ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്.

സനു മോഹന്റെ തിരോധാനവുമായി ബന്ധപ്പെട്ടു കൊച്ചിയിലെ ക്വട്ടേഷൻ സംഘങ്ങളെ കേന്ദ്രീകരിച്ചും അന്വേഷണം. കൊച്ചിയിലുള്ള ചിലരുമായി സനുവിനു സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നുവെന്ന ബന്ധുക്കളുടെ ആവർത്തിച്ചുള്ള വെളിപ്പെടുത്തൽ പരിഗണിച്ചാണു പൊലീസിന്റെ നടപടി. ഗുണ്ടാനിയമപ്രകാരം (കാപ്പ) നേരത്തെ തടവിൽ കിടന്നവർ ഉൾപ്പെടെ ഏതാനും പേരെയും അവരുടെ സംഘാംഗങ്ങളായിരുന്ന ചിലരെയുമാണു പൊലീസ് നിരീക്ഷിക്കുന്നത്.

2 പേരെ ചോദ്യം ചെയ്തെങ്കിലും ഇവർക്കു പങ്കുള്ളതായി സൂചന ലഭിച്ചില്ല. മറ്റു ജില്ലകൾ കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന ചില സംഘങ്ങൾ കൊച്ചിയിലേക്കു താവളം മാറ്റിയിട്ടുണ്ടെന്ന് ഇവരിൽ നിന്നു വിവരം ലഭിച്ചു. സാമ്പത്തിക തർക്കങ്ങൾ ഒത്തു തീർപ്പിലെത്തിക്കാൻ സഹായിക്കുന്ന മധ്യസ്ഥർ എന്ന നിലയിൽ മുൻ ക്വട്ടേഷൻ സംഘാംഗങ്ങളായ ചിലർ കൊച്ചിയിൽ സജീവമാണ്. ലഹരി മരുന്ന് ഇടപാട‌് മുതൽ റിയൽ എസ്റ്റേറ്റ് തർക്കങ്ങളിൽ വരെ ഇടപെടുന്ന ഇക്കൂട്ടരിൽ ചിലരുടെ പേരുകളാണ് പൊലീസ് നിരീക്ഷണ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. സ്പെഷൽ ബ്രാഞ്ചും ഇവരുടെ വിശദാംശങ്ങൾ ശേഖരിക്കുന്നുണ്ട്.

കൊച്ചിയിലേയോ പുണെയിലേയോ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടു വൻതുക കിട്ടാനുള്ള ആരെങ്കിലും സനുവിനെ പിടികൂടി തങ്ങളുടെ അടുത്തെത്തിക്കാൻ ക്വട്ടേഷൻ നൽകിയിരിക്കാമെന്ന ബന്ധുക്കളിൽ ചിലരുടെ നിഗമനം തള്ളിക്കളയേണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. 5 വർഷമായി കങ്ങരപ്പടിയിലെ ഫ്ലാറ്റിൽ സനു താമസിക്കുന്ന വിവരം മാതാപിതാക്കളോ സഹോദരനോ അറിഞ്ഞിരുന്നില്ലെന്നതു ഗൗരവത്തിലെടുത്താണ് പൊലീസിന്റെ നീക്കം.

പൊലീസ് മടങ്ങും

രണ്ടാഴ്ചയായി ചെന്നൈയിലും കോയമ്പത്തൂരിലും തിരച്ചിൽ നടത്തിയിട്ടും സനു മോഹനെ കണ്ടെത്താനാകാത്തതിനെ തുടർന്നു പൊലീസ് തിരികെ പോരാനൊരുങ്ങുന്നു. അവിടെ ഹോട്ടലുകളിലും വീടുകളിലും ചില പാർപ്പിട കോളനികളിലുമായിരുന്നു പൊലീസിന്റെ തിരച്ചിൽ. കേരളത്തിലുള്ള തമിഴ്നാട്ടുകാരുടെ ബന്ധുക്കളും സനു മോഹനെ കണ്ടുപിടിക്കാൻ പൊലീസിനെ സഹായിച്ചിരുന്നു.

തമിഴ്നാട്ടിൽ സനു മോഹൻ എത്താനിടയുണ്ടെന്നു സൂചന ലഭിച്ച പ്രദേശങ്ങളിൽ കേരള പൊലീസ് സംഘം ചെന്നപ്പോഴാണ് നേരത്തെ കേരളത്തിൽ തൊഴിലെടുത്തിരുന്ന തമിഴ്നാട്ടുകാർ അവർക്കൊപ്പം കൂടിയത്. പുറമേ നിന്നുള്ളവർ വാടകയ്ക്കു താമസിക്കുന്ന കോളനികൾ കേന്ദ്രീകരിച്ചു നടത്തുന്ന അന്വേഷണത്തിലാണ് നാട്ടുകാരുടെ സഹായവും ലഭിച്ചത്. മൂന്നാഴ്ച കൊണ്ടു സനു മോഹൻ തമിഴ്നാട്ടിൽ ആൾമാറാട്ടത്തിലൂടെ ജോലിയൊന്നും സംഘടിപ്പിക്കാനുള്ള സാധ്യത പൊലീസ് കാണുന്നില്ല.

ക്രൈംബ്രാഞ്ചും

സനു മോഹന്റെ തിരോധാനവുമായി ബന്ധപ്പെട്ട കേസ് വിവരങ്ങൾ ക്രൈംബ്രാഞ്ചും പരിശോധിക്കുന്നു. സനുവിന്റെ പേരിൽ കൊലപാതകമോ മറ്റു കുറ്റകൃത്യമോ ഇതുവരെ ചുമത്താത്ത സാഹചര്യത്തിൽ കീഴ്‍വഴക്കം അനുസരിച്ചു കേസ് ക്രൈംബ്രാഞ്ചിനു കൈമാറേണ്ടി വരും. സനു മോഹനെ കാണുന്നില്ലെന്ന പരാതിയിലാണു നിലവിലെ അന്വേഷണം. ഒരാളെ കാണാനില്ലെന്ന പരാതി ലഭിച്ചാൽ 14 ദിവസം അന്വേഷിച്ചിട്ടും കണ്ടെത്താനാകുന്നില്ലെങ്കിൽ കേസ് ക്രൈംബ്രാഞ്ചിനു കൈമാറുകയാണു പതിവ്. ലോക്കൽ പൊലീസിന്റെ ജോലി ഭാരം കൂടി മുൻനിർത്തിയാണ് ഇത്തരം നടപടി. സനു മോഹന്റെ തിരോധാനത്തിലും മറ്റു വകുപ്പുകൾ ചേർത്തിട്ടില്ലാത്തതിനാൽ കാണാനില്ലെന്ന പരാതി മാത്രമാണ് ഇതുവരെ നിലനിൽക്കുന്നത്.

കേസ് പഠിച്ചു പൊലീസ്

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടു വ്യവസായിയെ തട്ടിക്കൊണ്ടു പോയെന്ന, സിപിഎം നേതാവ് ഉൾപ്പെട്ട വിവാദ കേസും സനു മോഹന്റെ തിരോധാനത്തിന്റെ പേരിൽ പൊലീസ് പൊടിതട്ടിയെടുക്കുന്നു. ഇരു സംഭവങ്ങൾക്കും സമാനതകളുണ്ടെന്നാണു വിലയിരുത്തൽ. സിപിഎം നേതാവ് ഉൾപ്പെട്ട കേസിലെ പ്രതികൾക്കൊന്നും സനു മോഹന്റെ കേസുമായി ബന്ധമില്ലെങ്കിലും സനുവിനെ ആരെങ്കിലും തട്ടിക്കൊണ്ടു പോയതാണെങ്കിൽ തിരക്കഥ പ്ലാൻ ചെയ്തവരെ തിരയാൻ പഴയ കേസ് രേഖകൾ സഹായിക്കുമെന്നാണു പൊലീസ് കരുതുന്നത്.

ഭാര്യയ്ക്കോ അടുത്ത ബന്ധുക്കൾക്കോ പോലും അറിയാത്ത ഭൂസ്വത്തോ നിക്ഷേപമോ സനുവിനു കണ്ടേക്കാമെന്നും പണം കിട്ടാനുള്ളവർ ഇതു ലക്ഷ്യമാക്കി സനുവിനെ തടങ്കലിൽ ആക്കിയേക്കാമെന്നും ആദ്യം മുതലേ സനുവിന്റെ ചില സുഹൃത്തുക്കൾ പൊലീസിനു സൂചന നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു പുതിയ ബാങ്ക് അക്കൗണ്ട് സനു തുറന്നിട്ടുണ്ടോ എന്നറിയാൻ പുതുതലമുറ ബാങ്കുകളിൽ ഉൾപ്പെടെ പൊലീസ് അന്വേഷണം നടത്തിയത്. കേരളത്തിൽ എവിടെയെങ്കിലും സനുവിന്റെ പേരിൽ ഭൂ സ്വത്തുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.

English summary

Vaigai’s father Sanu Mohan Kollur in Mookambika; Investigation focusing on quotation groups in Kochi; After searching in Chennai and Coimbatore, Sanu Mohan could not be traced.

Leave a Reply

Latest News

രണ്ട് തവണ കോവിഡ് ബാധിതനായ മന്ത്രി വിഎസ് സുനിൽകുമാറിന് കടുത്ത ചുമ; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തൃശൂർ: കടുത്ത ചുമയെത്തുടർന്ന് മന്ത്രി വിഎസ് സുനിൽകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് തവണ കോവിഡ് ബാധിതനായിരുന്നു. കോവിഡാനന്തര ചികിത്സയ്ക്കിടെയാണ് തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. കഴിഞ്ഞ വർഷം...

More News