Wednesday, October 27, 2021

ഉത്രവധക്കേസിലെ കോടതി വിധി അപര്യാപ്തമാണെന്നും തൃപ്തയല്ലെന്നും ഉത്രയുടെ അമ്മ മണിമേഖല

Must Read

ഉത്രവധക്കേസിലെ കോടതി വിധി അപര്യാപ്തമാണെന്നും തൃപ്തയല്ലെന്നും ഉത്രയുടെ അമ്മ മണിമേഖല. പ്രതിക്ക് വധശിക്ഷ പ്രതീക്ഷിച്ചിരുന്നു, എന്നാൽ അതുണ്ടായില്ല. ശിക്ഷാ നിയമത്തിലെ ഈ പിഴവുകളാണ് സമൂഹത്തിൽ ഇതുപോലുള്ള കുറ്റവാളികളെ സൃഷ്ടിക്കുന്നതെന്നും അമ്മ മണിമേഖല പറഞ്ഞു. കോടതി വിധി വന്നതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ.

മകളെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതിയുടെ ശിക്ഷാവിധി കേൾക്കാനായി രാവിലെ 11 മണി മുതൽ ഉത്രയുടെ മാതാവ് വീട്ടിൽ ടെലിവിഷന് മുന്നിലായിരുന്നു. പന്ത്രണ്ട് മണിയോടെ പ്രതിക്ക് ഇരട്ട ജീവപരന്ത്യമെന്ന വിധി വന്നതോടെ മുഖത്ത് നേരിയ ആശ്വാസം. കണ്ണുകൾ നിറഞ്ഞു. എന്നാൽ പ്രതിക്ക് വധശിക്ഷ നൽകാത്തതിലുള്ള ദുഃഖവും നിരാശയും മുഖത്തും വാക്കുകളിലും പ്രതിഫലിച്ചു.

ഇത്രയും കുറ്റകൃത്യം ചെയ്ത പ്രതിക്ക് വധശിക്ഷ ഇല്ലെങ്കിൽ സമൂഹം എവിടേക്കു പോകുമെന്നും നിറകണ്ണുകളോടെ മണിമേഖല ചോദിച്ചു. പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ കിട്ടാൻ അപ്പീൽ പോകാനുള്ള നടപടികളിലേക്ക് നീങ്ങുമെന്നും മണിമേഖല പറഞ്ഞു.

സൂരജിന് ഇരട്ട ജീവപര്യന്തം ശിക്ഷയാണ് കൊല്ലം ആറാം അഡീഷണൽ സെഷൻസ് കോടതി വിധിച്ചത്. ആദ്യം പത്ത് വർഷവും പിന്നീട് ഏഴ് വർഷവും തടവിന് ശേഷമാണ് പ്രതി ഇരട്ടജീപര്യന്തം തടവ് അനുഭവിക്കേണ്ടത്. അഞ്ചു ലക്ഷം രൂപ പിഴയും നൽകണം. ആസൂത്രിത കൊല (ഇന്ത്യൻ ശിക്ഷാനിയമം 302-ാം വകുപ്പ്), നരഹത്യാശ്രമം (307ാം വകുപ്പ്), വിഷംനൽകി പരിക്കേൽപ്പിക്കൽ (328ാം വകുപ്പ്), തെളിവുനശിപ്പിക്കൽ (201 -ാം വകുപ്പ്) എന്നീ കുറ്റകൃത്യങ്ങൾ തെളിഞ്ഞതായി കോടതി കണ്ടെത്തിയിരുന്നു.

2020 മേയ് ഏഴിനാണ് അഞ്ചൽ ഏറം വെള്ളശ്ശേരിൽവീട്ടിൽ ഉത്രയെ (25) സ്വന്തംവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഭർത്താവ് അടൂർ പറക്കോട് സ്വദേശി സൂരജ് (27) ഭിന്നശേഷിക്കാരിയായ ഭാര്യയെ ഒഴിവാക്കാനും അവരുടെ സ്വത്ത് കൈക്കലാക്കാനുംവേണ്ടി പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. സംസ്ഥാനത്ത് പാമ്പിനെക്കൊണ്ട് കടിപ്പിച്ച് ഒരാളെ കൊലപ്പെടുത്തുന്ന ആദ്യകേസാണിത്.

Leave a Reply

Latest News

ബസ് ഓൺ ഡിമാൻഡിന്റെ പേരിൽ അമിതമായി പണം വാങ്ങില്ലെന്ന് കെഎസ്ആർടിസി ആവർത്തിക്കുമ്പോഴും വിദ്യാർത്ഥികൾ ബസ് ചാർജ്ജ് ഇനത്തിൽനൽകേണ്ടി വരിക കോവിഡിന് മുമ്പ് നൽകിയിരുന്നതിലും നാലിരട്ടി തുക

ബസ് ഓൺ ഡിമാൻഡിന്റെ പേരിൽ അമിതമായി പണം വാങ്ങില്ലെന്ന് കെഎസ്ആർടിസി ആവർത്തിക്കുമ്പോഴും വിദ്യാർത്ഥികൾ ബസ് ചാർജ്ജ് ഇനത്തിൽനൽകേണ്ടി വരിക കോവിഡിന് മുമ്പ് നൽകിയിരുന്നതിലും നാലിരട്ടി തുക....

More News