ദില്ലി: ഹാഥ്റസിൽ അറസ്റ്റിലായ മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന്റെ ശബ്ദപരിശോധനക്കും കയ്യെഴുത്തു പരിശോധനക്കുമായി യുപി പൊലീസ് നൽകിയ അപേക്ഷകൾ പിൻവലിച്ചു. മധുരകോടതിയിൽ നിനനാണ് അപേക്ഷകൾ പിൻവലിച്ചത്. അറസ്റ്റിലായി 150 ദിവസത്തിന് ശേഷം ഇത്തരമൊരു നീക്കം പൊലീസ് നടത്തുന്നത് ദുരുദ്ദേശപരമാണെന്ന് സിദ്ദിഖ് കാപ്പന്റെ അഭിഭാഷകൻ വിൽസ് മാത്യൂസ് വാദിച്ചു.
പൊലീസിന്റെ അപേക്ഷകൾ അനാവശ്യമെന്ന് കോടതിയും ചൂണ്ടിക്കാട്ടിയതോടെയാണ് പൊലീസ് അപേക്ഷകൾ പിൻവലിച്ചത്. ഒക്ടോബർ 5-നാണ് ഹാഥ്റസിലെ ബലാത്സംഗ കൊലപാതകം റിപ്പോർട്ട് ചെയ്യാൻ പോകുന്ന വഴിക്ക് സിദ്ദിഖ് കാപ്പനെ യുപി പൊലീസ് അറസ്റ്റ് ചെയ്യുന്നത്. കാപ്പനും, ഒപ്പമുണ്ടായിരുന്നവരിൽ നിന്നുമായി ആറ് ഫോണുകൾ കണ്ടെത്തിയിരുന്നു. ഈ ഫോണുകളിൽ നിന്ന് വോയ്സ് ക്ലിപ്പ് ലഭിച്ചെന്നാണ് യുപി പൊലീസിന്റെ വാദം.
നിലവിൽ മഥുര ജയിലിലാണ് സിദ്ദിഖ് കാപ്പനുള്ളത്. ആദ്യം അഭിഭാഷകനെയടക്കം കാണുന്നതിൽ നിന്ന് കാപ്പനെ യുപി പൊലീസ് വിലക്കിയിരുന്നു. പിന്നീട് സുപ്രീം കോടതി ഇടപെട്ട് അസുഖബാധിതയായ അമ്മയെ കാണുന്നതിന് കേരളത്തിലേക്ക് വരാൻ സിദ്ദിഖിന് 5 ദിവസത്തേക്ക് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചു.
English summary
UP police withdraw applications for Siddique Kappan’s voice and handwriting test