കണ്ണൂർ വിമാനത്താവളത്തിലെ ആർടിപിസിആർ പരിശോധന നിരക്ക് കുറയ്ക്കേണ്ടത് സംസ്ഥാന സർക്കാരാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം

0

ന്യൂഡൽഹി: കണ്ണൂർ വിമാനത്താവളത്തിലെ ആർടിപിസിആർ പരിശോധന നിരക്ക് കുറയ്ക്കേണ്ടത് സംസ്ഥാന സർക്കാരാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം. 2490 രൂപയാണ് നിലവിൽ കണ്ണൂർ വിമാനത്താവളത്തിലെ ആർടിപിസിആർ നിരക്ക്.

പ്രവാസികളടക്കമുള്ള രാജ്യാന്തര വിമാന യാത്രക്കാർക്ക് ഉയർന്ന തുക ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. പ്രവാസി സംഘടനകളുടെ പ്രതിഷേധം ഉയരുന്നതിനിടെയാണ് നിരക്ക് കുറയ്ക്കേണ്ടത് സംസ്ഥാന സർക്കാരാണെന്ന വാദം കേന്ദ്രം ഉന്നയിച്ചിരിക്കുന്നത്.

നിരക്ക് കുറയ്ക്കണമെന്നാവശ്യപ്പെട്ട് കെ.മുരളീധരൻ എംപി വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് നൽകിയ കത്തിനുള്ള മറുപടിയിലാണ് കേന്ദ്രം വിശദീകരണം നൽകിയിരിക്കുന്നത്. കണ്ണൂർ വിമാനത്താവളത്തിന്റെ നടത്തിപ്പ് സംസ്ഥാന സർക്കാരാണ്. അതുകൊണ്ട് അവിടെ ഈടാക്കുന്ന നിരക്ക് തീരുമാനിക്കേണ്ടത് സംസ്ഥാന സർക്കാരാണെന്നും മന്ത്രാലയം വ്യക്തമാക്കുന്നു. കോവിഡ് പരിശോധന ഏത് രീതിയിൽ നടത്തണമെന്ന നിർദേശം മാത്രമാണ് കേന്ദ്രം നൽകുന്നതെന്നും മന്ത്രി അറിയിച്ചു.

പുറത്ത് 300 രൂപ മുതൽ 500 രൂപവരെ ഈടാക്കുന്ന ആർടിപിസിആർ ടെസ്റ്റിനാണ് വിമാനത്താവളങ്ങളിൽ 2490 രൂപ ഈടാക്കി വരുന്നത്. ആർപിസിആർ പരിശോധന നിരക്കിലെ നികുതി കേന്ദ്ര സർക്കാർ ഒഴിവാക്കിയപ്പോൾ കേന്ദ്രത്തിന്റെ നിയന്ത്രണത്തിലുള്ള വിമാനത്താവളങ്ങളിൽ 1580 രൂപയായി കുറഞ്ഞിരുന്നു. ഇതനുസരിച്ച് സംസ്ഥാനത്ത് കോഴിക്കോട് വിമാനത്താവളത്തിൽ മാത്രമാണ് നിരക്ക് കുറഞ്ഞിട്ടുള്ളത്.

Leave a Reply