വ്യാജ കുറ്റാരോണങ്ങളില്‍ കഴിഞ്ഞ 19 വര്‍ഷമായി നരേന്ദ്ര മോദി വേദന അനുഭവിക്കുകയായിരുന്നു എന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അഅമിത് ഷാ

0

 
ന്യൂഡല്‍ഹി:  വ്യാജ കുറ്റാരോണങ്ങളില്‍ കഴിഞ്ഞ 19 വര്‍ഷമായി നരേന്ദ്ര മോദി വേദന അനുഭവിക്കുകയായിരുന്നു എന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അഅമിത് ഷാ. ഗുജറാത്ത് കലാപത്തിനിടെ അഹമ്മദാബാദിലെ ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ നടന്ന കൂട്ടക്കൊല കേസില്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ 64 പേര്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കിയത് സുപ്രീം കോടതി ശരിവച്ചതിനു പിന്നാലെയാണ് അമിത് ഷായുടെ പ്രതികണം. ”വ്യാജ കുറ്റാരോപണങ്ങള്‍ കഴിഞ്ഞ 19 വര്‍ഷങ്ങളായി മോദിജി നിശബ്ദനായി സഹിക്കുകയായിരുന്നു. ആരും അതിനെതിരെ ഒരു ധര്‍ണ പോലും നടത്തിയില്ല.” വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അമിത് ഷാ പറഞ്ഞു. 

കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്യുന്നതിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ സമരം നടത്തുന്ന സാഹചര്യത്തിലാണ് അമിത് ഷായുടെ പരാമര്‍ശം.

‘ഈ വേദനയത്രയും മോദി സഹിക്കുന്നത് ഏറ്റവും അടുത്തുനിന്ന് കണ്ടയാളാണ് ഞാന്‍. സത്യത്തിന്റെ ഭാഗത്ത് നിന്നിട്ടും അദ്ദേഹത്തിനെതിരെ ഒട്ടേറെ വ്യാജ ആരോപണങ്ങള്‍ വന്നു. നിയമ നടപടികള്‍ മുന്നോട്ടു പോകുന്ന സാഹചര്യത്തില്‍ അദ്ദേഹം പൂര്‍ണമായും നിശബ്ദത പാലിച്ചു. കരുത്തുറ്റ ഹൃദയമുള്ള ഒരാള്‍ക്കേ ഇതെല്ലാം സാധിക്കൂ’  അമിത് ഷാ പറഞ്ഞു. 
”എല്ലാ രാഷ്ട്രീയ നേതാക്കളും ഒരു ജനാധിപത്യ സംവിധാനത്തില്‍ ഭരണഘടനയെ എങ്ങനെയാണ് ബഹുമാനിക്കേണ്ടതെന്നതിന്റെ മകുടോദാഹരണമാണ് മോദിയുടെ ഈ പ്രവൃത്തി. ഈ കേസില്‍ മോദിയേയും ചോദ്യം ചെയ്തിരുന്നു. പക്ഷേ, ആരും പ്രതിഷേധിച്ചില്ല. മോദിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബിജെപി പ്രവര്‍ത്തകര്‍ ഒന്നിച്ചു കൂടിയതുമില്ല. പകരം ഞങ്ങള്‍ നിയമസംവിധാനവുമായി സഹകരിച്ചു. എന്നെയും അറസ്റ്റ് ചെയ്തിരുന്നു. എന്നിട്ടും പ്രതിഷേധമോ പ്രതിഷേധ പ്രകടനങ്ങളോ ഉണ്ടായില്ല’  അമിത് ഷാ പറഞ്ഞു. 
കലാപം നേരിടാന്‍ സൈന്യത്തെ രംഗത്തിറക്കുന്നതില്‍ ഗുജറാത്ത് സര്‍ക്കാര്‍ അമാന്തം കാണിച്ചെന്ന ആരോപണത്തെയും അമിത് ഷാ തള്ളിക്കളഞ്ഞു. അന്ന് സര്‍ക്കാര്‍ അവസരോചിതമായാണ് പ്രവര്‍ത്തിച്ചതെന്ന് പഞ്ചാബിലെ മുന്‍ ഡിജിപി കൂടിയായ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ കെപിഎസ് ഗില്‍ സാക്ഷ്യപ്പെടുത്തിയ കാര്യവും അമിത് ഷാ ഉദാഹരണമായി എടുത്തുകാട്ടി.
”അന്നത്തെ ഗുജറാത്ത് സര്‍ക്കാര്‍ ഒരു കാര്യത്തിലും താമസം വരുത്തിയിട്ടില്ല. ഗുജറാത്തില്‍ ബന്ദിന് ആഹ്വാനം ചെയ്തപ്പോള്‍ ഞങ്ങള്‍ സൈന്യത്തെ വിളിച്ചു. അവര്‍ ഇവിടെയെത്താന്‍ കുറച്ചു സമയമെടുത്തു. ഇക്കാര്യത്തില്‍ ഗുജറാത്ത് സര്‍ക്കാര്‍ ഒരു ദിവസത്തെ താമസം പോലും വരുത്തിയിട്ടില്ല. ഇക്കാര്യത്തില്‍ കോടതിയും ഗുജറാത്ത് സര്‍ക്കാരിനെ അഭിനന്ദിച്ചതാണ്’  അമിത് ഷാ പറഞ്ഞു. 
നേരത്തെ, കൂട്ടക്കൊല പ്രത്യേക സംഘം ശരിയായി അന്വേഷിച്ചില്ലെന്നും ഉന്നതതലത്തില്‍ ഗൂഢാലോചനയുണ്ടായെന്നും ചൂണ്ടിക്കാട്ടി സാകിയ ജാഫ്രി നല്‍കിയ ഹര്‍ജി തള്ളിയാണ് സുപ്രീം കോടതി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി ഉള്‍പ്പെടെ 64 പേര്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കിയത് ശരിവച്ചത്. കലാപത്തില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് മുന്‍ എംപി ഇഹ്‌സാന്‍ ജാഫ്രിയുടെ ഭാര്യയാണ് സാകിയ. സംസ്ഥാന ഭരണകൂടം നടപടിയെടുത്തില്ലെന്നതു കൊണ്ടോ വീഴ്ചയുണ്ടായി എന്നതുകൊണ്ടോ അതിനെ ഗൂഢാലോചനയായി കാണാനാകില്ലെന്നു കോടതി വിധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here