തിരുവനന്തപുരം: കേന്ദ്രബജറ്റ് നാളെ. കോവിഡിന്റെ സാമ്പത്തികമാന്ദ്യം മറികടക്കാന്‍ ബജറ്റില്‍ അതിജീവന സഹായം ഉണ്ടാകണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. സംസ്ഥാനത്തിന് പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്നും മന്ത്രി കെ.എന്‍. ബാലഗോപാല്‍ കേന്ദ്ര സര്‍ക്കാരിനു സമര്‍പ്പിച്ച നിവേദനത്തില്‍ ആവശ്യപ്പെട്ടു.
ജി.എസ്.ടി നഷ്ടപരിഹാര സംവിധാനം അഞ്ചുവര്‍ഷംകൂടി തുടരണം. നഷ്ടപരിഹാര കുടിശിക ലഭ്യമാക്കണം. കേന്ദ്രനികുതി വിഹിതത്തില്‍ സംസ്ഥാനത്തിനുണ്ടായ നഷ്ടം നികത്തണം. 2020-21ല്‍മാത്രം 6400 കോടി രൂപയുടെ വരുമാനനഷ്ടമുണ്ട്. ഇത് പരിഹരിക്കുന്നതിന് പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണം. കേന്ദ്രാവിഷ്കൃത പദ്ധതികളുടെ കേന്ദ്രവിഹിതം ഉയര്‍ത്തണമെന്നും നിവേദനത്തിലുണ്ട്. ജി.എസ്.ടിയുടെയും പെട്രോളിയം നികുതിയുടെയും ഭാഗമായ സെസുകളും സര്‍ചാര്‍ജുകളും പിന്‍വലിക്കണം. സംസ്ഥാനവും റെയില്‍വേ മന്ത്രാലയവും സംയുക്തമായി ഏറ്റെടുക്കുന്ന കെ റെയില്‍ അടക്കമുള്ള പദ്ധതികള്‍ക്ക് കേന്ദ്രത്തിന്റെ പിന്തുണയും സഹായവും ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.