യുഎഇയിലെ നിയമങ്ങള്‍ പ്രകാരം തൊഴിലാളികള്‍ക്ക് കൃത്യ സമയത്ത് തൊഴിലുടമകള്‍ ശമ്പളം നല്‍കേണ്ടത് നിര്‍ബന്ധമാണ്

0

അബുദാബി: യുഎഇയിലെ നിയമങ്ങള്‍ പ്രകാരം തൊഴിലാളികള്‍ക്ക് കൃത്യ സമയത്ത് തൊഴിലുടമകള്‍ ശമ്പളം നല്‍കേണ്ടത് നിര്‍ബന്ധമാണ്. ശമ്പളം വൈകിപ്പിക്കുന്നതിന് കടുത്ത ശിക്ഷയും സ്ഥാപനങ്ങള്‍ക്ക് ലഭിക്കും. ശമ്പളം വൈകിപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് കാണിച്ച് അടുത്തിടെ മാനവ വിഭവ ശേഷി സ്വദേശിവത്കരണ മന്ത്രാലയം അടുത്തിടെ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

അന്‍പതോ അതില്‍ കൂടുതലോ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ ശമ്പളം നല്‍കേണ്ട തീയ്യതി കഴിഞ്ഞ് 17 ദിവസം വൈകിയാല്‍ മന്ത്രാലയത്തില്‍ നിന്നുള്ള പരിശോധനാ സംഘം നേരിട്ടെത്തും. ചെറിയ സ്ഥാപനങ്ങളാണെങ്കില്‍ വര്‍ക്ക് പെര്‍മിറ്റുകള്‍ ഇഷ്യൂ ചെയ്യുന്നത് തടയുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും. ശമ്പളം നല്‍കാന്‍ കൂടുതല്‍ ദിവസം വൈകുന്നതിനനുസരിച്ച് നടപടികളും ശക്തമാക്കും.

ശമ്പളം നല്‍കാന്‍ വൈകിയാലുള്ള പ്രധാന നടപടികള്‍

  1. ശമ്പളം നല്‍കേണ്ട തീയ്യതി കഴിഞ്ഞ് മൂന്നാം ദിവസവും പത്താം ദിവസവും ഔദ്യോഗിക മുന്നറിയിപ്പുകള്‍ നല്‍കും
  2. പുതിയ വര്‍ക്ക് പെര്‍മിറ്റുകള്‍ തടയും: ശമ്പളം നല്‍കേണ്ട തീയ്യതി കഴിഞ്ഞ് 17 ദിവസം വൈകിയാല്‍ വര്‍ക്ക് പെര്‍മിറ്റുകള്‍ തടയും. അന്‍പതിലധികം ജീവനക്കാരുള്ള സ്ഥാപനങ്ങളില്‍ മന്ത്രാലയത്തില്‍ നിന്നുള്ള പരിശോധനാ സംഘം നേരിട്ടെത്തും.
  3. നിശ്ചിത തീയ്യതി കഴിഞ്ഞ് 30 ദിവസത്തിലധികം ശമ്പളം വൈകിയാല്‍ സ്ഥാപനത്തിനെതിരെ നിയമ നടപടി സ്വീകരിക്കാന്‍ പബ്ലിക് പ്രോസിക്യൂഷന് നോട്ടീസ് നല്‍കും. 50 മുതല്‍ 499 ജീവനക്കാര്‍ വരെയുള്ള സ്ഥാപനങ്ങള്‍ക്കെതിരാണ് ഈ നടപടി. 500ല്‍ കൂടുതല്‍ ജീവനക്കാരുള്ള സ്ഥാപനങ്ങളെ മാനവ വിഭവ ശേഷി സ്വദേശി വത്കരണ മന്ത്രാലയം ‘ഹൈ റിസ്‍ക്’ സ്ഥാപനങ്ങളുടെ പട്ടികയില്‍ പെടുത്തും.
  4. ശമ്പളം നല്‍കാത്ത തൊഴിലുടമയുടെ കീഴിലുള്ള മറ്റ് സ്ഥാപനങ്ങളുടെയും വര്‍ക്ക് പെര്‍മിറ്റുകള്‍ തടഞ്ഞുവെയ്‍ക്കും. 
  5. സമയത്ത് ശമ്പളം നല്‍കാതിരിക്കുന്നത് ആവര്‍ത്തിച്ചാലോ ഒന്നിലധികം നിയമ ലംഘനങ്ങള്‍ നടത്തിയാലോ മന്ത്രാലയത്തില്‍ നിന്നുള്ള പരിശോധനയുണ്ടാവും.  പിഴ ചുമത്തുകയും താഴ്‍ന്ന കാറ്റഗറിയിലേക്ക് സ്ഥാപനത്തെ മാറ്റുകയും ചെയ്യും.
  6. തുടര്‍ച്ചയായ മൂന്ന് മാസം ശമ്പളം വൈകിയാല്‍ വര്‍ക്ക് പെര്‍മിറ്റുകള്‍ ഇഷ്യു ചെയ്യാനോ പുതുക്കാനോ സാധിക്കില്ല.
  7. ആറ് മാസത്തിലധികം ശമ്പളം വൈകിയാല്‍ പബ്ലിക് പ്രോസിക്യൂഷനില്‍ റിപ്പോര്‍ട്ട് ചെയ്‍ത് നിയമ നടപടികള്‍ സ്വീകരിക്കും. പിഴ ചുമത്തുന്നത് ഉള്‍പ്പെടെയുള്ള മറ്റ് നടപടികളുമുണ്ടാകും.

Leave a Reply