ഒഴിപ്പിക്കലിനിടെ റഷ്യന്‍ ഷെല്‍വര്‍ഷം , വിന്നീഷ്യന്‍ വിമാനത്താവളം തകര്‍ത്തു

0

കീവ്‌: ഇന്ത്യക്കാരടക്കം നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്ന യുക്രൈനിലെ മരിയുപോളിലെ ഒഴിപ്പിക്കലില്‍ വീണ്ടും അനിശ്‌ചിതത്വം. ഇന്നലെ പ്രഖ്യാപിച്ച രണ്ടാംഘട്ട താല്‍ക്കാലിക വെടിനിര്‍ത്തലും റഷ്യ ലംഘിച്ചതോടെ നാലു ലക്ഷത്തോളംപേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റാനുള്ള ദൗത്യം നിര്‍ത്തി. യുദ്ധത്തിന്റെ 11-ാം ദിവസം പലായനം ചെയ്യുന്ന സാധാരണക്കാര്‍ക്കു നേരേ ഷെല്‍, മിസൈല്‍ വര്‍ഷം നടത്തി റഷ്യ എരിതീയില്‍ എണ്ണയൊഴിച്ചു. വിന്നീഷ്യന്‍ വിമാനത്താവളം മിസൈലാക്രമണത്തില്‍ തകര്‍ത്തതു സ്‌ഥിതി വഷളാക്കി. ഇരുപക്ഷവും തമ്മില്‍ ഇന്നു മൂന്നാംവട്ട സമാധാന ചര്‍ച്ച നടക്കാനിരിക്കെയാണു റഷ്യന്‍ പ്രകോപനം. റഷ്യന്‍ പ്രസിഡന്റ്‌ വ്‌ളാഡിമിര്‍ പുടിനുമായി ഫ്രാന്‍സ്‌ പ്രസിഡന്റ്‌ ഇമ്മാനുവേല്‍ മാക്രോണ്‍ ഇന്നലെ ടെലിഫോണില്‍ ചര്‍ച്ച നടത്തിയെങ്കിലും സമാധാന നീക്കത്തില്‍ കാര്യമായ പുരോഗതിയില്ല.
ഞായറാഴ്‌ച പ്രാദേശികസമയം ഉച്ചയ്‌ക്ക്‌ 12 മുതല്‍ രാത്രി ഒന്‍പതുവരെയായിരുന്നു വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്‌. തെക്കുകിഴക്കന്‍ യുക്രൈന്‍ നഗരങ്ങളായ മരിയുപോളിലും വോള്‍നോവാക്കയിലും മാനുഷിക ഇടനാഴികള്‍ ഇന്നലെ തുറക്കുമെന്ന്‌ റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ടാസും റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു. മരിയുപോള്‍ നഗരം വളഞ്ഞ റഷ്യന്‍ സേനകളുമായി ചര്‍ച്ചയ്‌ക്കുശേഷം പന്ത്രണ്ടോടെ ഒഴിപ്പിക്കലിനു സജ്‌ജമായെന്നു യുക്രൈന്‍ അധികൃതര്‍ സൂചിപ്പിച്ച്‌ മിനിറ്റുകള്‍ക്കുള്ളില്‍ നടന്ന റഷ്യന്‍ ആക്രമണം ഉണ്ടായി. ശനിയാഴ്‌ച വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും അതുലംഘിക്കപ്പെട്ട സാഹചര്യത്തില്‍ റഷ്യന്‍ പ്രഖ്യാപനത്തെ സംശയത്തോടെ വീക്ഷിച്ചവരുടെ ആശങ്ക ശരിവച്ചായിരുന്നു ആക്രമണം.
തലസ്‌ഥാനമായ കീവിന്റെ അതിര്‍ത്തിമേഖലയില്‍ നടന്ന മോര്‍ട്ടാര്‍ ഷെല്‍ ആക്രമണത്തില്‍ രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ കൊല്ലപ്പെട്ടതോടെ ഒഴിപ്പിക്കല്‍ അനിശ്‌ചിതത്വത്തിലായി. ഇര്‍പിനിലെ “ഹരിത ഇടനാഴി”യിലൂടെ അതിര്‍ത്തി താണ്ടാന്‍ ശ്രമിച്ചവര്‍ക്കുനേരേയാണ്‌ റഷ്യ മനുഷ്യത്വരഹിതമായി ആക്രമണം അഴിച്ചുവിട്ടത്‌. ചെക്‌പോയിന്റ്‌ കടക്കാന്‍ കാത്തുനിന്നവരാണ്‌ ഷെല്‍വര്‍ഷത്തിന്‌ ഇരയായത്‌. ഇതേസമയം തന്നെ വിന്നീഷ്യയിലെ സിവിലിയന്‍ വിമാനത്താവളവും റഷ്യയ്‌ക്കു ലക്ഷ്യമായി. എട്ടോളം റോക്കറ്റുകളും മിസൈലും പതിച്ച്‌ വിമാനത്താവളം തകര്‍ന്നു. ഇക്കാര്യം യുക്രൈന്‍ പ്രസിഡന്റ്‌ വൊളോഡിമിര്‍ സെലന്‍സ്‌കിയും സ്‌ഥിരീകരിച്ചു.
കരിങ്കടലിനു സമീപത്തെ തുറമുഖനഗരമായ ഒഡേസ കീഴടക്കുകയാണ്‌ പുടിന്റെ ആത്യന്തിക ലക്ഷ്യം. യുക്രൈന്റെ ആകാശം വ്യോമനിരോധിത മേഖലയായി പ്രഖ്യാപിക്കാതെ ആക്രമണത്തിനു തടയിടാനാകില്ല. ഇക്കാര്യത്തില്‍ ഇനിയും കാലതാമസം അരുത്‌. അതല്ലെങ്കില്‍ യുക്രൈന്‍ നിവാസികളുടെ സംരക്ഷണത്തിനായി യുദ്ധവിമാനങ്ങളെങ്കിലും നല്‍കണം. അതിനും തയാറല്ലെങ്കില്‍ ഞങ്ങളുടെ ഇഞ്ചിഞ്ചായുള്ള മരണമാണു നിങ്ങളും ആഗ്രഹിക്കുന്നതെന്നു കരുതേണ്ടിവരും- സെലന്‍സ്‌കി പറഞ്ഞു.
ഡൊണെസ്‌ക്‌-മരിയുപോള്‍ പൈപ്പ്‌ ലൈന്‍ റഷ്യ തകര്‍ത്തതായി യുക്രൈന്‍ ആരോപിച്ചു. അഞ്ചു ദിവസമായി മരിയുപോളില്‍ വൈദ്യുതിയില്ല. ഇതോടെ ഏഴുലക്ഷത്തോളം പേര്‍ അതിശൈത്യത്തില്‍നിന്നു രക്ഷപ്പെടാനാകാതെ വലയും. കൊടുംതണുപ്പിനെ അതിജീവിക്കാനാകാതെ മനുഷ്യക്കുരുതിക്കാകും സാക്ഷ്യം വഹിക്കുകയെന്നും യുക്രൈന്‍ ഭരണകൂടം ആശങ്ക പ്രകടിപ്പിച്ചു.
അതേസമയം, യുക്രൈനില്‍നിന്ന്‌ പലായനം ചെയ്യപ്പെട്ടവരുടെ എണ്ണം 15 ലക്ഷം കവിഞ്ഞതോടെ രണ്ടാം ലോകമഹായുദ്ധത്തിനുശേഷം യൂറോപ്പില്‍ ഏറ്റവും വേഗത്തില്‍ വലുതായ അഭയാര്‍ഥി പ്രതിസന്ധിയാണിതെന്ന്‌ ഐക്യരാഷ്‌ട്രസംഘടന പറഞ്ഞു. യുദ്ധത്തില്‍ ഇതുവരെ 360 സാധാരണക്കാര്‍ കൊല്ലപ്പെട്ടതായും യു.എന്‍. അറിയിച്ചു.

Leave a Reply