പിറന്ന മണ്ണിനും സ്വാതന്ത്ര്യത്തിനുമായുള്ള പോരാട്ടമാണിതെന്നു യുക്രൈന്‍ പ്രസിഡന്റ്‌ വൊളോഡിമിര്‍ സെലന്‍സ്‌കി

0

സ്‌ട്രാസ്‌ബര്‍ഗ്‌ (ഫ്രാന്‍സ്‌): പിറന്ന മണ്ണിനും സ്വാതന്ത്ര്യത്തിനുമായുള്ള പോരാട്ടമാണിതെന്നു യുക്രൈന്‍ പ്രസിഡന്റ്‌ വൊളോഡിമിര്‍ സെലന്‍സ്‌കി. യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റിനെ വീഡിയോ കോണ്‍ഫറന്‍സില്‍ അഭിസംബോധന ചെയ്‌തായിരുന്നു യുക്രൈന്‍ പ്രസിഡന്റിന്റെ വികാരനിര്‍ഭരമായ പ്രസംഗം.
ഞങ്ങള്‍ ഞങ്ങളുടെ മണ്ണിനും സ്വാതന്ത്ര്യത്തിനുമായാണു പോരാടുന്നത്‌. ഞങ്ങളുടെ കുഞ്ഞുങ്ങളെ ജീവനോടെ കാണണമെന്ന്‌ ആഗ്രഹിക്കുന്നു. ശോഭനമായ ഭാവിക്കും ജീവിതത്തിനുമായുള്ള പോരാട്ടമാണിത്‌. അതുതന്നെയാണു ഞങ്ങളുടെ ഏറ്റവും വലിയ പ്രചോദനവും. മൂല്യങ്ങള്‍ക്കും അവകാശങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനും നിലനില്‍പ്പിനും വേണ്ടിയാണ്‌ ഈ ജീവത്യാഗം. ഞങ്ങളുടെ സ്വാതന്ത്ര്യചത്വരം അവര്‍ തകര്‍ത്തു. പക്ഷേ, ഞങ്ങള്‍ തളരില്ല. ഒരു ശക്‌തിക്കു മുമ്പിലും കീഴടങ്ങില്ല. ആര്‍ക്കും ഞങ്ങളെ തകര്‍ക്കാനുമാകില്ല. ഈയുദ്ധം ഞങ്ങള്‍ ജയിക്കുമെന്ന്‌ ഉറപ്പുണ്ട്‌. ഞങ്ങള്‍ എന്താണെന്നും ഞങ്ങളുടെ കരുത്ത്‌ എന്താണെന്നും ഇപ്പോള്‍ എല്ലാവര്‍ക്കും ബോധ്യപ്പെട്ടിട്ടുണ്ടാകുമെന്നു കരുതുന്നു- സെലന്‍സ്‌കി പറഞ്ഞു.
തന്റെ രാജ്യം നിലനില്‍പ്പിനായി പോരാടുകയാണെന്നു സെലന്‍സ്‌കി പറഞ്ഞു. എനിക്കിനി നിങ്ങളോടു ഹലോ, ഗുഡ്‌ ഈവനിങ്‌ തുടങ്ങിയ ഉപചാരവാക്കുകള്‍ പറയാന്‍ സാധിക്കുമോയെന്ന്‌ അറിയില്ല.
കാരണം ഓരോദിവസവും ഞങ്ങള്‍ക്ക്‌ അന്ത്യദിനമാണ്‌. യുക്രൈനെ യൂറോപ്യന്‍ യൂണിയന്‍ അംഗമായി അംഗീകരിക്കണം. ഞങ്ങള്‍ നിങ്ങള്‍ക്കു തുല്യരാണെന്ന്‌ തെളിയിച്ചു കഴിഞ്ഞു. നിങ്ങള്‍ ഞങ്ങള്‍ക്കൊപ്പമാണെന്നു തെളിയിക്കേണ്ട സമയമാണിത്‌. നിങ്ങള്‍ക്കൊപ്പമല്ലെങ്കില്‍ യുക്രൈന്‍ ഏകരാണ്‌-സെലന്‍സ്‌കി പറഞ്ഞു.
സെലന്‍സ്‌കിയുടെ പ്രസംഗത്തിനു മുമ്പും ശേഷവും എഴുന്നേറ്റുനിന്ന്‌ കരഘോഷം മുഴക്കിയാണു യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റ്‌ യുക്രൈനോടുള്ള ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചത്‌. യുക്രൈനെ ഉടന്‍ യൂറോപ്യന്‍ യൂണിയനില്‍ അംഗമാക്കണമെന്നു കഴിഞ്ഞദിവസം സെലന്‍സ്‌കി ആവശ്യപ്പെട്ടിരുന്നു.

Leave a Reply