അധിനിവേശം നടത്തുന്ന റഷ്യന്‍ സൈന്യത്തെ നേരിടാന്‍ ജയിലില്‍ ശിക്ഷ അനുഭവിക്കുന്നവരെ തുറന്നുവിടാന്‍ യുക്രൈന്‍ ഉത്തരവ് ഇറക്കിയതായി റിപ്പോര്‍ട്ട്

0

കീവ്: അധിനിവേശം നടത്തുന്ന റഷ്യന്‍ സൈന്യത്തെ നേരിടാന്‍ ജയിലില്‍ ശിക്ഷ അനുഭവിക്കുന്നവരെ തുറന്നുവിടാന്‍ യുക്രൈന്‍ ഉത്തരവ് ഇറക്കിയതായി റിപ്പോര്‍ട്ട്. സൈനിക പരിശീലനം ലഭിച്ചവരെയും, സൈനിക പാശ്ചത്തലമുള്ളതുമായ കുറ്റവാളികളെ റഷ്യയ്ക്കെതിരായ പ്രതിരോധത്തിന് ഉപയോഗിക്കാനാണ് യുക്രൈന്‍ സര്‍ക്കാര്‍ നീക്കം.യുക്രൈന്‍ പ്രസിഡന്‍റ് സെലന്‍സ്കി ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

വളരെ സങ്കീര്‍ണ്ണമായ വിഷയം ആണെങ്കിലും അടിയന്തര സാഹചര്യം അനുസരിച്ച് ഉന്നതതലത്തിലാണ് ഇത്തരം ഒരു തീരുമാനം എടുത്തത് എന്നാണ് യുക്രൈന്‍ പ്രോസിക്യൂട്ട് ജനറല്‍ ഓഫീസ് അറിയിക്കുന്നത്. എന്നാല്‍ എല്ലാ തടവുകാരെയും സൈന്യത്തിലേക്ക് പരിഗണിക്കില്ലെന്നും. പ്രവര്‍ത്തിപരിചയം, ഏറ്റുമുട്ടലുകളില്‍ പങ്കെടുത്ത പരിചയം, അച്ചടക്കം ഇങ്ങനെ വിവിധ കാര്യങ്ങള്‍ പരിഗണിച്ചായിരിക്കും തെരഞ്ഞെടുപ്പ്. ഒപ്പം ഇവര്‍ ശിക്ഷിക്കപ്പെടാന്‍ ഇടയായ കേസും പരിഗണിക്കുമെന്ന് യുക്രൈന്‍ പ്രോസിക്യൂട്ട് ജനറല്‍ ഓഫീസ് അറിയിച്ചു. ഇത്തരം കാര്യങ്ങളുടെ പരിശോധന അതിവേഗത്തില്‍ നടത്താന്‍ സര്‍ക്കാര്‍ യുക്രൈന്‍ പ്രോസിക്യൂട്ട് ജനറല്‍ ഓഫീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് യുക്രൈന്‍ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേ സമയം അഞ്ചാം ദിവസവും യുക്രൈൻ നഗരങ്ങൾക്കുമേൽ റഷ്യ ആക്രമണം തുടരുന്നതിനിടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ച ഉടൻ നടക്കും. ഇതിനായി യുക്രൈൻ സംഘം ബെലാറൂസിലെ ചർച്ചാ വേദിയിലെത്തി. യുക്രൈൻ പ്രതിരോധമന്ത്രി ഒലെക്സി റെസ്നിക്കോവും സംഘത്തിലുണ്ട്. റഷ്യൻ പിന്മാറ്റവും വെടിനിർത്തലുമാകും പ്രധാന ചർച്ചയെന്ന് യുക്രൈൻ പ്രസിഡന്റ് സെലൻസ്കി അറിയിച്ചു.

ഒരു വശത്തു സമാധാന ചർച്ച, മറു വശത്ത് ആക്രമണം എന്ന നിലയിലാണ് ഇപ്പോൾ കാര്യങ്ങൾ. യുക്രൈൻ നഗരമായ ചെർണിഹിവിൽ ജനവാസ മേഖലയിൽ റഷ്യ മിസൈൽ ആക്രമണത്തെ നടത്തി. വടക്കൻ നഗരമായ ചെർണിഹിവിൽ റഷ്യ ബോംബിട്ടത് ജനങ്ങൾ താമസിച്ചിരുന്ന ഫ്ലാറ്റിന്റെ താഴത്തെ നിലയിലാണ്. കീവിലും ഖാർകീവിലും ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയും ആക്രമണം നടത്തി. റഷ്യ ആക്രമണം തുടരുമ്പോഴും കീവും ഖാർകീവും കീഴടങ്ങാതെ തന്നെ നിൽക്കുന്നു. ഏറെ ബുദ്ധിമുട്ടുള്ള ഞായറാഴ്ചയാണ് കടന്നു പോയതെന്നും അടുത്ത 24 മണിക്കൂർ യുക്രൈനെ സംബന്ധിച്ച് നിർണായകമെന്നും പ്രസിഡന്റ് വ്ലാദിമിർ സെലിൻസ്കി പറഞ്ഞു.

Leave a Reply