Wednesday, October 27, 2021

നയതന്ത്ര വഴിക്കുള്ള സ്വര്‍ണക്കടത്തു കേസില്‍ തിരുവനന്തപുരത്തെ യു.എ.ഇ. കോണ്‍സുലേറ്റ്‌ ഉദ്യോഗസ്‌ഥരായിരുന്ന വിദേശ പൗരന്മാരെ പ്രതിചേര്‍ക്കുന്നതിന്‌ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌ (ഇ.ഡി.) കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി തേടി

Must Read

കൊച്ചി : നയതന്ത്ര വഴിക്കുള്ള സ്വര്‍ണക്കടത്തു കേസില്‍ തിരുവനന്തപുരത്തെ യു.എ.ഇ. കോണ്‍സുലേറ്റ്‌ ഉദ്യോഗസ്‌ഥരായിരുന്ന വിദേശ പൗരന്മാരെ പ്രതിചേര്‍ക്കുന്നതിന്‌ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌ (ഇ.ഡി.) കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി തേടി.
കോണ്‍സുല്‍ ജനറലായിരുന്ന ജമാല്‍ ഹുസൈന്‍ അല്‍സാബി, അഡ്‌മിന്‍ അറ്റാഷെ റാഷിദ്‌ ഖമീസ്‌ അലി എന്നിവരെ പ്രതിചേര്‍ക്കാനാണു തീരുമാനം. നയതന്ത്ര പരിരക്ഷയുള്ള ഉദ്യോഗസ്‌ഥരായതിനാലാണ്‌ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി തേടിയത്‌. വിദേശമന്ത്രാലയത്തിന്റെ സഹായത്തോടെ ഇവരുടെ വിലാസം ലഭിക്കുമെന്നു പ്രതീക്ഷിക്കുന്നു. തുടര്‍ന്ന്‌, ചീഫ്‌ ഫിനാന്‍സ്‌ ഓഫീസറും ഈജിപ്‌ഷ്യന്‍ സ്വദേശിയുമായ ഖാലിദ്‌ അലി ഷൗക്രിയുടെ കാര്യത്തില്‍ നടപടിയുണ്ടാകും.
കസ്‌റ്റംസ്‌ രജിസ്‌റ്റര്‍ ചെയ്‌ത കേസില്‍ മൂവരെയും പ്രതിചേര്‍ത്ത്‌ കാരണം കാണിക്കല്‍ നോട്ടീസ്‌ അയച്ചിരുന്നു. തിരുവനന്തപുരം കോണ്‍സുലേറ്റിലെ വിലാസത്തിലയച്ച നോട്ടീസുകള്‍ കൈപ്പറ്റാത്ത സാഹചര്യത്തിലാണ്‌ എംബസി വഴി യു.എ.ഇയിലെ വിലാസം എടുക്കുന്നത്‌. നയതന്ത്ര ഉദ്യോഗസ്‌ഥരായതിനാല്‍, യു.എ.ഇ. ഭരണകൂടത്തെ അറിയിക്കുകയും വേണം. നോട്ടീസിനു മറുപടി ലഭിച്ചില്ലെങ്കിലും പ്രതിയാക്കുന്നതിനു തടസമില്ല.
അല്‍സാബി ഉന്നത രാഷ്‌ട്രീയ നേതാക്കളുമായുള്ള ബന്ധം കള്ളക്കടത്തിനു മറയാക്കിയതായി കണ്ടെത്തിയിട്ടുണ്ട്‌. കോണ്‍സുലേറ്റ്‌ ഉദ്യോഗസ്‌ഥര്‍ അടക്കമുള്ളവരാണു കള്ളക്കടത്തിന്റെ ആസൂത്രകര്‍. വിയറ്റ്‌നാമിലായിരിക്കെ കള്ളക്കടത്ത്‌ നടത്തിയതിനു സ്‌ഥലംമാറ്റിയപ്പോഴാണ്‌ അല്‍സാബിയും ഖമീസ്‌ അലിയും കേരളത്തിലെത്തിയത്‌. സ്വപ്‌ന സുരേഷിനെയും സരിത്തിനെയും ഇടനിലക്കാരായി വിനിയോഗിച്ചും പ്ര?ട്ടോക്കോളുകള്‍ ലംഘിച്ചുമായിരുന്നു പ്രവര്‍ത്തനം.
സ്വപ്‌ന, സരിത്ത്‌ എന്നിവര്‍ നേരിട്ടും അല്‍സാബിയുടെ നിര്‍ദേശപ്രകാരവും കള്ളക്കടത്ത്‌ നടത്തിയിട്ടുണ്ട്‌. വിവിധ തരത്തില്‍ കമ്മിഷനായി ലഭിച്ച പണം ഡോളറാക്കി വിദേശത്തേക്കു കടത്തി.
നയതന്ത്ര ബാഗേജില്‍നിന്നു പിടിച്ചെടുത്ത 30 കിലോ സ്വര്‍ണവും സരിത്തിന്റെ പക്കല്‍നിന്നു കണ്ടെത്തിയ 14.98 ലക്ഷം രൂപയും ഇ.ഡി. കണ്ടുകെട്ടിയിരുന്നു. ബാങ്ക്‌ ലോക്കറില്‍ നിന്നു പിടികൂടിയ ഒരു കോടിയും കണ്ടുകെട്ടി.
കള്ളക്കടത്തിലൂടെ സമ്പാദിച്ച കള്ളപ്പണമാണു സ്വര്‍ണത്തിനായി നിക്ഷേപിച്ചതെന്ന്‌ ഇ.ഡി. വ്യക്‌തമാക്കുന്നു.
2020 ജൂണ്‍ 30 നാണു നയതന്ത്ര ബാഗേജ്‌ തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്നത്‌. ജൂലൈ അഞ്ചിന്‌ ഇതില്‍ 14.5 കോടിയുടെ കള്ളക്കടത്ത്‌ സ്വര്‍ണമുണ്ടെന്നു കണ്ടെത്തി അന്വേഷണം തുടങ്ങി. അപ്പോഴേക്കും അല്‍ സാബിയും ഖമീസ്‌ അലിയും ഗള്‍ഫിലേക്കു കടന്നു.

Leave a Reply

Latest News

ബസ് ഓൺ ഡിമാൻഡിന്റെ പേരിൽ അമിതമായി പണം വാങ്ങില്ലെന്ന് കെഎസ്ആർടിസി ആവർത്തിക്കുമ്പോഴും വിദ്യാർത്ഥികൾ ബസ് ചാർജ്ജ് ഇനത്തിൽനൽകേണ്ടി വരിക കോവിഡിന് മുമ്പ് നൽകിയിരുന്നതിലും നാലിരട്ടി തുക

ബസ് ഓൺ ഡിമാൻഡിന്റെ പേരിൽ അമിതമായി പണം വാങ്ങില്ലെന്ന് കെഎസ്ആർടിസി ആവർത്തിക്കുമ്പോഴും വിദ്യാർത്ഥികൾ ബസ് ചാർജ്ജ് ഇനത്തിൽനൽകേണ്ടി വരിക കോവിഡിന് മുമ്പ് നൽകിയിരുന്നതിലും നാലിരട്ടി തുക....

More News