വിദ്യാഭ്യാസ മേഖലയിൽ സമഗ്ര പരിഷ്കാരം പ്രഖ്യാപിച്ച് യുഎഇ

0

അബുദാബി: വിദ്യാഭ്യാസ മേഖലയിൽ സമഗ്ര പരിഷ്കാരം പ്രഖ്യാപിച്ച് യുഎഇ. വിദ്യാഭ്യാസ വകുപ്പിന് മൂന്ന് പുതിയ മന്ത്രിമാരെ നിയമിച്ചും പ്രാരംഭ വിദ്യാഭ്യാസത്തിനായി ഫെഡറൽ അതോറിറ്റി ഫോർ ഏർലി എജ്യുക്കേഷൻ രൂപീകരിച്ചുമാണ് അറബ് എമിറേറ്റ്സ് വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ കുതിച്ചുചാട്ടത്തിന് തയ്യാറെടുക്കുന്നത്. വിദ്യാഭ്യാസ നയങ്ങളിലും നിയമകളിലും സമഗ്രമായ പൊളിച്ചെഴുത്തുണ്ടാകുമെന്നാണ് റിപ്പോർട്ട്.

ഡോ. അഹ്മദ് ബെൽഹൂൽ അൽ ഫലാസി ആണ് പുതിയ വിദ്യാഭ്യാസ മന്ത്രി. പൊതുവിദ്യാഭ്യാസ, ഭാവി സാങ്കേതികവിദ്യാ സഹമന്ത്രിയായി സാറ അൽ അമീരിയെയും പ്രാരംഭ വിദ്യാഭ്യാസ സഹമന്ത്രിയായി സാറാ മുസല്ലത്തെയും നിയമിച്ചു. ‌ഒൻട്രപ്രനർ, ചെറുകിട ഇടത്തരം വകുപ്പ് സഹമന്ത്രിയായിരുന്നു ഡോ. അഹ്മദ് ബെൽഹൂൽ. അഡ്വാൻസ്ഡ് ടെക്നോളജി സഹമന്ത്രിയായിരുന്നു സാറ അൽ അമീരി.

പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് സുപ്രധാന പ്രഖ്യാപനം നടത്തിയത്. രാജ്യത്തെ വിദ്യാഭ്യാസ രംഗത്തെ നയങ്ങളും നിയമങ്ങളും അവലോകനം ചെയ്യാനും നിർദേശിച്ചു.
സർക്കാർ സ്കൂളുകളെ നൂതന സാങ്കേതിക വിദ്യയുമായി സമന്വയിപ്പിച്ച് അപ്ഗ്രേഡ് ചെയ്യുന്നതിനും പ്രാരംഭ വിദ്യാഭ്യാസത്തിന് സമഗ്ര പദ്ധതി ആവിഷ്ക്കരിക്കാനും പുതിയ മന്ത്രിമാരോട് നിർദ്ദേശിച്ചു. ഭാവിയിലെ ജോലിക്ക് ആവശ്യമാകും വിധമാണ് ലോകോത്തര വിജ്ഞാനം നൽകി ബിരുദധാരികളെ സജ്ജരാക്കുകയാണ് പരിഷ്കാരത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ഷെയ്ഖ് മുഹമ്മദ് പറയുന്നു.

ഇതിനായി പുതിയ പാഠ്യപദ്ധതിയും നിയമാവലിയും തയാറാക്കും. വിദ്യാഭ്യാസ മേഖലയും ഇന്നത്തെ നമ്മുടെ അഭിലാഷങ്ങളും ഇന്നലത്തെ പോലെയല്ലെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. ഫെഡറൽ അതോറിറ്റി ഫോർ എർലി എജ്യുക്കേഷൻ വിഭാഗത്തിൽ ജനനം മുതൽ ഗ്രേഡ് 4 വരെയുള്ള കുട്ടികളുടെ സമഗ്ര വികസനമാണ് ലക്ഷ്യമിടുന്നത്.
കുട്ടികളുടെ വ്യക്തിത്വ വികാസവും സ്വഭാവ രൂപീകരണവും മെച്ചപ്പെടുത്തുന്നതിന് അതോറിറ്റിയുടെ മേൽനോട്ടത്തിൽ കൂടുതൽ ശ്രദ്ധയും പരിഗണനയുമുണ്ടാകും. ഈ പ്രായത്തിലുള്ള കുട്ടികളുടെ ആരോഗ്യ കാര്യങ്ങളും ഇതിൽ ഉൾപ്പെടും. കുട്ടിക്കാലത്തെ വിദ്യാഭ്യാസ ആവശ്യങ്ങളുമായി ബന്ധപ്പെട്ട നയങ്ങൾ, തന്ത്രങ്ങൾ, നിയമനിർമാണങ്ങൾ, പ്രോഗ്രാമുകൾ എന്നിവ വികസിപ്പിക്കുന്നതിനുള്ള ഉത്തരവാദിത്തം അതോറിറ്റിക്കായിരിക്കും.

മന്ത്രിസഭയിൽ അഫിലിയേറ്റ് ചെയ്‌ത അതോറിറ്റി പ്രാഥമിക വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം നിരീക്ഷിച്ച് ആവശ്യമായ ഭേദഗതി വരുത്തും. ചൊവ്വയിലേക്ക് പേടകവും രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് ബഹിരാകാശ സഞ്ചാരിയെയും അയച്ചത് ഉൾപ്പെടെയുള്ള ചരിത്രപരമായ ദൗത്യങ്ങളിൽ യുഎഇയുടെ ബഹിരാകാശ ഏജൻസിയെ നയിച്ച എൻജിനീയർ സാറാ അൽ അമീരി ഇനി പൊതുവിദ്യാഭ്യാസ രംഗത്ത് സാങ്കേതികവിദ്യയുടെ വിപ്ലവം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പൊതുവിദ്യാലയങ്ങളെ നവീകരിക്കുന്നതിന് സമഗ്ര പദ്ധതി ആവിഷ്‌കരിക്കാൻ സാറ അൽ അമീരിയോട് നിർദേശിച്ചിട്ടുണ്ട്. വിദേശകാര്യ, രാജ്യാന്തര സഹകരണ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ ചെയർമാനായി വിദ്യാഭ്യാസ, മാനവശേഷി കൗൺസിലിൽ പുനഃസംഘടിപ്പിക്കുകയും ചെയ്തു.
വിദ്യാഭ്യാസ മേഖലയുടെ ഭാവിക വികസനം, സാമ്പത്തിക സാമൂഹിക ആവശ്യങ്ങൾ എന്നിവ നിറവേറ്റുന്നതിനും കൗൺസിൽ മേൽനോട്ടം വഹിക്കും.മുൻ വിദ്യാഭ്യാസ മന്ത്രി ഹുസൈൻ അൽ ഹമ്മാദി, പൊതുവിദ്യാഭ്യാസ സഹമന്ത്രി ജമീല അൽ മുഹൈരി എന്നിവരുടെ സേവനത്തിന് ഷെയ്ഖ് മുഹമ്മദ് നന്ദി രേഖപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here