റഷ്യ ആക്രമണത്തിനു സജ്ജമായിക്കഴിഞ്ഞെന്നു യുഎസ് നിരീക്ഷണം

0

വാഷിങ്ടൻ / പാരിസ് ∙ റഷ്യ ആക്രമണത്തിനു സജ്ജമായിക്കഴിഞ്ഞെന്നു യുഎസ് നിരീക്ഷണം. യുക്രെയ്നെ ആക്രമിച്ചാൽ അനന്തരഫലം പേടിപ്പെടുത്തുന്നതായിരിക്കുമെന്ന് യുഎസ് സേനാമേധാവി മാർക്ക് മില്ലി പറഞ്ഞു. ശീതയുദ്ധത്തിനു ശേഷം ഇതാദ്യമാണ് ഇത്ര വലിയ പടയൊരുക്കമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുന്നറിയിപ്പിനൊപ്പം കിഴക്കൻ യൂറോപ്പിലേക്കു സൈനികസന്നാഹവും യുഎസ് ശക്തിപ്പെടുത്തി. സൈനിക സഖ്യമായ നാറ്റോയ്ക്കു കരുത്തേകാൻ ചെറിയൊരു സംഘം സൈനികരെ ഉടൻ അയയ്ക്കുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു.

എന്നാൽ, യുദ്ധം തുടങ്ങിക്കഴിഞ്ഞെന്ന മട്ടിൽ പരിഭ്രാന്തി പരത്തുന്നതിനെ യുക്രെയ്ൻ പ്രസിഡന്റ് വൊളൊദിമിർ സെലൻസ്കി വിമർശിച്ചു. കഴിഞ്ഞ വർഷം കണ്ടതിലേറെ സ്ഥിതി വഷളായിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം. ഇത് ആശങ്ക സൃഷ്ടിക്കാനായി റഷ്യയുടെ മനഃശാസ്ത്രപരമായ നീക്കമാണെന്നും യുദ്ധാശങ്ക പരത്തുന്നതിലൂടെ വലിയ വിലകൊടുക്കേണ്ടി വരുന്നത് യുക്രെയ്നിനാണെന്നും ചൂണ്ടിക്കാട്ടി. കഴിഞ്ഞ വർഷവും 1.3 ലക്ഷം സൈനികരെ റഷ്യ അതിർത്തിയിൽ വിന്യസിച്ചിരുന്നെന്ന് പ്രതിരോധ മന്ത്രിയും പറഞ്ഞു.

ഇതിനിടെ, നാറ്റോയിൽ യുക്രെയ്നെ ഉൾപ്പെടുത്തരുതെന്ന ആവശ്യം യുഎസ് അംഗീകരിക്കാത്തതു പഠിച്ചിട്ടാകും അടുത്ത നീക്കമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ പറഞ്ഞു

Leave a Reply