സംസ്‌ഥാനത്ത്‌ കോവിഡ്‌ എത്തിയിട്ട്‌ രണ്ടുവര്‍ഷം , പുതിയ പ്രതീക്ഷയുമായി പ്രതിരോധം മുന്നോട്ട്‌: മന്ത്രി വീണാ ജോര്‍ജ്‌

0

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ കൊറോണ വൈറസ്‌ ബാധിച്ചിട്ട്‌ ജനുവരി 30ന്‌ രണ്ട്‌ വര്‍ഷമാകുമ്പോള്‍ പുതിയ പ്രതീക്ഷയുമായി ജനപിന്തുണയോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട്‌ പോകുകയാണെന്ന്‌ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്‌.
കോവിഡിന്റെ ജനിതക വകഭേദമായ ഒമിക്രോണ്‍ കാരണം സംസ്‌ഥാനം അതീവ ജാഗ്രതയിലാണ്‌. കേരളം ഒറ്റക്കെട്ടായി ഈ മൂന്നാം തരംഗത്തെയും അതിജീവിക്കും. അതിനായി നമ്മുടെ ജാഗ്രതയും കരുതലും തുടരണമെന്നും മന്ത്രി പറഞ്ഞു. മുന്‍ ആഴ്‌ചകളെ അപേക്ഷിച്ച്‌ കോവിഡ്‌ വ്യാപനതോത്‌ കുറയുന്നത്‌ ആശ്വാസമാണ്‌. സംസ്‌ഥാനത്ത്‌ മൂന്നാം തരംഗം തുടങ്ങിയത്‌ ജനുവരിയിലാണ്‌. ഒന്നാം ആഴ്‌ച 45 ശതമാനവും രണ്ടാം ആഴ്‌ച 148 ശതമാനവും മൂന്നാം ആഴ്‌ച 215 ശതമാനവും വര്‍ധനയുണ്ടായി. എന്നാല്‍ ഇന്നലെവരെയുള്ള ആഴ്‌ച 71 ശതമാനം കേസുകള്‍ കുറഞ്ഞിട്ടുണ്ട്‌. ഇന്നത്‌ കണക്കാക്കുമ്പോള്‍ വീണ്ടും കുറഞ്ഞ്‌ 57 ശതമാനമായിട്ടുണ്ട്‌. ഇങ്ങനെയൊരു കുറവ്‌ തുടര്‍ന്നാല്‍ ഏറെ പ്രതീക്ഷയുണ്ട്‌.
ഒന്നാം തരംഗത്തത്തിലും രണ്ടാം തരംഗത്തിലും അവലംബിച്ച സ്‌ട്രാറ്റജിയല്ല മൂന്നാം തരംഗത്തില്‍. ഒന്നാം തരംഗത്തില്‍ കോവിഡ്‌ വാക്‌സിനേഷന്‍ ഇല്ലായിരുന്നു. രണ്ടാം തരംഗത്തില്‍ വാക്‌സിനേഷന്‍ വളരെ കുറവായിരുന്നു. എന്നാല്‍ പരമാവധി പേര്‍ക്ക്‌ വാക്‌സിന്‍ നല്‍കാന്‍ പ്രത്യേക യഞ്‌ജം സംഘടിപ്പിച്ചു. ഇപ്പോള്‍ സംസ്‌ഥാനത്ത്‌ പ്രായപൂര്‍ത്തിയായവരുടെ ആദ്യഡോസ്‌ വാക്‌സിനേഷന്‍ 100 ശതമാനമാണ്‌. രണ്ടാം ഡോസ്‌ വാക്‌സിനേഷന്‍ 84 ശതമാനമാണ്‌. കുട്ടികളുടെ വാക്‌സിനേഷന്‍ 70 ശതമാനമാണ്‌. കരുതല്‍ ഡോസ്‌ വാക്‌സിനേഷനും നല്ല രീതിയില്‍ പുരോഗമിക്കുന്നു. ഈ സാഹചര്യത്തില്‍ ബഹുഭൂരിപക്ഷവും രോഗപ്രതിരോധ ശേഷി കൈവരിച്ചിട്ടുണ്ട്‌. അതിനാല്‍ അടച്ച്‌ പൂട്ടലിന്‌ പ്രസക്‌തിയില്ല.
ആരോഗ്യവകുപ്പ്‌ നേരത്തെ തന്നെ മുന്നൊരുക്കം നടത്തിയതിനാല്‍ കോവിഡ്‌ മൂന്നാം തരംഗം നേരിടാന്‍ സംസ്‌ഥാനം സുസജ്‌ജമാണ്‌. ഒമിക്രോണ്‍ തീവ്രതയില്‍ 3 ശതമാനം പേര്‍ക്ക്‌ മാത്രമാണ്‌ ആശുപത്രിവാസം വേണ്ടി വരുന്നത്‌. സംസ്‌ഥാനത്തും ഈ കണക്ക്‌ ഏതാണ്ട്‌ അങ്ങനെയാണ്‌. അതിനാല്‍ ആശുപത്രികളിലും ഐ.സി.യുകളിലും രോഗികളുടെ വലിയ വര്‍ധനവില്ല. ഇപ്പോള്‍ ഗൃഹപരിചരണമാണ്‌ പ്രധാനം. ഗൃഹപരിചരണത്തില്‍ അപായ സൂചനകള്‍ എല്ലാവരും തിരിച്ചറിഞ്ഞ്‌ കൃത്യസമയത്ത്‌ ചികിത്സ തേടണം. എത്രയും വേഗം കോവിഡിനെ അതിജീവിക്കാനാകുമെന്നും മന്ത്രി വ്യക്‌തമാക്കി.

Leave a Reply