ജോലി വാഗ്‌ദാനം ചെയ്‌ത്‌ പതിനേഴുകാരിയെ ഒന്നരവര്‍ഷത്തോളം പീഡനത്തിനിരാക്കിയ സംഭവത്തില്‍ മാതാവുള്‍പ്പെടെ രണ്ടുപേര്‍ കൂടി അറസ്‌റ്റിലായി

0

തൊടുപുഴ: ജോലി വാഗ്‌ദാനം ചെയ്‌ത്‌ പതിനേഴുകാരിയെ ഒന്നരവര്‍ഷത്തോളം പീഡനത്തിനിരാക്കിയ സംഭവത്തില്‍ മാതാവുള്‍പ്പെടെ രണ്ടുപേര്‍ കൂടി അറസ്‌റ്റിലായി. ഇതോടെ പെണ്‍കുട്ടിയെ പീഡിപ്പിച്ചവരും ഇടനിലക്കാരനും മാതാവും ഉള്‍പ്പെടെ സംഭവത്തില്‍ ആകെ എട്ട്‌ പേര്‍ അറസ്‌റ്റിലായി.
പ്രതികളെ പെണ്‍കുട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്‌. പെണ്‍കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. ഇതിന്റെ അടിസ്‌ഥാനത്തില്‍ കൂടുതല്‍ പേര്‍ക്ക്‌ പീഡനത്തില്‍ പങ്കുണ്ടെന്ന്‌ പോലീസ്‌ സൂചിപ്പിച്ചു. തൊടുപുഴ ഒളമറ്റം സ്വദേശി വെള്ളാംതടത്തില്‍ മാത്യു ജോണി(39 പ്രിയേഷ്‌)ന്റേയും പെണ്‍കുട്ടിയുടെ 42 വയസുകാരിയായ മാതാവിന്റേയും അറസ്‌റ്റാണ്‌ ഇന്നലെ തൊടുപുഴ പോലീസ്‌ രേഖപ്പെടുത്തിയത്‌. മാത്യു ജോണിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു. ശാരീരികപ്രശ്‌നങ്ങളെത്തുടര്‍ന്ന്‌ ശസ്‌ത്രക്രിയക്ക്‌ വിധേയയായ മാതാവിന്റെ അറസ്‌റ്റ്‌ രേഖപ്പെടുത്തിയ ശേഷം പോലീസ്‌ സംരക്ഷണത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇടനിലക്കാരന്റെ സഹായത്തോടെയല്ലാതെയാണ്‌ മാത്യു ജോണ്‍ കുട്ടിയെ പീഡനത്തിനിരയാക്കിയത്‌. ഇയാള്‍ ഒന്നിലേറെ പ്രാവശ്യം കുട്ടിയെ സ്വന്തം വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയി തൊടുപുഴ, ഒളമറ്റം എന്നിവിടങ്ങളിലെത്തിച്ച്‌പീഡിപ്പിക്കുകയായിരുന്നു. സംഭവം പുറത്തറിഞ്ഞതോടെ ഇയാള്‍ ഒളിവില്‍ പോയിരുന്നു. പോലീസ്‌ അന്വേഷണം നടക്കുന്നതിനിടെ ഇന്നലെ ഉച്ചയ്‌ക്ക്‌ ശേഷം പ്രതി പോലീസ്‌ സ്‌റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു.
മാതാവിന്റെ അറിവോടെയായിരുന്നു പീഡനമെന്ന്‌ പോലീസ്‌ നേരത്തെ കണ്ടെത്തിയതിനെ തുടര്‍ന്നാണ്‌ ഇവരെ അറസ്‌റ്റ്‌ ചെയ്‌തത്‌. ഇതിന്‌ പുറമേ ഇവര്‍ ഇടനിലക്കാരനില്‍നിന്നു പണം കൈപ്പറ്റിയിരുന്നതായി അന്വേഷണത്തില്‍ വ്യക്‌തമായി. മാതാവിന്റെയും മുത്തശിയുടെയും അറിവോടെയാണ്‌ കുട്ടി പീഡനത്തിരയായതെന്നും ഇരുവര്‍ക്കുമെതിരേ കേസെടുക്കണമെന്നും ജില്ലാ ചൈല്‍ഡ്‌ വെല്‍ഫെയര്‍ കമ്മിറ്റി കഴിഞ്ഞ ദിവസം രേഖാമൂലം പോലീസിനോട്‌ ആവശ്യപ്പെടുകയും ചെയ്‌തിരുന്നു.
2020 അവസാനത്തോടെയാണ്‌ ജോലി വാങ്ങിത്തരാമെന്ന്‌ പറഞ്ഞ്‌ ഇടനിലക്കാരനും കുമാരമംഗലം സ്വദേശിയുമായ ബേബി എന്ന്‌ വിളിക്കുന്ന രഘു കുട്ടിയുടെ കുടുംബത്തെ സമീപിക്കുന്നത്‌. പെണ്‍കുട്ടിയെ ഇയാള്‍ വന്‍ തുക വാങ്ങി പലരുടെയും അടുത്ത്‌ എത്തിക്കുകയായിരുന്നു. പെണ്‍വാണിഭ സംഘങ്ങളുമായി ബന്ധമുണ്ടായിരുന്ന ബേബിയെ തേടി മറ്റ്‌ ജില്ലകളില്‍ നിന്നുള്ളവരും ഇവിടേക്കെത്തി. രണ്ടുമാസം മുമ്പ്‌ വരെ പീഡനം തുടര്‍ന്നു. ഇതിനിടെ വയറുവേദനയെത്തുടര്‍ന്ന്‌ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ്‌ ഗര്‍ഭിണിയായതും പീഡനമേറ്റതും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പുറത്തുവന്നത്‌.

Leave a Reply