ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ്‌ നിര്‍ത്തിയിട്ടിരുന്ന തീര്‍ഥാടകരുടെ ടെമ്പോ ട്രാവലറിലേക്ക്‌ ഇടിച്ചു കയറി രണ്ടുപേര്‍ മരിച്ചു

0

പീരുമേട്‌: ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ്‌ നിര്‍ത്തിയിട്ടിരുന്ന തീര്‍ഥാടകരുടെ ടെമ്പോ ട്രാവലറിലേക്ക്‌ ഇടിച്ചു കയറി രണ്ടുപേര്‍ മരിച്ചു. ആറു തീര്‍ഥാടകര്‍ക്ക്‌ പരുക്കേറ്റു. ദേശീയപാതയില്‍ പെരുവന്താനത്തിനു സമീപം അമലഗിരിയില്‍ ഇന്നലെ രാവിലെ 11 മണിയോടെയാണ്‌ അപകടമുണ്ടായത്‌. ആന്ധ്രാപ്രദേശിലെ കര്‍ണൂര്‍ ജില്ലയില്‍നിന്നുള്ള യാഗേല്‍ ടി. ഈശ്വരപ്പ (43), ആദിനാരായണ (45) എന്നിവരാണ്‌ മരിച്ചത്‌. ആന്ധ്രാപ്രദേശ്‌ ജോലാര്‍പേട്ട സ്വദേശികളായ സുരേഷ്‌ കുമാര്‍ (46), മല്ലികാര്‍ജുനലു (43), പുല്ലയ്യ (35), പലേസയ്യ (43), വിജയഭാസ്‌കര്‍ റെഡി (46), മല്ലികാര്‍ജുന (38) എന്നിവര്‍ക്കാണ്‌ പരുക്കേറ്റത്‌.
അമലഗിരിയില്‍വച്ച്‌ തീര്‍ഥാടകര്‍ സഞ്ചരിച്ച ട്രാവലര്‍ വാഹനം കാറുമായി കൂട്ടിയിടിച്ചിരുന്നു. ഇതിനെ തുടര്‍ന്ന്‌ ട്രാവലര്‍ നിര്‍ത്തിയ തീര്‍ഥാടകര്‍ വാഹനത്തിനു പുറത്തുനിന്നു സംസാരിക്കുന്നതിനിടെ കുട്ടിക്കാനം ഭാഗത്തുനിന്നു വന്ന തീര്‍ഥാടകരുടെ ബസ്‌ എതിരേ വന്ന ലോറിയുമായി കൂട്ടിയിടിക്കുന്നത്‌ ഒഴിവാക്കാനായി വെട്ടിച്ചപ്പോള്‍ ട്രാവലറില്‍ ഇടിക്കുകയായിരുന്നു. പുറത്തു നിന്ന തീര്‍ഥാടകര്‍ വാഹങ്ങള്‍ക്കും മതിലിനും ഇടയില്‍പെട്ട്‌ ചതഞ്ഞരഞ്ഞു.
മരിച്ചവരുടെ മൃതദേഹങ്ങള്‍ കാഞ്ഞിരപ്പള്ളി താലൂക്ക്‌ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്‌. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക്‌ വിട്ടുകൊടുക്കും. അപകടത്തെത്തുടര്‍ന്നു ദേശീയപാതയില്‍ ഏറെ നേരം ഗതാഗതം തടസപ്പെട്ടു.
സ്‌ഥലത്തെത്തിയ പെരുവന്താനം പോലീസും ഹൈവേ പോലീസുമാണ്‌ രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കി.

Leave a Reply