കളഞ്ഞു കിട്ടിയ മൊബൈൽഫോൺ ഉപയോഗിച്ച് ഒരു ലക്ഷം രൂപ കവർന്ന കേസിൽ രണ്ട് അതിഥിത്തൊഴിലാളികൾ അറസ്റ്റിൽ

0

കൊച്ചി; കളഞ്ഞു കിട്ടിയ മൊബൈൽഫോൺ ഉപയോഗിച്ച് ഒരു ലക്ഷം രൂപ കവർന്ന കേസിൽ രണ്ട് അതിഥിത്തൊഴിലാളികൾ അറസ്റ്റിൽ. അസം തേസ്പൂർ സ്വദേശി അബ്ദുൽ കലാം (24), ബംഗാൾ മുർഷിദാബാദ് സ്വദേശി റോണിമിയ (20), എന്നിവരാണ് അറസ്റ്റിലായത്. കിഴക്കമ്പലം സ്വദേശി മാത്യുവിന്റെ മൊബൈൽ ഫോൺ ഉപയോഗിച്ചാണ് ഇവർ അക്കൗണ്ടിൽ നിന്നു പണം കവർന്നത്.

തിങ്കളാഴ്ചയാണു പള്ളിക്കര ഭാഗത്തുവച്ച് മാത്യുവിന്റെ ഫോൺ നഷ്ടപ്പെടുന്നത്. രാത്രി വീട്ടിൽ എത്തിയപ്പോഴാണ് ഫോൺ നഷ്ടപ്പെട്ട കാര്യം അറിയുന്നത്. പിറ്റേന്ന് അക്കൗണ്ട് പരിശോധിച്ചപ്പോൾ ഒരു ലക്ഷം രൂപ നഷ്ടപ്പെട്ടതായി മനസിലാക്കി. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.

അന്വേഷണത്തിൽ ബംഗാൾ സ്വദേശിയായ റോണിമിയയുടെ അക്കൗണ്ടിലേക്കാണു പണം പോയിരിക്കുന്നതെന്ന് കണ്ടെത്തി. പെരിങ്ങാലയിലെ വർക് ഷോപ്പിലെ ജീവനക്കാരനായ ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് അബ്ദുൽ കലാമിനെ കുറിച്ചു വിവരം ലഭിച്ചത്. ഫോൺ ലഭിച്ചത് അബ്ദുൽ കലാമിനായിരുന്നു. പളളിക്കര മീൻ മാർക്കറ്റിലെ തൊഴിലാളിയായ ഇയാൾ മൊബൈൽ ഫോണിൽ നിന്നു ബാങ്ക് പാസ്‌വേഡ് കണ്ടുപിടിച്ച് അക്കൗണ്ടിലെ പണം റോണി മിയയുടെ അക്കൗണ്ടിലേക്കു മാറ്റുകയായിരുന്നു. ഈ പണത്തിൽ നിന്നും കലാം എഴുപതിനായിരം രൂപയുടെ ഐഫോണും വസ്ത്രവും വാങ്ങി. ബാക്കി തുക റോണി മിയയുടെ അക്കൗണ്ടിൽ ഉണ്ടായിരുന്നു. പിന്നീട് ഫോൺ ഉപേക്ഷിച്ചെങ്കിലും പൊലീസ് കണ്ടെടുത്തു. നാട്ടിലേക്ക് രക്ഷപ്പെടാനുള്ള തയാറെടുപ്പിനിടെ ആണ് ഇവർ പിടിയിലാവുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here