ബിപിൻ റാവത്തിന്റെ വിലാപയാത്രയ്ക്കിടെ രണ്ട് തവണ വാഹനാപകടം; ആംബുലൻസ് എസ്കോർട്ട് വാഹനത്തിലിടിച്ചു; 10 പോലീസുകാർക്ക് പരിക്ക്

0

ചെന്നൈ: കൂനൂരിൽ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ വിലാപയാത്രയ്ക്കിടെ അപകടം. ഊട്ടിയില്‍ നിന്നും സുലൂര്‍ സൈനിക കേന്ദ്രത്തിലേക്ക് മൃതദേഹങ്ങള്‍ വഹിച്ചുകൊണ്ടുള്ള വിലാപയാത്രയ്ക്കിടെയായിരുന്നു അപകടം. മേട്ടുപ്പാളയത്തിന് സമീപത്തുവെച്ചാണ് അപകടം ഉണ്ടായത്. വിലാപയാത്രയ്ക്ക് അകമ്പടി സേവിച്ച പൊലീസുകാര്‍ സഞ്ചരിച്ചിരുന്ന വാന്‍ മതിലില്‍ ഇടിക്കുകയായിരുന്നു.

ഇതേത്തുടര്‍ന്ന് വാഹനത്തിലുണ്ടായിരുന്ന പൊലീസുകാര്‍ റോഡില്‍ തെറിച്ചുവീണു. 10 പൊലീസുകാര്‍ക്ക് പരിക്കേറ്റു. പൊലീസുകാരുടേത് സാരമായ പരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. കാലില്‍ പരുക്കേറ്റ പൊലീസുകാരെ സമീപത്തെ ആശുപത്രിയിലാക്കി. വാഹനത്തിലെ യന്ത്രത്തകരാറാണ് അപകടത്തിന് കാരണമായതെന്നാണ് സൂചന. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി, മറ്റുള്ള പൊലീസുകാരുമായി വിലാപയാത്ര തുടര്‍ന്നു.


ഇതിന് പിന്നാലെയാണ് രണ്ടാമത്തെ അപകടം ഉണ്ടായത്. മൃതദേഹം കൊണ്ടുപോയിരുന്ന ആംബുലന്‍സ് മുമ്പില്‍ പോയ വാഹനവുമായി ഇടിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് മറ്റൊരു ആംബുലന്‍സിലേക്ക് മൃതദേഹം മാറ്റിയാണ് വിലാപയാത്ര തുടര്‍ന്നത്. രണ്ടാമത്തെ അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

വിലാപയാത്ര കടന്നുപോകുന്ന റോഡിന്റെ ഇരുവശത്തും നാട്ടുകാര്‍ തടിച്ചുകൂടിയിരുന്നു. അന്തരിച്ച ധീരസൈനികര്‍ക്ക് ജനക്കൂട്ടം മുദ്രാവാക്യം മുഴക്കി അഭിവാദ്യം അര്‍പ്പിക്കുകയും പുഷ്പാര്‍ച്ചന നടത്തുകയും ചെയ്തു. മൃതദേഹം ഇന്ന് വൈകീട്ടോടെ ഡൽഹിയിലെത്തിക്കും. റാവത്തിന്റെ സംസ്‌കാരം വെള്ളിയാഴ്ച ഡൽഹി ബ്രാർ സ്‌ക്വയറിൽ നടക്കും. ഔദ്യോഗിക വസതിയിൽ വെള്ളിയാഴ്ച 11 മുതൽ രണ്ടു മണിവരെ പൊതുദർശനത്തിന് വെക്കും. ബിപിൻ റാവത്തിന്റെ മരണത്തിൽ ഉത്തരാഖണ്ഡ് സർക്കാർ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.

നാളെ രാവിലെ 11 മണിക്കാണ് ഡൽഹിയിൽ പൊതുദർശനം. അതിന് ശേഷം വിലാപയാത്രയായി കന്റോൺമെന്റിലേക്ക് കൊണ്ടുപോകും. കന്റോൺമെന്റിലെ ബ്രാർ സ്ക്വയറിലാണ് ബിപിൻ റാവത്തിന് അന്ത്യവിശ്രമം ഒരുക്കുക. രണ്ടാം ലോക മഹായുദ്ധത്തിൽ വീരമൃത്യു വരിച്ച സൈനികരെ അടക്കം ചെയ്ത പ്രദേശമാണ് ബ്രാർ സ്ക്വയർ. ഉയർന്ന റാങ്കിലുള്ള സൈനികരെയും ഇവിടെയാണ് സംസ്കരിക്കുന്നത്.

സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും ഭാര്യയും അടക്കം 13 പേരുടെ മരണത്തിന് ഇടയാക്കിയ ഹെലികോപ്ടർ അപകടം യന്ത്ര തകരാറ് മൂലമല്ലെന്ന് റിപ്പോർട്ട്. ഇത് സംബന്ധിച്ച് നിർണായക വിവരങ്ങൾ സർക്കാരിന് ലഭിച്ചു. പാർലമെന്റ് സമ്മേളനം നടക്കുന്നതിനാൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിം​ഗ് ഈ വിവരങ്ങൾ ആദ്യം അറിയിക്കുക പാർലമെന്റിന്റെ ഇരു സഭകളെയുമാകും. ഇന്ന് 11.15ന് മണിക്ക് രാജ്നാഥ് സിം​ഗ് പാർലമെന്റിൽ അം​ഗങ്ങളെ അഭിസംബോധന ചെയ്യും. ആദ്യം ലോക്സഭയിലും പിന്നീട് രാജ്യസഭയിലുമാകും കേന്ദ്ര പ്രതിരോധ മന്ത്രി പ്രസ്താവന നടത്തുക. രാജ്യത്തെ സംബന്ധിക്കുന്ന സുപ്രധാന വിവരങ്ങളും സംയുക്ത സൈനിക മേധാവിയെ സംബന്ധിച്ച വിവരങ്ങളും സഭാ സമ്മേളനം നടക്കുന്ന വേളയിൽ ആദ്യം പാർലമെന്റിനെ അറിയിക്കണം എന്നാണ് ചട്ടം. ഇതനുസരിച്ചാണ് പ്രതിരോധ മന്ത്രി ആദ്യം പാർലമെന്റിനെ വിവരങ്ങൾ ധരിപ്പിക്കുക. പ്രദേശത്ത് തെരച്ചിൽ നടത്തിയ വ്യോമസേന ഉദ്യോ​ഗസ്ഥർ ഹെലികോപ്ടറിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തിയിട്ടുണ്ട്.

സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും ഭാര്യയും ഉൾപ്പെടെ 13 പേരുടെ മരണത്തിന് ഇടയാക്കിയ ഹെലികോപ്റ്റർ അപകടത്തിൽ ദുരൂഹതയെന്ന വാദം ശക്തമാകുന്നതിനിടെയാണ് ഇത് സംബന്ധിച്ച നിർണായക വിവരങ്ങൾ കേന്ദ്ര സർക്കാരിന് ലഭിച്ചത്. യന്ത്ര തകരാറും പ്രതികൂല കാലാവസ്ഥയുമാണ് അപകടത്തിന്റെ കാരണം എന്നായിരുന്നു പ്രാഥമിക നി​ഗമനം. എന്നാൽ, പ്രതികൂല കാലാവസ്ഥയിൽ ഹെലികോപ്റ്റർ ലക്ഷ്യം തെറ്റി മരങ്ങളിൽ ഇടിച്ചിറങ്ങുകയായിരുന്നു എന്ന പ്രാഥമിക നി​ഗമത്തോട് എത്രത്തോളം യോജിക്കാനാകുമെന്ന ചോദ്യം ആദ്യം തന്നെ ഉയർന്നിരുന്നു. കാലാവസ്ഥയെ മാനിക്കുന്ന എയർഫോഴ്സ് പൈലറ്റ് പ്രതികൂല കാലാവസ്ഥയിലൂടെ ഹെലികോപ്റ്റർ പറത്തുമോ എന്ന സംശയമാണ് പ്രമുഖരായ ആളുകൾ പോലും പങ്കുവെക്കുന്നത്. ഹെലികോപ്റ്ററിന്റെ യന്ത്ര തകരാറോ അട്ടിമറിയോ എന്ന സാധ്യതകളിലേക്കാണ് പലരും വിരൽ ചൂണ്ടുന്നത്.

പ്രതികൂല കാലാവസ്ഥയെ മറികടന്ന് നേരത്തേയും ബിപിൻ റാവത്ത് ഹെലികോപ്റ്ററിൽ പറന്നിട്ടുണ്ടെങ്കിലും അതെല്ലാം അത്തരം അടിയന്തിര സാഹചര്യങ്ങളിലായിരുന്നു. ഒരു സെമിനാറിൽ പങ്കെടുക്കാൻ പ്രതികൂല കാലാവസ്ഥയെ വെല്ലുവിളിച്ച് സ്വന്തം ഭാര്യയും സഹപ്രവർത്തകരായ 11 പേരുമായി ഹെലികോപ്റ്ററിൽ പോകാൻ ബിപിൻ റാവത്ത് തയ്യാറാകുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. വ്യോമസേന പ്രഖ്യാപിച്ച അന്വേഷണത്തിന് പുറമേ വിവിധ കേന്ദ്ര അന്വേഷണ ഏജൻസികളും അപകടം സംബന്ധിച്ച അന്വേഷണം ഏറ്റെടുക്കും എന്നാണ് റിപ്പോർട്ട്.

ഹെലികോപ്റ്റർ തകർന്നു വീണത് മാവോയിസ്റ്റ് സാന്നിധ്യമുളള മേഖലയിലാണ്. കേരള – തമിഴ്നാട് അതിർത്തി ജില്ലയായ നീല​ഗിരിയിലാണ് അപകടമുണ്ടായ കുനൂർ. കേരളത്തിലെ വയനാട് കൂടി ഉൾപ്പെടുന്ന നാടുകാണി ദളത്തിന് കീഴിലാണ് നീല​ഗിരി. ശക്തമായ മാവോയിസ്റ്റ് സാന്നിധ്യമുണ്ടായിരുന്ന ഇവിടെ പൊലീസുമായി പലതവണ ഏറ്റുമുട്ടലും ഉണ്ടായിട്ടുണ്ട്. ഇതോടെ അപകടത്തിൽ മാവോയിസ്റ്റുകളുടെയോ മറ്റ് ബാഹ്യ ശക്തികളുടെയോ ഇടപെടലുണ്ടോ എന്ന സംശയം നാട്ടുകാരും ഉയർത്തുന്നുണ്ട്. അപകടം നടന്ന നീല​ഗിരിക്ക് അടുത്താണ് കോയമ്പത്തൂർ.

ഇവിടെ മതമൗലിക ​ഗ്രൂപ്പുകൾ ശക്തിപ്രാപിക്കുന്നു എന്ന റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു. ഇതോടെ അപകടം അട്ടിമറിയാണോ എന്ന കാര്യത്തിലും പഴുതടച്ച അന്വേഷണം ഉണ്ടാകും. അത്തരം സാധ്യതകൾ കൂടി പരിശോധിച്ചാകും അന്വേഷണം പുരോഗമിക്കുക. അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ വ്യോമസേന ഉത്തരവിട്ടിട്ടുണ്ട്. കൂടുതൽ ഔദ്യോഗിക വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

ഇതൊരു സാധാരണ അപകടമാണെന്ന പ്രാഥമിക വിലയിരുത്തിലിലാണ് സൈന്യം. എങ്കിലും എല്ലാ സാധ്യതയും പരിശോധിക്കും. അപകടമുണ്ടായ മേഖല മുഴുവൻ സൈനീക നിരീക്ഷണത്തിലാണ്. മൊഴിയും സാഹചര്യവും അപകടത്തിന്റെ സാധ്യതയാണ് തെളിയിക്കുന്നത്.

ആ സമയത്ത് പ്രദേശത്ത് കനത്തമൂടൽമഞ്ഞുണ്ടായിരുന്നു. മേഖലയിൽ വീടുകളുണ്ടായിരുന്നെങ്കിലും അവയ്ക്കു മീതേയല്ല ഹെലിക്കോപ്ടർ വീണത്. നാലഞ്ച് മരങ്ങളിൽ ഇടിച്ചാണ് ഹെലിക്കോപ്ടർ താഴേക്ക് വീണത്. നിലംപതിച്ചതിന് തൊട്ടുപിന്നാലെ ഹെലിക്കോപ്ടർ പൊട്ടിത്തെറിച്ചു. മരങ്ങളിൽ തട്ടിയതാണ് പൊട്ടിത്തെറിക്ക് കാരണമായത്. മരത്തിൽ ഇടിച്ചില്ലായിരുന്നുവെങ്കിൽ പൊട്ടിത്തെറി ഒഴിവാകുമായിരുന്നു. ഈ പൊട്ടിത്തെറിയാണ് ദുരന്ത വ്യാപ്തി കൂട്ടിയത്. എങ്കിലും ഹെലികോപ്ടറിന്റെ അവശിഷ്ടങ്ങൾ വിശദമായി പരിശോധിക്കും. അട്ടിമറി സാധ്യതയിൽ വ്യക്തത വരാനാണ് ഇത്.

ബുധനാഴ്ച ഉച്ചയ്ക്ക് 12.20-ഓടെയാണ്. ദുരന്തത്തിൽ റാവത്തും ഭാര്യ മധുലികയും ഉൾപ്പെടെ 13 പേരാണ് മരിച്ചത്. നിലംപതിച്ച് നിമിഷങ്ങൾക്കകം ഹെലിക്കോപ്ടർ പൊട്ടിത്തെറിച്ചെന്നും രണ്ടുപേർക്കു മാത്രമാണ് ആ സമയത്ത് ജീവനുണ്ടായിരുന്നതെന്നും അപകടസ്ഥലത്ത് ആദ്യമെത്തിയവരിൽ ഒരാളായ കടശി ശിവകുമാർ പ്രതികരിച്ചു.

ബുധനാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ നഞ്ചപ്പ ഛത്രത്തിന് സമീപം ഒരു ഹെലികോപ്ടർ വീണു. തുടർന്ന് പ്രദേശവാസികൾ അവിടേക്ക് പോയി. അവിടെയെത്തി അൽപസമയം കഴിഞ്ഞപ്പോൾ ഹെലികോപ്ടർ പൊട്ടിത്തെറിച്ചു. തുടർന്ന് ഹെലിക്കോപ്ടറിന്റെ അടുത്തുചെന്നു നോക്കിയപ്പോൾ രണ്ടുപേർ ജീവനോടെ ഉണ്ടായിരുന്നു. തീപ്പൊള്ളലേറ്റ അവരുടെ സ്ഥിതി ഗുരുതരമായിരുന്നെങ്കിലു ജീവനുണ്ടായിരുന്നു. ഇവരെ അഗ്‌നിരക്ഷാസേന വന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ബാക്കിയുണ്ടായിരുന്ന 12 പേരും മരിച്ച നിലയിലായിരുന്നു, ശിവകുമാർ കൂട്ടിച്ചേർത്തു.

കോയമ്പത്തൂരിലെ സുലൂർ വ്യോമതാവളത്തിൽനിന്ന് ഊട്ടിക്കു സമീപം വെല്ലിങ്ടൺ കന്റോൺമെന്റിലേക്കുള്ള യാത്രയ്ക്കിടെ നീലഗിരിയിലെ കൂനൂരിലെ കാട്ടേരിയിലാണ് അപകടമുണ്ടായത്. ഉച്ചയ്ക്ക് 12.20 ഓടെയായിരുന്നു സംഭവം. സർക്കാർ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ബിപിൻ റാവത്തിന് പുറമെ അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയർ എൽ.എസ്. ലിഡ്ഡർ, ലെഫ്റ്റനന്റ് കേണൽ എച്ച്. സിങ്, വിങ് കമാൻഡർ പി.എസ്. ചൗഹാൻ, സ്‌ക്വാഡ്രൻ ലീഡർ കെ. സിങ്, ജെ.ഡബ്ല്യൂ.ഒ. ദാസ്, ജെ.ഡബ്ല്യൂ.ഒ. പ്രദീപ് എ., ഹവീൽദാർ സത്പാൽ, നായിക് ഗുർസേവക് സിങ്, നായിക് ജിതേന്ദർ, ലാൻസ് നായിക് വിവേക്, ലാൻസ്‌നായിക് എസ്. തേജ എന്നിവരാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്.

വെല്ലിങ്ടൺ കന്റോൺമെന്റിൽ ഒരു സെമിനാറിൽ പങ്കെടുക്കുന്നതിനാണ് സൈനികമേധാവി യാത്ര പുറപ്പെട്ടതെന്നാണ് റിപ്പോർട്ട്. വ്യോമസേനയുടെ എംഐ17വി5 എന്ന ഹെലികോപ്ടറിലാണ് ഇവർ സഞ്ചരിച്ചിരുന്നത്. കുനൂരിൽനിന്ന് വെല്ലിങ്ടൺ കന്റോൺമെന്റിലേക്കുള്ള യാത്രാമധ്യേ കോയമ്പത്തൂരിനും സുലൂരിനും ഇടയിൽ കാട്ടേരി പാർക്കിൽ ലാൻഡിങ്ങിന് ശ്രമിക്കുമ്പോഴായിരുന്നു അപകടം. ജനവാസ മേഖലയോട് ചേർന്ന് കുന്നിൽ ചെരിവാണ് ഈ മേഖല.

ബിപിൻ റാവത്തിന്റെയും കൂടെയുണ്ടായിരുന്നവരുടെയും മൃതദേഹങ്ങൾ വ്യാഴാഴ്ച ഡൽഹിയിൽ എത്തിക്കുമെന്ന് റിപ്പോർട്ട്. ശവസംസ്‌കാര ചടങ്ങുകൾ ഔദ്യോഗിക ബഹുമതികളോടെ വെള്ളിയാഴ്ച നടക്കും. ഡൽഹി കന്റോൺമെന്റിലാണ് അന്തിമ സംസ്‌കാരചടങ്ങുകൾ. വ്യാഴാഴ്ച വൈകിട്ടോടെ സൈനിക വിമാനത്തിൽ ഡൽഹിയിലെത്തിക്കുന്ന ബിപിൻ റാവത്തിന്റെയും ഭാര്യയുടെയും മൃതദേഹം വെള്ളിയാഴ്ച രാവിലെ 11 മുതൽ രണ്ടുമണി വരെ കാമരാജ് റോഡിലെ ഔദ്യോഗിക വസതിയിൽ പൊതുദർശനത്തിന് വെക്കും. ശേഷം വിലാപയാത്രയായി കന്റോൺമെന്റിലെത്തിച്ച് അന്തിമചടങ്ങുകൾ നടത്തും.

ബിപിൻ റാവത്തിന് പുറമെ അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയർ എൽ.എസ്. ലിഡ്ഡർ, ലെഫ്റ്റനന്റ് കേണൽ എച്ച്. സിങ്, വിങ് കമാൻഡർ പി.എസ്. ചൗഹാൻ, സ്‌ക്വാഡ്രൻ ലീഡർ കെ. സിങ്, ജെ.ഡബ്ല്യൂ.ഒ. ദാസ്, ജെ.ഡബ്ല്യൂ.ഒ. പ്രദീപ് എ., ഹവീൽദാർ സത്പാൽ, നായിക് ഗുർസേവക് സിങ്, നായിക് ജിതേന്ദർ, ലാൻസ് നായിക് വിവേക്, ലാൻസ്നായിക് എസ്. തേജ എന്നിവരാണ് മരിച്ചത്.

Leave a Reply