Thursday, July 29, 2021

വ്യവസായികൾക്കും രാഷ്ട്രീയ നേതാവിനും മാവോവാദി സംഘടനയുടെപേരിൽ വ്യാജ ഭീഷണിക്കത്തയച്ച രണ്ടുപേർ അറസ്റ്റിൽ

Must Read

കോഴിക്കോട്: പ്രമുഖ വ്യവസായികൾക്കും രാഷ്ട്രീയ നേതാവിനും മാവോവാദി സംഘടനയുടെപേരിൽ വ്യാജ ഭീഷണിക്കത്തയച്ച രണ്ടുപേർ അറസ്റ്റിൽ. പറോപ്പടി തച്ചംകോട് വീട്ടിൽ ഹബീബ് റഹ്മാൻ (46), കട്ടിപ്പാറ കളത്തിങ്ങൽ ഷാജഹാൻ (43) എന്നിവരെയാണ് ജില്ലാ ക്രൈംബ്രാഞ്ച് എ.സി.പി. ടി.പി ശ്രീജിത്തിന്റെ നേതൃത്വത്തിൽ സിറ്റി ക്രൈം സ്ക്വാഡും ജില്ലാ ക്രൈംബ്രാഞ്ചും ചേർന്ന് അറസ്റ്റുചെയ്തത്.

12-ന് തിങ്കളാഴ്ചയാണ് മാവോവാദി സംഘടനയുടെപേരിൽ പണം ആവശ്യപ്പെട്ടുള്ള ഭീഷണിക്കത്തുകൾ പരാതിക്കാർക്ക് ലഭിച്ചത്. തുടർന്ന് ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളേജ്, ടൗൺ പോലീസ് സ്റ്റേഷനുകളിലായി മൂന്നു കേസുകൾ രജിസ്റ്റർചെയ്യുകയായിരുന്നു. ഡി.സി.പി. സ്വപ്നിൽ മഹാജന്റെ കീഴിൽ ഡിസ്ട്രിക്റ്റ് ക്രൈംബ്രാഞ്ച് അസിസ്റ്റൻറ് കമ്മിഷണർ ടി.പി. ശ്രീജിത്തും ആൻറി നക്സൽ സ്ക്വാഡും രഹസ്യാന്വേഷണത്തിൽ കത്ത് വ്യാജമാണെന്ന് തിരിച്ചറിഞ്ഞു. തുടർന്ന് മെഡിക്കൽ കോളേജ് എ.സി.പി. കെ. സുദർശന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും ഡിസ്ട്രിക്റ്റ് ക്രൈംബ്രാഞ്ചും ചേർന്ന് അന്വേഷണം ആരംഭിച്ചു. വയനാട്ടിൽനിന്നാണ് കത്ത് പോസ്റ്റുചെയ്തതെന്നും പോലീസിന് വിവരം കിട്ടി.

തുടർന്ന് സമീപപ്രദേശങ്ങളിലെ സി.സി.ടി.വി. ദൃശ്യങ്ങളിൽനിന്ന് ഇവർ സഞ്ചരിച്ച വാഹനം തിരിച്ചറിഞ്ഞു. തുടർന്ന് വാഹന ഉടമയെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

ഇതിനിടെ ഷാജഹാൻ വാഹനവുമായി ഗോവയിലേക്ക് കടന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചു. അന്വേഷണം പിന്നീട് ഹബീബ് റഹ്മാനിലേക്ക് നീങ്ങി. തുടർന്ന് ഇയാളെ സിവിൽ സ്റ്റേഷനടുത്തുവെച്ച് കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തുകയും ഷാജഹാനെ വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. കത്ത് പോസ്റ്റ് ചെയ്യാൻ ഇവർ സഞ്ചരിച്ച ആഡംബര വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു.

കൺസ്ട്രക്ഷൻ മേഖലയിൽ വന്നിട്ടുള്ള വൻ സാമ്പത്തിക ബുദ്ധിമുട്ടുകൾ തരണംചെയ്യുന്നതിനായി ഉയർന്ന സാമ്പത്തിക നിലവാരമുള്ള വ്യക്തികൾക്ക് മാവോവാദി സംഘടനകളുടെ പേരിൽ വ്യാജ ഭീഷണിക്കത്തുകൾ അയച്ച് പണം സമ്പാദിക്കുകയായിരുന്നു ലക്ഷ്യമെന്ന് ഇവർ ചോദ്യംചെയ്യലിൽ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.

ഹബീബ് റഹ്മാനാണ് ഗൂഗിളിൽ സെർച്ച് ചെയ്ത് മാവോവാദി പോസ്റ്ററുകളുടെ രീതി മനസ്സിലാക്കിയശേഷം മലാപ്പറമ്പ് ഹൗസിങ് കോളനിയിലെ ഹബീബിന്റെ ഓഫീസിൽവെച്ച് നാലു കത്തുകളും സ്വന്തം കൈപ്പടയിൽ തയ്യാറാക്കിയത്. ഇതിനായി ബന്ധുവായ ഷാജഹാനെ കൂട്ടുപിടിക്കുകയായിരുന്നു. കത്തുകൾ പോസ്റ്റുചെയ്തത് ഷാജഹാനായിരുന്നു. മുൻകൂട്ടി നിശ്ചയിച്ചതുപ്രകാരം ഹബീബും ഷാജഹാനും താമരശ്ശേരിയിൽവെച്ച് കണ്ടുമുട്ടി. കോഴിക്കോട്ടുനിന്ന് സ്വന്തം സ്വിഫ്റ്റ് കാറിലാണ് ഹബീബ് താമരശ്ശേരിയിൽ എത്തിയത്. അവിടെനിന്ന് പോലീസിനെ കബളിപ്പിക്കാനായി ബെൻസ് കാറിൽ യാത്രതുടരുകയും ശേഷം ചുണ്ടേൽ പോസ്റ്റ് ഓഫീസിൽചെന്ന് ഷാജഹാൻ കത്തുകൾ പോസ്റ്റുചെയ്യുകയും ചെയ്തു.

മൂന്ന് കത്തുകൾ കോഴിക്കോട് ജില്ലയിലെ വ്യവസായികൾക്കും ഒരു കത്ത് മലപ്പുറം ജില്ലയിലെ രാഷ്ട്രീയപ്രമുഖനുമായിരുന്നു. അങ്ങനെ നാലുപേരിൽനിന്നുമായി 11 കോടി രൂപയാണ് പ്രതികൾ ആവശ്യപ്പെട്ടത്.

പിടിയിലായ പ്രതികളെക്കുറിച്ചും ഇവർക്ക് മാവോവാദി ബന്ധമുണ്ടോയെന്നും അന്വേഷിക്കുമെന്ന് ഡി.സി.പി. പറഞ്ഞു. കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എം. ഷാലു, എ. പ്രശാന്ത് കുമാർ, ഷാഫി പറമ്പത്ത്, ശ്രീജിത്ത് പടിയാത്ത്, സുമേഷ് ആറോളി എന്നിവരെക്കൂടാതെ ഡി.സി.ബി.യിലെ സബ്‌ ഇൻസ്പെക്ടർമാരായ പി. അബ്ദുൾ അസീസ്, കെ.സി. നിർമലൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ വി. സൂരജ് കുമാർ എന്നിവരും ചേർന്നാണ് പ്രതികളെ പിടികൂടിയത്.

Leave a Reply

Latest News

നിലമ്പൂരിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ യുവാവിന് ഹോം ഗാര്‍ഡിന്റെ ക്രൂര മര്‍ദ്ദനം

നിലമ്പൂരിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ യുവാവിന് ഹോം ഗാര്‍ഡിന്റെ ക്രൂര മര്‍ദ്ദനം. ഹോം ഗാര്‍ഡ് സെയ്തലവിയാണ് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഹോം ഗാര്‍ഡിനെതിരെ...

More News