സൈന്യത്തില്‍ ജോലി വാഗ്‌ദാനം ചെയ്‌ത്‌ യുവാക്കളില്‍നിന്നു പണം തട്ടിയ രണ്ട്‌ പേര്‍ പിടിയില്‍

0

അമ്പലപ്പുഴ: സൈന്യത്തില്‍ ജോലി വാഗ്‌ദാനം ചെയ്‌ത്‌ യുവാക്കളില്‍നിന്നു പണം തട്ടിയ രണ്ട്‌ പേര്‍ പിടിയില്‍. എറണാകുളം കളമശേരി പോണേക്കര ഗായത്രി നിവാസില്‍ സന്തോഷ്‌ കുമാര്‍ (47), പത്തനംതിട്ട കുമ്പഴ വള്ളിപ്പറമ്പ്‌ വീട്ടില്‍ സിറിള്‍ (31) എന്നിവരാണ്‌ അറസ്‌റ്റിലായത്‌. ജോലി വാഗ്‌ദാനം നല്‍കി വിവിധ ജില്ലകളിലെ യുവാക്കളുടെ സര്‍ട്ടിഫിക്കറ്റുകളും ഫോട്ടോയും തിരിച്ചറിയല്‍ രേഖകളും വാങ്ങി വ്യാജ കോള്‍ ലെറ്റര്‍ അയച്ച്‌ ബംഗളുരു, യു.പി തുടങ്ങിയ സ്‌ഥലങ്ങളില്‍ താമസിപ്പിക്കും.
ഇവിടെ റിക്രൂട്ട്‌മെന്റിന്‌ സമാനമായ രീതിയില്‍ സര്‍ട്ടിഫിക്കേറ്റ്‌ വെരിഫിക്കേഷനും പരിശീലനവും നടത്തി തിരികെ നാട്ടിലേക്ക്‌ അയയ്‌ക്കുകയാണ്‌ ചെയ്യുന്നത്‌. ഔദ്യോഗിക അറിയിപ്പുകള്‍ മേല്‍വിലാസത്തില്‍ അറിയിക്കുമെന്ന ഉറപ്പും നല്‍കിയാണു തിരിച്ചയച്ചത്‌. പിന്നീട്‌ ഇവരെ ഫോണില്‍ ബന്ധപ്പെട്ടാല്‍ കിട്ടാറില്ല. സൈന്യത്തിലേക്ക്‌ ജോലി വാഗ്‌ദാനം ചെയ്‌ത്‌ അമ്പലപ്പുഴ, പുറക്കാട്‌ ഭാഗങ്ങളിലുള്ള പത്തോളം യുവാക്കളില്‍നിന്ന്‌ രണ്ട്‌ വര്‍ഷം മുമ്പ്‌ അഞ്ച്‌ ലക്ഷം രൂപ വീതം ഇരുവരും വാങ്ങിയിരുന്നു. കളമശേരിയിലുള്ള സന്തോഷിന്റെ വീട്ടില്‍വച്ചാണ്‌ സിറിള്‍ ഇവരുടെ സര്‍ട്ടിഫിക്കറ്റുകളും മറ്റും വാങ്ങി പണം ആവശ്യപ്പെട്ടത്‌. മേജറുടെ യൂണിഫോം ധരിച്ച്‌ സന്തോഷും ഉണ്ടായിരുന്നു. പട്ടാളത്തിലെ ഉന്നത ഉദ്യോഗസ്‌ഥനാണെന്നും റിക്രൂട്ട്‌മെന്റ്‌ കാര്യങ്ങള്‍ നോക്കുന്നത്‌ ഇദ്ദേഹം ആണെന്നും പറഞ്ഞാണ്‌ സന്തോഷിനെ പരിചയപ്പെടുത്തിയത്‌. തുടര്‍ന്ന്‌ സിറിള്‍ നല്‍കിയ അക്കൗണ്ടിലേക്ക്‌ ചെറുപ്പക്കാര്‍ പണം നിക്ഷേപിക്കുകയായിരുന്നു. രണ്ട്‌ വര്‍ഷം കഴിഞ്ഞിട്ടും ജോലിയോ പണമോ ലഭിക്കാതിരുന്നതോടെ അമ്പലപ്പുഴ പോലീസില്‍ പരാതി നല്‍കി.
അന്വേഷണത്തില്‍ സിറിള്‍ പാലക്കാടും സന്തോഷ്‌ ബംഗളുരുവിലും ഉണ്ടെന്ന്‌ വിവരം ലഭിച്ചതിനെത്തുടര്‍ന്ന്‌ അമ്പലപ്പുഴ ഡിവൈ.എസ്‌.പി: എസ്‌.ടി. സുരേഷ്‌ കുമാറിന്റെ നിര്‍ദേശ പ്രകാരം അന്വേഷണസംഘം രണ്ടായി തിരിഞ്ഞ്‌ എസ്‌.ഐ. ടോള്‍സണ്‍ പി.ജെയുടെ നേതൃത്വത്തില്‍ ഒരു സംഘം പാലക്കാട്ടേക്കും സി.ഐ: ദ്വിജേഷിന്റെ നേതൃത്വത്തിലുള്ള സംഘം ബംഗളരുവിലേക്കും പോയി. പ്രതികളെ ഒരേ സമയം രണ്ട്‌ സ്‌ഥലത്തുനിന്നും പിടികൂടുകയായിരുന്നു.
സന്തോഷിന്റെ പേരില്‍ 2005 മുതല്‍ സമാന തട്ടിപ്പിന്‌ നെയ്യാര്‍, കൊട്ടാരക്കര, ചവറ, കായംകുളം, കനകക്കുന്ന്‌, വെണ്‍മണി, ഹരിപ്പാട്‌ സ്‌റ്റേഷനുകളില്‍ കേസുണ്ട്‌. രണ്ട്‌ വര്‍ഷം മുന്‍പാണ്‌ സിറിള്‍ സന്തോഷിനൊപ്പം കൂടുന്നത്‌. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ്‌ ചെയ്‌തു.

Leave a Reply