രണ്ടര വയസ്സുകാരിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; 72 മണിക്കൂർ നിർണായകം

0

കൊച്ചി: തൃക്കാക്കര തെങ്ങോടിൽ പരിക്കുകളോടെ ആശുപത്രിയിൽ തുടരുന്ന രണ്ടര വയസ്സുകാരിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. എറണാകുളം ജില്ല ശിശുക്ഷേമ സമിതി വൈസ് പ്രസിഡന്‍റ് ഇന്ന് ആശുപത്രിയിലെത്തി കുഞ്ഞിന്‍റെ ആരോഗ്യനില ചോദിച്ചറിയും. കുട്ടിയ്ക്ക് ചികിത്സ വൈകിപ്പിച്ചതിൽ അമ്മയ്ക്കെതിരെ ഇന്നലെ പൊലീസ് കേസെടുത്തിരുന്നു. കുഞ്ഞിന്റെ സ൦രക്ഷണത്തിൽ വീഴ്ച വരുത്തിയതിനാണ് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസ്.

കുഞ്ഞിന് തലയ്ക്ക് ക്ഷതമേറ്റിട്ടുണ്ട്. ദേഹമാസകലം പൊള്ളലേറ്റ പാടുകളും വലതു കൈയ്ക്ക് ഒടിവുമുണ്ട്. വെന്റിലേറ്ററിലാണ് കുഞ്ഞുള്ളത്. കുഞ്ഞിന്റെ പരിക്കിനെ പറ്റി അമ്മയുടെയും അമ്മൂമ്മയുടെയും മൊഴിയിൽ വൈരുദ്ധ്യമുണ്ട്. കുട്ടിയ്ക്ക് ഹൈപ്പർ ആക്ടിവിറ്റി പ്രശ്നമെന്നാണ് അമ്മയുടെ മൊഴി. കളിക്കുന്നതിനിടെ സംഭവിച്ച പരിക്കാണെന്നും ഇവർ പറഞ്ഞു. എന്നാൽ കഴിഞ്ഞ ദിവസം പുറത്തുപോയപ്പോഴുണ്ടായ പരിക്കെന്നാണ് അമ്മൂമ്മയുടെ മൊഴി. രണ്ട് പേരും മൊഴികളിൽ ഉറച്ചുനിൽക്കുകയാണ്. പരിശോധിച്ച ഡോക്ടർമാർ രണ്ട് പേരുടെയും മൊഴികളിൽ അവിശ്വാസം രേഖപ്പെടുത്തി.

കുഞ്ഞിനേറ്റ പരിക്കിൽ ചിലതിന് ദിവസങ്ങളുടെ പഴക്കമുണ്ട്. കുഞ്ഞ് സ്വയം വരുത്തുന്ന പരിക്കുകളുടെ ലക്ഷണങ്ങളല്ല മുറിവുകൾക്കുള്ളത്. അമ്മയുടെ ബന്ധുക്കളുടെ മ൪ദ്ദനമാണോ പരിക്കിന്റെ കാരണമെന്ന് സ൦ശയം ഉയർന്നിരിക്കുന്നത്. അമ്മയുടെ സഹോദരിയെയും ഇവരുടെ ഭർത്താവിനെയും കേന്ദ്രീകരിച്ചാണ് നിലവിൽ പൊലീസ് അന്വേഷണം.

കുട്ടിയുടെ ആരോഗ്യനില അതീവഗുരുതരമായി തുടരുകയാണ്. അടുത്ത 72 മണിക്കൂർ നി൪ണായകമെന്നാണ് കുട്ടിയെ പരിചരിക്കുന്ന ഡോക്ട൪മാ൪ രാത്രി പരിശോധനയ്ക്ക് ശേഷം പറഞ്ഞത്. കുട്ടിക്ക് സാരമായി പരിക്കുണ്ടായിരുന്നുവെന്നും ആശുപത്രിയിലെത്തിച്ചതിന് പിന്നാലെ തന്നെ വെൻ്റിലേറ്ററിൽ പ്രവേശിപ്പിക്കേണ്ടി വന്നുവെന്നും ഡോക്ടർമാർ പറയുന്നു. കഴിഞ്ഞ രാത്രിയിൽ മാത്രമല്ല കഴിഞ്ഞ കുറച്ചധികം ദിവസമായി കുട്ടിക്ക് നിരന്തരം പരിക്കേറ്റിരുന്നുവെന്നുമാണ് ഡോക്ടർമാരുടെ നിഗമനം. കുട്ടിയുടെ ശരീരത്തിൽ പൊള്ളലേറ്റ പാടുകളുണ്ട്. രണ്ട് കൈയും ഒടിഞ്ഞ നിലയിലാണ്.

Leave a Reply