കര്‍ണാടകത്തില്‍ ഇരുപത്തിയാറുകാരനായ ബജ്‌റംഗ്‌ദള്‍ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

0

ശിവമൊഗ്ഗ: കര്‍ണാടകത്തില്‍ ഇരുപത്തിയാറുകാരനായ ബജ്‌റംഗ്‌ദള്‍ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. തുടര്‍ന്നുണ്ടായ പ്രതിഷേധ പ്രകടനങ്ങളില്‍ വ്യാപക അക്രമം. കൊലപാതകവുമായി ബന്ധപ്പെട്ട്‌ മൂന്നുപേര്‍ അറസ്‌റ്റില്‍. സംഭവത്തിനു ഹിജാബ്‌ വിവാദവുമായി ബന്ധമില്ലെന്ന്‌ പോലീസ്‌.
തയ്യല്‍ക്കാരനായ ഹര്‍ഷയെയാണ്‌ ശിവമൊഗ്ഗയില്‍ അജ്‌ഞാതസംഘം ഞായറാഴ്‌ച രാത്രി ഒന്‍പതോടെ കുത്തിപ്പരുക്കേല്‍പ്പിച്ചത്‌. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ്‌ മരണം. ഹര്‍ഷയ്‌ക്ക്‌ അക്രമിസംഘത്തെ അറിയാമായിരുന്നെന്നും പൂര്‍വ വൈരാഗ്യമാണ്‌ കൊലപാതകത്തിനു കാരണമെന്നുമാണ്‌ പോലീസ്‌ ഭാഷ്യം.
കൊലയ്‌ക്കു പിന്നാലെ ശിവമൊഗ്ഗയില്‍ കൊള്ളിവയ്‌പും നടന്നു. പ്രതിഷേധത്തിനിറങ്ങിയവര്‍ ഇന്നലെ കല്ലേറ്‌ നടത്തി. വാഹനങ്ങള്‍ക്കു തീയിട്ടു. കണ്ണീര്‍വാതകം പ്രയോഗിച്ചാണ്‌ ഒടുവില്‍ പോലീസ്‌ പ്രതിഷേധക്കാരെ പിരിച്ചുവിട്ടത്‌. ജനക്കൂട്ടം സംഘടിക്കുന്നതിന്‌ അധികൃതര്‍ വിലക്കും ഏര്‍പ്പെടുത്തി. സ്‌കൂളുകളും കോളജുകളും അടച്ചു. ശിവമൊഗ്ഗയില്‍ മാത്രം 1,200 പോലീസുകാരെ അധികമായി വിന്യസിച്ചു. ഇതിനിടെ, ഹര്‍ഷയുടെ മൃതദേഹവുമായുള്ള വിലാപയാത്രയില്‍ നൂറുകണക്കിനു ബജ്‌റംഗ്‌ദള്‍ പ്രവര്‍ത്തകര്‍ അണിനിരന്നു.
ജനങ്ങള്‍ ശാന്തരായിരിക്കണമെന്ന്‌ മുഖ്യമന്ത്രി ബസവരാജ്‌ ബൊമ്മൈ അഭ്യര്‍ഥിച്ചു. സംഭവത്തില്‍ മൂന്നുപേരെ അറസ്‌റ്റ്‌ ചെയ്‌തതായി സംസ്‌ഥാന ആഭ്യന്തരമന്ത്രി അരഗ ജ്‌ഞാനേന്ദ്ര വ്യക്‌തമാക്കി. കൊലയ്‌ക്കു പിന്നില്‍ അഞ്ചു പ്രതികളുണ്ടെന്നാണ്‌ പോലീസ്‌ അനുമാനം. ഇവരെപ്പറ്റി അന്വേഷിക്കുന്നുണ്ട്‌. കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിടാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
കൊലപാതകത്തിന്‌ ഹിജാബ്‌ വിവാദവുമായി ബന്ധമില്ലെന്നാണു പോലീസ്‌ഭാഷ്യമെങ്കിലും സംസ്‌ഥാന ഗ്രാമവികസനമന്ത്രി കെ.എസ്‌. ഈശ്വരപ്പ ഇതിനു കടകവിരുദ്ധമായ പ്രതികരണമാണു നടത്തിയത്‌. ഹര്‍ഷയെ വധിച്ചത്‌ മുസ്ലിം ഗുണ്ടകളാണെന്ന്‌ ഈശ്വരപ്പ പറഞ്ഞു.
സംസ്‌ഥാന കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ ഡി.കെ. ശിവകുമാര്‍ അടുത്തിടെ നടത്തിയ പ്രസ്‌താവനകളാണു കൊലപാതകത്തിനു വഴിമരുന്നിട്ടത്‌. ദേശീയപതാക കാവിക്കൊടിക്കു വഴിമാറുമെന്ന്‌ ശിവകുമാര്‍ അടുത്തിടെ അവകാശപ്പെട്ടിരുന്നു. ഹിജാബ്‌വിരുദ്ധ പ്രക്ഷോഭത്തിനായി സൂറത്തിലെ ഫാക്‌ടറിയില്‍ 50 ലക്ഷം കാവിഷോളുകള്‍ ഓര്‍ഡര്‍ ചെയ്‌തു കഴിഞ്ഞെന്നുമുള്ള ശിവകുമാറിന്റെ പ്രസ്‌താവനയ്‌ക്കു പിന്നാലെ അക്രമസംഭവങ്ങള്‍ പെരുകിയെന്നും മന്ത്രി ആരോപിച്ചു. ഭ്രാന്തന്റെ പ്രതികരണമെന്നായിരുന്നു ഇതിനു ശിവകുമാറിന്റെ മറുപടി.

Leave a Reply