കണ്ടെയ്നറില്‍ കൊണ്ടുപോവുകയായിരുന്ന 20 സ്‌കൂട്ടറുകള്‍ കത്തിനശിച്ചു

0

മുംബൈ: കണ്ടെയ്‌നറില്‍ കൊണ്ടുപോവുകയായിരുന്ന 20 വൈദ്യുത സ്‌കൂട്ടറുകള്‍ കത്തിനശിച്ചു. 40 സ്‌കൂട്ടറുകളുമായി പോയ കണ്ടെയ്‌നറിനുള്ളിലാണ് തീപിടിച്ചത്. ജിതേന്ദ്ര ഇവി എന്ന കമ്പനിയുടേതാണ് സ്‌കൂട്ടറുകള്‍. ഏപ്രില്‍ ഒന്‍പതിനാണ് സംഭവം നടന്നത്. നാസിക്കിലെ ഫാക്ടറിയില്‍ നിന്നുള്ള സ്‌കൂട്ടറുകള്‍ കണ്ടെയ്‌നറില്‍ മറ്റൊരിടത്തേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് അപകടമുണ്ടായത്.

കണ്ടെയ്‌നറിനകത്ത് നിന്ന് പുകവന്നതോടെ റോഡിന്റെ വശത്ത് നിര്‍ത്തിയിട്ട് പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് തീപിടിച്ച വിവരം മനസ്സിലായത്. കണ്ടെയ്‌നറിന്റെ മുകള്‍ഭാഗത്ത് സൂക്ഷിച്ചിരുന്ന 20 സ്‌കൂട്ടറുകള്‍ക്കാണ് തീപിടിച്ചത്. അഗ്നിസുരക്ഷാ സേനയെത്തി തീയണയ്ക്കുകയായിരുന്നു. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

വൈദ്യുത സ്‌കൂട്ടറിന് തീപിടിക്കുന്നസംഭവം അടുത്തിടെ കൂടിവരികയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ഇത്തരത്തില്‍ മൂന്നുസംഭവങ്ങളാണ് ചെന്നൈയിലുണ്ടായത്. കഴിഞ്ഞാഴ്ച പുനെയില്‍ ലോഹെഗാവ് പ്രദേശത്ത് നിര്‍ത്തിയിട്ടിരുന്ന ഓല എസ്1 പ്രോ സ്‌കൂട്ടറിന് തീപിടിച്ചിരുന്നു.

പൂനെയില്‍ നടന്ന തീപിടിത്തത്തെക്കുറിച്ച് അറിഞ്ഞെന്നും എന്താണ് സംഭവിച്ചതെന്ന് മനസിലാക്കിയതിന് ശേഷം കൂടുതല്‍ വിവരങ്ങള്‍ പങ്കുവയ്ക്കാമെന്നുമാണ് കമ്പനി അറിയിക്കുന്നത്. കൂടാതെ വാഹനത്തിന്റെ ഉടമയുമായി ബന്ധപ്പെട്ടെന്നും അദ്ദേഹം സുരക്ഷിതനാണെന്നും ഒല പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here