മാവേലിക്കര ∙ വയോധികയായ വീട്ടമ്മയ്ക്കു പരുക്കേറ്റതു ഹോം നഴ്സിന്റെ മർദനം മൂലമെന്നു 20 ദിവസത്തിനു ശേഷം കണ്ടെത്തി.
ഹോം നഴ്സിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചെട്ടികുളങ്ങര കൈതവടക്ക് കളീക്കൽ വിജയമ്മയെ (78) മർദിച്ചതിനു ഹോം നഴ്സായ ഇടുക്കി കട്ടപ്പന മത്തായിപ്പാറ ചെമ്പനാൽ ഫിലോമിനയെ (55) യാണു പൊലീസ് അറസ്റ്റ് ചെയ്തത്.
വിജയമ്മയ്ക്ക് വീണു പരുക്കേറ്റതായി ഫിലോമിന കഴിഞ്ഞ ഫെബ്രുവരി 20നു വിജയമ്മയുടെ മകനെ അറിയിച്ചു. തുടർന്നു വിജയമ്മയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തുടയെല്ല് പൊട്ടിയിട്ടുണ്ടെന്നും പരുക്ക് വീണുണ്ടായതല്ലെന്നും ആശുപത്രി അധികൃതർ സൂചിപ്പിച്ചതിനെ തുടർന്നു വിജയമ്മയുടെ മകനും ഭാര്യയും വീട്ടിലെ ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണു ഫിലോമിന വടി കൊണ്ടു അടിക്കുന്നതും കുത്തുന്നതും കണ്ടെത്തിയത്.
ഫിലോമിന കമ്പ് കൊണ്ടു മാലിന്യമെടുത്തു വിജയമ്മയുടെ വായിലേക്ക് വയ്ക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ക്യാമറ ദൃശ്യങ്ങൾ സഹിതം ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
English summary
Twenty days later, it was discovered that the elderly housewife’s injury was due to abuse by a home nurse