കുഴല്‍മന്ദം അപകടം: ഡ്രൈവര്‍ പകതീര്‍ത്തതെന്ന് ആക്ഷേപം; പരാതി നല്‍കാന്‍ കുടുംബം

0

പാലക്കാട്: കുഴൽമന്ദത്ത് രണ്ടു യുവാക്കളുടെ മരണത്തിനിടയാക്കിയ അപകടത്തിൽ കെഎസ്ആർടിസി ഡ്രൈവർ പകതീർത്തതെന്ന് ആക്ഷേപം. അപകടം കരുതിക്കൂട്ടിയുള്ളതാണെന്നാരോപിച്ച് അപകടത്തിൽ മരിച്ച കാസർകോട് സ്വദേശി സബിത്തിന്റെ സഹോദരൻ ശരത് ആണ് രംഗത്തുവന്നത്. യാത്രയ്ക്കിടെ വഴിയിൽവെച്ച് ബസ് ഡ്രൈവറും യുവാക്കളും തമ്മിൽ തർക്കമുണ്ടായെന്നും ഇതിലെ പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് ആരോപണം. വിഷയത്തിൽ പരാതി നൽകാനാണ് ബന്ധുക്കളുടെ തീരുമാനം.

വഴിയിൽവെച്ച് തർക്കമുണ്ടായിരുന്നുവെന്ന് ബസിലെ യാത്രക്കാരും വഴിയിലുണ്ടായിരുന്നവരും പറഞ്ഞിരുന്നു. ആദ്യം കേസെടുത്തത് ലോറി ഡ്രൈവർക്കെതിരെയായിരുന്നു. എന്നാൽ അപകടത്തിൻറെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ബസിന് ഇടത്തേക്ക് ചേർന്ന് പോകാൻ സ്ഥലമുണ്ടായിട്ടും മനഃപൂർവം യുവാക്കളെ ലോറിക്കും ബസിനും ഇടയിൽ ഞെരിച്ച് അപകടമുണ്ടാക്കിയതാണെന്ന് വ്യക്തമായത്.

അപകടത്തിൽപ്പെട്ട വാഹനങ്ങളുടെ പിന്നിലുണ്ടായിരുന്ന ഒരു കാറിലെ ഡാഷ്കാമറയിലാണ് അപകട ദൃശ്യങ്ങൾ പതിഞ്ഞിരുന്നത്. പാലക്കാട് കാവിശ്ശേരി സ്വദേശി ആദർശ് മോഹൻ, കാസർകോട് സ്വദേശി സാബിത്ത് എന്നിവരാണ് അപകടത്തിൽ മരിച്ചത്.

വടക്കാഞ്ചേരി ഓപ്പറേറ്റിങ് സെന്ററിലെ ഡ്രൈവറായ തൃശൂർ പട്ടിക്കാട് സ്വദേശി സിഎൽ ഔസേപ്പിനെ മനപൂർവ്വമല്ലാത്ത നരഹത്യക്ക് കേസെടുത്ത് അറസ്റ്റ് ചെയ്തിരുന്നു. അപകടത്തിന്റെ ദൃശ്യങ്ങൾ മാധ്യമങ്ങളിൽ വന്നതിനെ തുടർന്ന് കെഎസ്ആർടിസി അന്വേഷണം പ്രഖ്യാപിച്ചിരുന്നു. അന്വേഷണത്തിൽ ഡ്രൈവറുടെ വീഴ്ചയാണെന്നും ഡ്രൈവർ വലത്തോട്ട് ബസ് വെട്ടിച്ചതുകൊണ്ട് മാത്രമാണ് അപകടമുണ്ടായതെന്നും കണ്ടെത്തുകയായിരുന്നു.

ഫെബ്രുവരി ഏഴിനായിരുന്നു പാലക്കാടുനിന്ന് എറണാകുളത്തേക്ക് സർവീസ് നടത്തിയ കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ട് ബൈക്ക് യാത്രക്കാരായ യുവാക്കൾ മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഡ്രൈവർക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി ആക്ഷേപം ഉയർന്നിരുന്നു. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച ഇയാളെ കെഎസ്ആർടിസി സസ്പെൻഡ് ചെയ്തിരുന്നു

Leave a Reply