ട്രിവാന്‍ഡ്രം ടെന്നീസ്‌ ക്ലബിന്‌ പാട്ടക്കുടിശിക 31.5 കോടി , സമ്പന്നരുടെ വിഹാരകേന്ദ്രം, വരുമാനം കോടികള്‍

0

തിരുവനന്തപുരം : അതിസമ്പന്നരുടെ വിഹാരകേന്ദ്രം, വരുമാനം കോടികള്‍. പക്ഷേ സര്‍ക്കാരിന്‌ കൊടുക്കാനുള്ളത്‌ കൊടുക്കില്ല. ട്രിവാന്‍ഡ്രം ടെന്നീസ്‌ ക്ലബ്ലിനാണ്‌ ഈ വാശി. ടെന്നീസ്‌ ക്ലബ്ബിന്റെ കൈവശമുള്ള 4.27 ഏക്കര്‍ ഭൂമിയുടെ പാട്ടക്കുടിശിക 31.5 കോടി രൂപയായതോടെയാണ്‌ സര്‍ക്കാര്‍ ഇടപെടല്‍. ബുധനാഴ്‌ചയ്‌ക്കു മുമ്പ്‌ തുക അടയ്‌ക്ക്‌ ജില്ലാ ഭരണകൂടം നോട്ടീസ്‌ നല്‍കി.
പാട്ടക്കുടിശിക അടച്ചില്ലെങ്കില്‍ ടെന്നീസ്‌ ക്ലബ്ബ്‌ ഏറ്റെടുക്കുമെന്ന്‌ പിണറായി സര്‍ക്കാര്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പാട്ടക്കുടിശ്ശിക തുകയുടെ 0.2 ശതമാനം മാത്രം ഈടാക്കിക്കൊണ്ട്‌ പാട്ടം പുതുക്കി നല്‍കാന്‍ മുന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തീരുമാനിച്ചിരുന്നതിനാല്‍ ഈ തീരുമാനം വൈകിപ്പിക്കുകയായിരുന്നു. പിന്നീട്‌, അഡീഷണല്‍ ചീഫ്‌ സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ മുന്‍ സര്‍ക്കാരിന്റെ തീരുമാനം റദ്ദാക്കി ക്ലബ്ബ്‌ ഏറ്റെടുക്കുന്നത്‌ ഉള്‍പ്പെടെയുള്ള തീരുമാനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടു പോയി. പാട്ടക്കുടിശിക തിരിച്ചടയ്‌ക്കാത്ത സാഹചര്യത്തില്‍ ക്ലബ്ബ്‌ ഏറ്റെടുക്കണമെന്ന്‌ കഴിഞ്ഞ ജൂലൈയില്‍ റവന്യൂ വകുപ്പാണ്‌ മുഖ്യമന്ത്രിയോട്‌ നിര്‍ദേശിച്ചത്‌. തുടര്‍ന്ന്‌ ഇത്‌ മന്ത്രിസഭ യോഗത്തിന്റെ പരിഗണനയില്‍ വരികയായിരുന്നു.
തിരുവനന്തപുരം കവടിയാര്‍ കൊട്ടാരത്തിനു സമീപമാണു നാല്‌ ഏക്കര്‍ 27 സെന്റ്‌ സ്‌ഥലത്തായി ടെന്നീസ്‌ ക്ലബ്ബ്‌ സ്‌ഥിതിചെയ്യുന്നത്‌. സര്‍ക്കാരില്‍നിന്നും പാട്ടത്തിനെടുത്താണ്‌ ഈ ക്ലബ്ബ്‌ നടത്തുന്നത്‌. ദീര്‍ഘകാലമായി പാട്ടത്തുക അടയ്‌ക്കാത്തതിനാലാണ്‌ ഇത്രയും ഭീമമായ തുക കുടിശികയായത്‌. ടെന്നീസ്‌ ക്ലബ്ലില്‍ അംഗങ്ങളായ മുന്‍ ചീഫ്‌ സെക്രട്ടറിമാര്‍ ക്ലബിന്റെ 11 കോടി ഉണ്ടായിരുന്ന കുടിശിക ഒരു കോടിയാക്കി കുറയ്‌ക്കാന്‍ നേരത്തേ ശ്രമം നടത്തിയതു വിവാദമായതോടെ ഈ നീക്കം സര്‍ക്കാര്‍ തടഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here