ഓൺലൈൻ പഠനത്തിന് റെയ്ഞ്ച് തേടി ആദിവാസിക്കുട്ടികൾ ഇനി മരത്തിനു മുകളിൽ കയറേണ്ട. ഇവർക്ക് ആശ്വാസമായി പട്ടികവർഗ വികസന വകുപ്പ് ഊരുകളിൽ ഹൈസ്പീഡ് ഇന്റർനെറ്റ് സംവിധാനം സ്ഥാപിക്കുന്നു

0

പാലോട്: ഓൺലൈൻ പഠനത്തിന് റെയ്ഞ്ച് തേടി ആദിവാസിക്കുട്ടികൾ ഇനി മരത്തിനു മുകളിൽ കയറേണ്ട. ഇവർക്ക് ആശ്വാസമായി പട്ടികവർഗ വികസന വകുപ്പ് ഊരുകളിൽ ഹൈസ്പീഡ് ഇന്റർനെറ്റ് സംവിധാനം സ്ഥാപിക്കുന്നു. ജില്ലയിലെ ആദിവാസി ഊരുകൾ, ഉൾവനപ്രദേശങ്ങൾ, ടവറുകളുണ്ടായിട്ടും റെയ്ഞ്ചില്ലാത്ത സ്ഥലങ്ങൾ എന്നിവിടങ്ങളിലാണ് പട്ടികവർഗ വകുപ്പ് ബി.എസ്.എൻ.എല്ലിന്റെ സഹായത്തോടെ ഹൈസ്പീഡ് ഇന്റർനെറ്റ് കണക്ഷൻ സാധ്യമാക്കുന്നത്. ഇതിന്റെ ആദ്യഘട്ടം പെരിങ്ങമ്മല പഞ്ചായത്തിലെ ഏറ്റവും വലിയ ആദിവാസി ഊരായ ഇലഞ്ചിയത്ത് പ്രവർത്തനമാരംഭിച്ചു.

വനമേഖലയിൽ ഫോണിന്റെ റെയ്ഞ്ച് തേടി പാറപ്പുറത്തും മരത്തിനു മുകളിലും കയറിയിരുന്ന് പഠിക്കുന്ന കുട്ടികളുടെ ദുരിതക്കാഴ്ചകളെക്കുറിച്ച്‌ മാതൃഭൂമി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. അന്നുതന്നെ വകുപ്പുമന്ത്രിയും സ്ഥലം എം.എൽ.എ.യും ഈ വിഷയത്തിൽ ഇടപെടുകയും പരിഹാരമാർഗങ്ങൾ ആരായുകയും ചെയ്തിരുന്നു.

ഓരോ ഊരിലെയും എട്ടും പത്തും കുട്ടികൾ ഒരുമിച്ചുചേർന്നാണ് പാറപ്പുറത്തും മലമുകളിലും റെയ്ഞ്ചുതേടി പോയിരുന്നത്. ഇത് മിക്കപ്പോഴും വന്യമൃഗങ്ങളുടെ ആക്രമണത്തിനും പെൺകുട്ടികളുടെ സുരക്ഷിതത്വത്തിനും വലിയ വെല്ലുവിളി ഉയർത്തിയിരുന്നു.

പെരിങ്ങമ്മല പഞ്ചായത്തിലെ വിട്ടിക്കാവ്, ഞാറനീലി, ചെന്നല്ലിമൂട്, ഈട്ടിമൂട്, കൊമ്പിരാംകല്ല്, ചെമ്പിക്കുന്ന്, അല്ലത്താര, വിതുര പഞ്ചായത്തിലെ കല്ലങ്കുടി, തച്ചരുകാല, തലത്തൂതക്കാവ്, കുറ്റിച്ചൽ പഞ്ചായത്തിലെ പാങ്കാവ്, പൊത്തോട്, ചോനാംപാറ, വാലിപ്പാറ, മണ്ണാംകോണം, പൊടിയം എന്നിവിടങ്ങളിലാണ് ഏറ്റവുമധികം കുട്ടികൾ ഫോൺ റെയ്ഞ്ചില്ലാതെ ദുരിതമനുഭവിച്ചിരുന്നത്.

പുതിയ പദ്ധതിയിലൂടെ ആദിവാസിമേഖലകളിലെ വിദ്യാർഥികൾക്ക് ഓൺലൈൻ പഠനത്തിന് ആവശ്യമായ ഹൈസ്പീഡ് ഇന്റർനെറ്റ് കണക്ടിവിറ്റി ലഭ്യമായി. നന്ദിയോട്, വിതുര, ആര്യനാട്, അമ്പൂരി, കുറ്റിച്ചൽ എന്നീ ഗ്രാമപ്പഞ്ചായത്തുകളിലെ 29 പട്ടികവർഗ സങ്കേതങ്ങളിൽ ഹൈസ്പീഡ് ഇന്റർനെറ്റ് കണക്ടിവിറ്റി രണ്ടു ഘട്ടങ്ങളിലായി ലഭ്യമാക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതർ.

Leave a Reply