Wednesday, December 1, 2021

സ്‌കൂള്‍ തുറക്കുന്നതു കണക്കിലെടുത്ത്‌ വിദ്യാര്‍ഥികളുടെ സുരക്ഷിത യാത്രയ്‌ക്കുള്ള മുന്നൊരുക്കം പൂര്‍ത്തിയായെന്നു ഗതാഗതമന്ത്രി ആന്റണി രാജു

Must Read

തിരുവനന്തപുരം : അടുത്തമാസം ഒന്നിനു സ്‌കൂള്‍ തുറക്കുന്നതു കണക്കിലെടുത്ത്‌ വിദ്യാര്‍ഥികളുടെ സുരക്ഷിത യാത്രയ്‌ക്കുള്ള മുന്നൊരുക്കം പൂര്‍ത്തിയായെന്നു ഗതാഗതമന്ത്രി ആന്റണി രാജു. സ്‌കൂള്‍ അധികൃതരും ബസ്‌ ജീവനക്കാരും കുട്ടികളും പാലിക്കേണ്ട പെരുമാറ്റ രീതികളെക്കുറിച്ച്‌ രാജ്യത്ത്‌ ആദ്യമായി സ്‌റ്റുഡന്റ്‌സ്‌ ട്രാന്‍സ്‌പോര്‍ട്ട്‌ പ്രോട്ടോക്കോള്‍ സംസ്‌ഥാന ഗതാഗത വകുപ്പ്‌ തയാറാക്കി പ്രസിദ്ധീകരിച്ചതായും ചോദ്യങ്ങള്‍ക്കു മറുപടിയായി മന്ത്രി നിയമസഭയെ അറിയിച്ചു.
ബസിനുള്ളില്‍ തെര്‍മല്‍ സ്‌കാനര്‍, സാനിറ്റൈസര്‍ എന്നിവ കരുതുകയും ഡോര്‍ അറ്റന്‍ഡര്‍ കുട്ടികളുടെ ശരീരോഷ്‌മാവ്‌ പരിശോധിക്കുകയും കൈകള്‍ സാനിറ്റൈസ്‌ ചെയ്യുകയും വേണം. എല്ലാ കുട്ടികളും മാസ്‌ക്‌ ധരിച്ചിട്ടുണ്ടെന്നും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്നും ഉറപ്പു വരുത്തണം. ദിവസവും യാത്ര അവസാനിക്കുമ്പോള്‍ വാഹനം അണുനാശിനിയോ സോപ്പ്‌ ലായനിയോ ഉപയോഗിച്ച്‌ കഴുകി വൃത്തിയാക്കണെമന്നും മന്ത്രി പറഞ്ഞു. ദീര്‍ഘകാലമായി ഉപയോഗിക്കാതെ കിടക്കുന്ന സ്‌കൂള്‍ ബസുകള്‍ റിപ്പയര്‍ ചെയ്‌ത്‌ ഫിറ്റ്‌നസ്‌ പരിശോധനയും ട്രയല്‍ റണ്ണും സമയബന്ധിതമായി പൂര്‍ത്തിയാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്‌.
മോട്ടോര്‍ വാഹന വകുപ്പ്‌ ഉദ്യോഗസ്‌ഥര്‍ സ്‌കൂളുകളില്‍ നേരിട്ടെത്തിയാണ്‌ പരിശോധന നടത്തുന്നത്‌. ്രൈഡവര്‍മാര്‍ക്കും അറ്റന്‍ഡര്‍മാര്‍ക്കും നേരിട്ടും ഓണ്‍ലൈനായും പരിശീലനം നല്‍കും. വിദ്യാഭ്യാസ സ്‌ഥാപനങ്ങളുടെ വാഹനങ്ങള്‍ റിപ്പയര്‍ ചെയ്യാന്‍ കെ.എസ്‌.ആര്‍.ടി.സി. വര്‍ക്ക്‌ഷോപ്പുകളുടെ സൗകര്യം ഉപയോഗിക്കാമെന്നും മന്ത്രി പറഞ്ഞു. കെ.എസ്‌.ആര്‍.ടി.സിയുടെ ബോണ്ട്‌ സര്‍വീസുകള്‍ സ്‌കൂളുകള്‍ ആവശ്യപ്പെടുന്ന മുറയ്‌ക്ക്‌ ലഭ്യമാക്കും. ദൂരവും ട്രിപ്പുകളും പരിഗണിച്ച്‌ പ്രത്യേക നിരക്കിലായിരിക്കും സര്‍വീസ്‌. സ്‌കൂള്‍ ബസുകളേക്കാള്‍ കുറഞ്ഞ നിരക്കായിരിക്കുമെന്നും മന്ത്രി പറഞ്ഞു.
അടുത്ത മാസത്തോടെ കെ.എസ്‌.ആര്‍.ടി.സി. കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കും. വിദ്യാര്‍ഥികള്‍ക്ക്‌ നിലവിലുള്ള എല്ലാ ആനുകൂല്യങ്ങളും തുടര്‍ന്നും ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. തദ്ദേശസ്‌ഥാപനങ്ങളുടെ സഹകരണത്തോടെ കെ.എസ്‌.ആര്‍.ടി.സി. ആരംഭിക്കുന്ന ഗ്രാമവണ്ടി ഓടിത്തുടങ്ങുന്നതോടെ ഉള്‍പ്രദേശങ്ങളിലെ വിദ്യാര്‍ഥികളുടെ യാത്രാ പ്രശ്‌നം പരിഹരിക്കപ്പെടും. വിദ്യാര്‍ഥികളെ കയറ്റാന്‍ മടി കാണിക്കുന്ന സ്വകാര്യ ബസുകള്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്‌ടറുടെ നേതൃത്വത്തിലുള്ള സ്‌റ്റുഡന്റ്‌സ്‌ ട്രാവലിങ്‌ ഫെസിലിറ്റി കമ്മിറ്റിയും മോട്ടോര്‍ വാഹന വകുപ്പും വിഷയത്തില്‍ കര്‍ശനമായി ഇടപെടുമെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Latest News

പ്രളയത്തിൽ തകർന്നതിനാൽ ഭാരവാഹനങ്ങളുടെ പ്രവേശനം വിലക്കിയിരുന്ന പാലത്തിലൂടെ പോലീസ് ബസ് ഓടിച്ചു

കാഞ്ഞിരപ്പള്ളി: പ്രളയത്തിൽ തകർന്നതിനാൽ ഭാരവാഹനങ്ങളുടെ പ്രവേശനം വിലക്കിയിരുന്ന പാലത്തിലൂടെ പോലീസ് ബസ് ഓടിച്ചു. കാഞ്ഞിരപ്പള്ളി 26-ാം മൈലിലെ അപകടാവസ്ഥയിലുള്ള പാലത്തിലൂടെയാണ് പോലീസ് വാഹനം ഓടിച്ചത്. അയ്യപ്പഭക്തരും...

More News