നടി ആക്രമിക്കപ്പെട്ട കേസിൽ അതിജീവതയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു രംഗത്ത്

0

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ അതിജീവതയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു രംഗത്ത്. നടിയുടെ ഹർജിക്ക് പിന്നിൽ രാഷ്ട്രീയ ശക്തികളുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. എല്ലാം ബോധപൂര്‍വം കെട്ടിച്ചമച്ച ആരോപണമാണെന്നും കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുമ്പേ അതിനെതിരേ ആരോപണമുന്നയിക്കുന്നത് ബാലിശമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സമയത്ത് ഇത്തരം പരാതികള്‍ വരുന്നത് സംശയകരമാണെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ആ കേസിന്റെ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. അന്തിമ കുറ്റപത്രം നല്‍കിയിട്ടില്ല. മാത്രമല്ല, കേസിലെ പ്രതിയുടെ രാഷ്ട്രീയ പശ്ചാത്തലം എല്ലാവര്‍ക്കും അറിയുന്നതാണെന്നും അത് താൻ ആവര്‍ത്തിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കേസിന്റെ അന്വേഷണം പിണറായി വിജയന്‍ സര്‍ക്കാര്‍ സത്യസന്ധമായും നീതിയുക്തമായും നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നടിയുടെ ഹര്‍ജിയില്‍ പറയുന്ന കാര്യങ്ങള്‍ക്ക് വസ്തുതാപരമായ പിന്‍ബലമുണ്ടെന്ന് കരുതുന്നില്ല. അതിന് പിന്നില്‍ ഏതോ രാഷ്ട്രീയ ശക്തികളുണ്ടെന്നാണ് എന്റെ വിശ്വാസം. അല്ലെങ്കില്‍ ഇന്നലെ വരെ ഇല്ലാതിരുന്ന ആരോപണം, തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വേളയില്‍ എങ്ങനെ വന്നു. ഇതെല്ലാം ബോധപൂര്‍വം കെട്ടിച്ചമച്ച ആരോപണമാണ്. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുമ്പേ അതിനെതിരേ ആരോപണമുന്നയിക്കുന്നത് ബാലിശമാണ്. ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ മറ്റുചില താത്പര്യങ്ങള്‍ വെച്ച് ഇവരെ ആരോ ഉപയോഗിക്കുന്നതാണെന്നും ആന്റണി രാജു പറഞ്ഞു.
അതേസമയം നടിയെ ആക്രമിച്ച കേസില്‍ പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങള്‍ ബാലിശമാണെന്നും മന്ത്രി പ്രതികരിച്ചു. കേസിലെ പ്രതിയുടെ രാഷ്ട്രീയ പശ്ചാത്തലവും അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത സുഹൃത്തായ എം.എല്‍.എ. ഏത് പാര്‍ട്ടിയിലാണെന്നും അദ്ദേഹത്തിന്റെ രാഷ്ട്രീയ ചായ്‌വ് എന്താണെന്നും പൊതുസമൂഹത്തിന് നല്ല ബോധ്യമുണ്ട്. അങ്ങനെ ഒരാളെ ഇടതുപക്ഷം സഹായിക്കേണ്ട ആവശ്യമെന്താണ്. അയാളെ സഹായിക്കേണ്ട ബാധ്യത കോണ്‍ഗ്രസിനാണ്. ഇതിന്റെ പേരിലെങ്കിലും രണ്ട് വോട്ട് കിട്ടാനാണ് ശ്രമം. ഇങ്ങനെയുള്ള പ്രസ്താവനകളാണ് പ്രതിപക്ഷത്തെ ജനത്തില്‍നിന്ന് അകറ്റുന്നത്. അവര്‍ പാഠം പഠിക്കാന്‍ തയ്യാറായിട്ടില്ല. തൃക്കാക്കര ഉപതിരഞ്ഞെടുപ്പോടെ അവര്‍ പാഠം പഠിക്കുമെന്നും മന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here