Monday, July 26, 2021

കക്കാടംപൊയിലിൽ വിനോദസഞ്ചാരികളുടെ ഒഴുക്ക് തുടരുന്നു; ഇരുപതോളം ബൈക്കുകൾ തിരുവമ്പാടി പോലീസ് പിടിച്ചെടുത്തു

Must Read

തിരുവമ്പാടി: കൂടരഞ്ഞി ഗ്രാമപ്പഞ്ചായത്തിലെ കക്കാടംപൊയിലിൽ വിനോദസഞ്ചാരികളുടെ ഒഴുക്ക് തുടരുന്നു.

പഞ്ചായത്തിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലും വിനോദസഞ്ചാര കേന്ദ്രങ്ങളിൽ തിരക്കേറുകയാണ്. സമീപ ജില്ലകളിൽനിന്നടക്കം ബൈക്കുകളിലും കാറുകളിലുമായാണ് ആളുകളെത്തുന്നത്. കോവിഡ് നിയന്ത്രണം ലംഘിച്ചെത്തിയ വിനോദസഞ്ചാരികളുടെ ഇരുപതോളം ബൈക്കുകൾ തിരുവമ്പാടി പോലീസ് പിടിച്ചെടുത്തു കേസ് രജിസ്റ്റർ ചെയ്തു.

സർക്കിൾ ഇൻസ്പെക്ടർ കെ. സുമിത് കുമാർ, സി.പി.ഒ. മാരായ യു.വി. പ്രജീഷ്, ഷിനോജ് തുടങ്ങിയവർ ചേർന്നാണ് വാഹനങ്ങൾ കസ്റ്റഡിയിൽ എടുത്തത്. നിയമം ലംഘിക്കുന്നവരുടെ പേരിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സി.ഐ. അറിയിച്ചു.

രണ്ടാംതരംഗത്തിൽ മലയോര പഞ്ചായത്തുകളിൽ ഏറ്റവും കുറവ് കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത പഞ്ചായത്താണ് കൂടരഞ്ഞി. എന്നാൽ നിയന്ത്രണങ്ങളിൽ അയവ് വന്നതോടെ രോഗികളുടെ എണ്ണം വർധിക്കുകയാണ്. മൂന്ന് പേർക്ക് കഴിഞ്ഞ ദിവസം കോവിഡ് ഡെൽറ്റ വകഭേദം സ്ഥിരീകരിച്ചിരുന്നു.

രോഗവ്യാപന ഭീഷണിയെ തുടർന്ന് പഞ്ചായത്തിൽ റിസോർട്ട് പ്രവർത്തനങ്ങൾക്ക് നിയന്ത്രണം നിലനിൽക്കുകയാണെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഇൻ ചാർജ് മേരി തങ്കച്ചൻ അറിയിച്ചു. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പോലീസ് സഹായത്തോടെ പരിശോധന തുടരുമെന്ന് അവർ അറിയിച്ചു.

Leave a Reply

Latest News

ഓണക്കിറ്റിൽ അഴിമതി സി ബി ഐ അന്വേഷിക്കണം കരുവിള മാത്യൂസ്

തിരുവനന്തപുരം: സപ്ലെക്കോയുടെ ടെൻഡർ വ്യവസ്ഥകൾ കാറ്റിൽ പറത്തി സെൻട്രൽ വിജിലൻസ് കമ്മിഷൻ്റെ ഉത്തരവുകൾ ലംഘിച്ച് കഴിഞ്ഞ വർഷത്തെ ഓണക്കിറ്റിൽ ഭക്ഷ്യയോഗ്യമല്ലാത്ത പപ്പടം നൽകിയ വിവാദ കമ്പനിയായ...

More News