വിനോദ സഞ്ചാരമേഖലയില്‍ ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടായിട്ടുണ്ടെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്

0

 
തിരുവനന്തപുരം: വിനോദ സഞ്ചാരമേഖലയില്‍ ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടായിട്ടുണ്ടെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. വലിയ മുന്നേറ്റമാണുണ്ടായത്. ഈ വര്‍ഷം ആദ്യപാദത്തില്‍ 38 ലക്ഷം ആഭ്യന്തര വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ ടൂറിസം വകുപ്പിന് കഴിഞ്ഞു. 

കഴിഞ്ഞ വര്‍ഷ കാലയളവിനേക്കാള്‍ ഒറ്റയടിക്ക് 22 ലക്ഷം ടൂറിസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിച്ചു. 72.48 ശതമാനം വളര്‍ച്ച ടൂറിസം മേഖല കൈവരിച്ചു. 2022 ലെ ആദ്യപാദത്തില്‍ 8,11,426 ആഭ്യന്തര വിനോദസഞ്ചാരികള്‍ എത്തിയ എറണാകുളം ജില്ലയാണ് ടൂറിസ്റ്റുകളുടെ വരവില്‍ ഒന്നാമതായിട്ടുള്ളത്. 

6,09,033 പേര്‍ എത്തിയ തിരുവനന്തപുരമാണ് രണ്ടാമത്. ടൂറിസം വകുപ്പ് പ്രത്യേകം ശ്രദ്ധിച്ച ഇടുക്കിയും വയനാടും ആദ്യ അഞ്ചില്‍ ഇടംപിടിച്ചിട്ടുണ്ട്. ഇടുക്കിയില്‍ അഞ്ചു ലക്ഷത്തിലേറെയും വയനാടില്‍ മൂന്നുലക്ഷത്തിലേറെയും ടൂറിസ്റ്റുകളാണെത്തിയത്. ഈ വര്‍ഷത്തെ ആദ്യ മൂന്നുമാസങ്ങളില്‍ സഞ്ചാരികളുടെ എണ്ണത്തില്‍ 16 ലക്ഷത്തിന്റെ വര്‍ധനവുണ്ടായി എന്നും മന്ത്രി പറഞ്ഞു. 
കോവിഡ് മഹാമാരിയില്‍ നിന്നും കേരളം കരകയറിയതിന്റെ സൂചനയാണിത്. കോവിഡ് പോലുള്ള മറ്റു പ്രശ്‌നങ്ങള്‍ ഇനി ഉണ്ടാകാതിരുന്നാല്‍ ഈ വര്‍ഷം രണ്ടാം പാദം തന്നെ സംസ്ഥാനം ഇന്നുവരെ കാണാത്ത ഉയര്‍ന്ന ആഭ്യന്തര വിനോദസഞ്ചാരികളുടെ മറികടന്ന് സര്‍വകാല റെക്കോഡിലെത്തും. അഞ്ചു ജില്ലകളില്‍ അവ രൂപം കൊണ്ടശേഷം ഏറ്റവും അധികം ആഭ്യന്തര വിനോദസഞ്ചാരികളാണെത്തിയതെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. 
കോവിഡിന്റെ പ്രതിസന്ധി കുറയുന്ന മുറയ്ക്ക് ടൂറിസം മേഖലയെ കരകയറ്റാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്ത് വകുപ്പ് മുന്നോട്ടുപോയതിന്റെ ഫലമാണിത്. ആഭ്യന്തര സഞ്ചാരികളെ ഫോക്കസ് ചെയ്യാനാണ് പദ്ധതിയിട്ടത്. ഒരു ജില്ലയില്‍ നിന്നും മറ്റൊരു ജില്ലയിലേക്ക് ആകര്‍ഷിക്കുക, മറ്റു സംസ്ഥാനത്തു നിന്നും കേരളത്തിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുക, ഒരു ജില്ലയിലുള്ളവര്‍ ആ ജില്ലയില്‍ തന്നെ കാണാതെ പോയ ചരിത്രപ്രാധാന്യവും പ്രകൃതിരമണീയവുമായ സ്ഥലങ്ങള്‍ എക്‌പ്ലോര്‍ ചെയ്യിക്കുക, മാര്‍ക്കറ്റ് ചെയ്യുക എന്നിവയാണ്. 
ഇതിന്റെ ഭാഗമായി ഒന്നില്‍ കുറയാത്ത ഡെസ്റ്റിനേഷന്‍ സംബന്ധിച്ച പട്ടിക നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. ബഹുഭൂരിപക്ഷം തദ്ദേശസ്ഥാപനങ്ങളും പട്ടിക നല്‍കിയിട്ടുണ്ട്. ഡെസ്റ്റിനേഷന്‍ ചാലഞ്ച് ഉടൻ പ്രഖ്യാപിക്കും. തദ്ദേശ വകുപ്പുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുക. പദ്ധതി വഴി കൂടുതല്‍ സ്ഥലങ്ങള്‍ എക്‌സ്‌പ്ലോര്‍ ചെയ്യപ്പെടുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. 

LEAVE A REPLY

Please enter your comment!
Please enter your name here