പീഡനപരാതി : സ്‌കൂള്‍ഓഫ്‌ ഡ്രാമയിലെ അധ്യാപകന്‍ അറസ്‌റ്റില്‍

0

തൃശൂര്‍: കോഴിക്കോട്‌ സര്‍വകലാശാലയ്‌ക്കു കീഴിലുള്ള സ്‌കൂള്‍ ഓഫ്‌ ഡ്രാമയിലെ വിദ്യാര്‍ഥിനി നല്‍കിയ പീഡന പരാതിയില്‍ അസിസ്‌റ്റന്റ്‌ പ്രഫസര്‍ എസ്‌. സുനില്‍കുമാറിനെ വെസ്‌റ്റ് പോലീസ്‌ അറസ്‌റ്റ് ചെയ്‌തു.
കണ്ണൂരിലെ ഇദ്ദേഹത്തിന്റെ സുഹൃത്തിന്റെ വസതിയില്‍നിന്ന്‌ അറസ്‌റ്റ് ചെയ്‌തു കൊണ്ടുവരുമ്പോള്‍ സുനില്‍കുമാര്‍ കൈമുറിച്ച്‌ ആത്മഹത്യക്കു ശ്രമിച്ചു. കൈയില്‍ കരുതിയ ബ്ലേഡ്‌ ഉപയോഗിച്ച്‌ കൈ മുറിക്കുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ ചികിത്സ നല്‍കിയ ശേഷമാണ്‌ തൃശൂരിലേക്കു തിരിച്ചത്‌. നാലുദിവസമായി ഒളിവില്‍ കഴിയുകയായിരുന്നു.
പരാതിക്കാരിയെ വൈദ്യപരിശോധനയ്‌ക്ക് വിധേയയാക്കിയിരുന്നു. പെണ്‍കുട്ടിയുടെ രഹസ്യമൊഴി ജഡ്‌ജി രേഖപ്പെടുത്തിയ ശേഷമാണ്‌ അറസ്‌റ്റിലേക്കു നീങ്ങിയത്‌. സൗഹൃദം മുതലെടുത്ത്‌ സുനില്‍കുമാര്‍ പീഡത്തിനിരയാക്കിയെന്നാണു പെണ്‍കുട്ടിയുടെ പരാതി. വിദ്യാര്‍ഥിനികളോട്‌ മോശമായി പെരുമാറിയെന്നു നേരത്തെയും ആരോപണമുണ്ട്‌.
സുനില്‍കുമാറിനെ സര്‍വകലാശാല കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ്‌ ചെയ്‌തിരുന്നു. രണ്ട്‌ അധ്യാപകര്‍ക്കെതിരേയാണ്‌ പെണ്‍കുട്ടി ആരോപണമുന്നയിച്ചത്‌.
കേരള സര്‍വകലാശാലയില്‍നിന്ന്‌ വിസിറ്റിങ്‌ പ്രഫസറായി എത്തിയ അധ്യാപകന്‍ ഓറിയന്റേഷന്‍ ക്ലാസിനിടെ പെണ്‍കുട്ടിയോട്‌ മോശമായി പെരുമാറിയെന്നാണ്‌ ആദ്യ പരാതി. കോളജ്‌ ഡീനിനെയും വകുപ്പ്‌ മേധാവിയെയും നേരില്‍ കണ്ട്‌ പരാതി അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. പിന്നാലെ പെണ്‍കുട്ടിക്ക്‌ പിന്തുണയുമായി സുനില്‍കുമാര്‍ എത്തുകയായിരുന്നു. സൗഹൃദപൂര്‍വം സംസാരിച്ച ഇദ്ദേഹം പിന്നീട്‌ മദ്യപിച്ച്‌ ലൈംഗികച്ചുവയോടെ വിളിച്ച്‌ സംസാരിച്ചെന്നും കടുത്ത പ്രണയമാണെന്ന്‌ പറഞ്ഞ്‌ പീഡനത്തിനിരയാക്കിയെന്നുമാണു പരാതി. മാനസികസമ്മര്‍ദം സഹിക്കാനാവാതെ കഴിഞ്ഞ ഫെബ്രുവരി 13 ന്‌ പെണ്‍കുട്ടി ജീവനൊടുക്കാന്‍ ശ്രമിച്ചു. സ്‌കൂള്‍ ഓഫ്‌ ഡ്രാമയില്‍ വിദ്യാര്‍ഥികള്‍ അധ്യാപകരെ കോളജിനുള്ളില്‍ പൂട്ടിയിട്ടു സമരംചെയ്‌തതോടെയാണ്‌ വിവരം ജനശ്രദ്ധയിലെത്തിയത്‌. വിദ്യാര്‍ഥിനിയോട്‌ അപമര്യാദയായി പെരുമാറിയ അധ്യാപകനെതിരേ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ്‌ വിദ്യാര്‍ഥികള്‍ ഗേറ്റ്‌ പൂട്ടിയിട്ട്‌ സമരം നടത്തിയത്‌. പോലീസെത്തിയാണ്‌ അധ്യാപകരെ തുറന്നുവിട്ടത്‌.

Leave a Reply