ചെന്നൈ: അന്താരാഷ്ട്ര വിപണിയിൽ 10 ലക്ഷം രൂപ വിലമതിക്കുന്ന ആമയെ തമിഴ്നാട്ടിലെ മഹാബലിപുരത്തെ മുതല പാർക്കിൽ നിന്ന് കാണാതായി. ആൽഡാബ്ര ഇനത്തിൽപ്പെട്ട ഭീമൻ ആമയെയാണ് മദ്രാസ് ക്രോക്കഡൈൽ ബാങ്ക് ട്രസ്റ്റ് സെന്റർ ഫോർ ഹെർപ്പറ്റോളജിയിൽ നിന്നും കാണാതായത്. ലോകത്തിലെ ഏറ്റവും വലിയ ആമ ഇനങ്ങളിലൊന്നാണിത്. ആമ മോഷ്ടിക്കപ്പെട്ടതാണെന്നാണ് പോലീസിന്റെ നിഗമനം.
ഗാലപ്പഗോസ് ആമകൾക്ക് പിന്നിൽ വലിപ്പത്തിൽ രണ്ടാം സ്ഥാനത്താണ് ആൽഡാബ്ര ആമകൾ. 150 വർഷം വരെ ആയുസുള്ള ഇവയ്ക്ക് 1.5 മീറ്ററിലധികം നീളവും 200 കിലോഗ്രാം വരെ ഭാരവും ഉണ്ടാകും. ഭൂമിയിലെ ഏറ്റവും കൂടുതൽ ആയുർദൈർഘ്യമുള്ള ജീവിവർഗങ്ങളിലൊന്നാണ് ഈ ആമകൾ.
തമിഴ്നാട്ടിലെ പാർക്കിൽ നിന്ന് കാണാതായ ആമയ്ക്ക് 80-100 കിലോഗ്രാം ഭാരമുണ്ടാകാമെന്ന് പോലീസ് പറഞ്ഞു. ഇതിന് 50 വയസാണ് പ്രായം കണക്കാക്കുന്നത്. ശരീരഭാഗങ്ങൾ മരുന്നിനായി ഉപയോഗിക്കാൻ വേണ്ടിയായിരിക്കാം ആമയെ മോഷ്ടിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്.
ആറ് ആഴ്ച മുമ്പാണ് മോഷണം നടന്നതെങ്കിലും വാർത്ത ഇപ്പോഴാണ് പുറത്തുവിട്ടതെന്നാണ് വിവരം. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പാർക്കിനുള്ളിലുള്ളവർ അറിയാതെ മോഷണം നടക്കില്ലെന്നാണ് പോലീസ് പറയുന്നത്. പാർക്കിലെ ജീവനക്കാരെ ഉൾപ്പെടെ പോലീസ് ചോദ്യംചെയ്തു.
നവംബർ 11, 12 തീയതികളിൽ മോഷണം നടന്നതായാണ് സംശയക്കുന്നതെന്ന് പോലീസ് ഇൻസ്പെക്ടർ വേൽ മുരുകൻ പറഞ്ഞു. സംഭവത്തിന് പിന്നിൽ വ്യക്തമായ ആസൂത്രണം നടന്നിട്ടുണ്ടെന്നും മോഷ്ടാക്കൾ നിരീക്ഷണ ക്യാമറയിൽ കുടുങ്ങുന്നത് ഒഴിവാക്കാൻ ശ്രമം നടത്തിയെന്നും അദ്ദേഹം പറഞ്ഞു.
English summary
Tortoise worth Rs 10 lakh goes missing from crocodile park in Mahabalipuram, Tamil Nadu