നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിൽ കൂറുമാറാനിടയായ സാഹചര്യം 3 സാക്ഷികൾ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി

0

കൊച്ചി ∙ നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിൽ കൂറുമാറാനിടയായ സാഹചര്യം 3 സാക്ഷികൾ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. കള്ളസാക്ഷി പറഞ്ഞതിനു തങ്ങളെയും കേസിൽ പ്രതികളാക്കുമെന്നു ഭയന്നാണ് ഇതുവരെ ഇക്കാര്യം വെളിപ്പെടുത്താതിരുന്നതെന്നും ഇവർ ക്രൈംബ്രാഞ്ചിനെ അറിയിച്ചു.

ഇവരെ വീണ്ടും വിസ്തരിക്കാൻ വിചാരണക്കോടതിയിൽ അപേക്ഷ നൽകുന്നതാണോ മജിസ്ട്രേട്ട് മുൻപാകെ രഹസ്യമൊഴി രേഖപ്പെടുത്തിയശേഷം സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ച പ്രതിക്കെതിരെ കേസ് റജിസ്റ്റർ ചെയ്യുന്നതാണോ കൂടുതൽ ഫലപ്രദമെന്നറിയാൻ അന്വേഷണ സംഘം നിയമോപദേശം തേടി.

ഒരിക്കൽ വിസ്തരിച്ച സാക്ഷികളെ വീണ്ടും വിസ്തരിക്കുന്നതിൽ വിചാരണക്കോടതിയുടെ നിലപാട് അനുകൂലമല്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. 7 സാക്ഷികളെ വീണ്ടും വിസ്തരിക്കാനും 9 സാക്ഷികളെ പട്ടികയിൽ ചേർത്തു പുതുതായി വിസ്തരിക്കാനും പ്രോസിക്യൂഷൻ നൽകിയ അപേക്ഷയിൽ 4 പേരെ മാത്രം വിസ്തരിക്കാനുള്ള അനുമതിയാണു വിചാരണക്കോടതി നൽകിയത്. ഇതേ തുടർന്നു സ്പെഷൽ പ്രോസിക്യൂട്ടർ വി.എൻ.അനിൽകുമാർ കോടതി ബഹിഷ്കരിക്കുകയും തുടർന്ന് രാജി നൽകുകയും ചെയ്തു.

കേസിൽ ആലപ്പുഴ സ്വദേശിയായ പ്രോസിക്യൂഷൻ സാക്ഷി പ്രതിഭാഗം ചേരാൻ 5 ലക്ഷം രൂപ കൈപ്പറ്റിയതായും വീണ്ടും പണം ചോദിച്ചു പ്രതിഭാഗം അഭിഭാഷകനെ നേരിൽ കണ്ടതായും ബാലചന്ദ്രകുമാർ ഇന്നലെ ക്രൈംബ്രാഞ്ചിനു മൊഴി നൽകി. ഇതിനുള്ള തെളിവുകളും കൈമാറി.

Leave a Reply